25 -ാം വാര്‍ഷികത്തില്‍ കിടിലന്‍ ലുക്കുമായി ഹയാബൂസ

25 -ാം വാര്‍ഷികത്തില്‍ കിടിലന്‍ ലുക്കുമായി ഹയാബൂസ

ഗ്ലാസ് ഇനാമല്‍ എംബ്ലം പതിപ്പിച്ച ഇന്ധനടാങ്കോടെയാണ് പുതിയ മോഡല്‍ ഇറങ്ങുന്നത്

25 -ാം വാര്‍ഷികത്തില്‍ ഹയാബൂസയുടെ ഏറ്റവും പുതിയ മോഡല്‍ അവതരിപ്പിച്ച് സുസുക്കി. ഓറഞ്ചും കറുപ്പും ചേര്‍ന്ന ലുക്കിലാണ് ഹയാബൂസയുടെ പുത്തന്‍ മോഡലിന്റെ വരവ്. സുസുക്കിയുടെ 25 -ാം വാര്‍ഷികത്തിന്റെ ഗ്ലാസ് ഇനാമല്‍ എംബ്ലം പതിപ്പിച്ച ഇന്ധന ടാങ്കോടെയാണ് പുതിയ മോഡല്‍ ബൈക്ക് ഇറങ്ങുന്നത്.

ക്വിക്ക് ഷിഫ്റ്റോടു കൂടിയ ആറ് സ്പീഡ് ഗിയര്‍ബോക്സ് ആണ് വാഹനത്തിന്റെ കരുത്ത് വീലുകളിലേക്ക് എത്തിക്കുന്നത്

എന്‍ജിന്‍ ഓപ്ഷനില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇരുപത്തിയഞ്ചാം ആനിവേഴ്സറി പതിപ്പും സുസുക്കി പുറത്തിറക്കുന്നത്. 1340 സിസി ഇന്‍ ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 9700 ആര്‍ പി എമ്മില്‍ 187ബി എച്ച്പി കരുത്തും 7000 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ക്വിക്ക് ഷിഫ്റ്റോടു കൂടിയ ആറ് സ്പീഡ് ഗിയര്‍ബോക്സ് ആണ് വാഹനത്തിന്റെ കരുത്ത് വീലുകളിലേക്ക് എത്തിക്കുന്നത്.

BS6 സ്റ്റേജ് 2 വിലേക്ക് അപ്ഡേറ്റ് ചെയ്തതോടെ ഇന്ത്യയില്‍ 49,000 രൂപയുടെ വര്‍ധനവാണ് ഹയാബൂസയ്ക്ക് ഉണ്ടായിരിക്കുന്നത്. നിലവില്‍ രാജ്യത്ത് 16.90 ലക്ഷം രൂപയാണ് ഹയാബൂസയുടെ ഷോറൂം വില. ഇത് കൂടാതെ മറ്റ് രണ്ട് പുതിയ കളറുകള്‍ കൂടിയാണ് ഹയാബൂസയ്ക്ക് ലഭിച്ചിരിക്കുന്നത്. മെറ്റാലിക് തണ്ടര്‍ ഗ്രേ/കാന്‍ഡി ഡാറിംഗ് റെഡ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പര്‍ 2/ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ വിഗോര്‍ ബ്ലൂ/പേള്‍ ബ്രില്യന്റ് വൈറ്റ് തുടങ്ങിയ നിറങ്ങളോടെയാണ് ആഗോള വിപണിയില്‍ ഹയാബൂസ് ലഭ്യമാകുന്നത്.

ലോകമെമ്പാടും വലിയ ആരാധകരുള്ള ഹയാബൂസ സീരീസിന്റെ മുന്‍നിര മോഡലാണ് സുസുക്കി പുറത്തിറക്കുന്നതെന്ന് സുസുക്കി പ്രസിഡന്റ് തോഷിഹിരോ സുസുക്കി പറഞ്ഞു. 'ഏറ്റവും പുതിയ മോഡലിന്റെ പരീക്ഷണ ഓട്ടം നടത്തിക്കഴിഞ്ഞു. ഹയാബൂസയുടെ ഏറ്റവും നല്ല മോഡല്‍ വാഹനമാണ് സുസുക്കി ടീം അവതരിപ്പിക്കുന്നതെന്ന് ഏറെ അഭിമാനത്തോടെ ഞങ്ങള്‍ പറയുന്നു. ഹയാബൂസ പുതിയ മോഡലുകളുമായി യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. തുടര്‍ന്നും സ്നേഹവും പിന്തുണയുടെ അഭ്യര്‍ത്ഥിക്കുന്നു'- തോഷിഹിരോ പറഞ്ഞു.

logo
The Fourth
www.thefourthnews.in