'സൈബര്‍ ആക്രമണം'; സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയിലെ ഉത്പാദനം താത്കാലികമായി നിർത്തി

'സൈബര്‍ ആക്രമണം'; സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയിലെ ഉത്പാദനം താത്കാലികമായി നിർത്തി

മെയ് 10 മുതൽ രാജ്യത്തെ ഫാക്ടറിയിൽ ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയിലെ ഉത്പാദനം താത്കാലികമായി നിര്‍ത്തിവച്ചു. നിരന്തരമായി നേരിടുന്ന സൈബർ ആക്രമണത്തെ തുടർന്നാണ് തീരുമാനമെന്ന് ഓട്ടോ കാർ റിപ്പോർട്ട് ചെയ്യുന്നു. മെയ് 10 മുതൽ രാജ്യത്തെ ഫാക്ടറിയിൽ ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്. ഇക്കാലയളവിൽ ഈ 20,000-ലധികം വാഹനങ്ങളുടെ ഉത്പാദന നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്.

സെെബര്‍ ആക്രമണത്തെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

''സംഭവവുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പിന് ഉടൻ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ അന്വേഷണം നടക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ ഈ സമയത്ത് കൂടുതൽ വിശദാംശങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിയില്ല''- സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ വക്താവ് പറഞ്ഞു. സൈബ‍ർ ആക്രമണത്തിന്റെ ഉറവിടമോ ഉത്പാദനം എപ്പോൾ പുനഃരാരംഭിക്കുമെന്നോ വക്താവ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ അടുത്തയാഴ്ച പ്രവർത്തനം പുനഃരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്.

2006 ഫെബ്രുവരിയിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച സുസുക്കി മോട്ടോർസൈക്കിൾ, 2023 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ അഞ്ചാമത്തെ വലിയ ഇരുചക്രവാഹന നിർമാതാക്കളായിരുന്നു. ജപ്പാന് പുറത്ത് ഇരുചക്ര വാഹന നിർമാതാക്കളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. സുസുക്കി മോട്ടോർ ജപ്പാന്റെ ഒരു പ്രധാന കയറ്റുമതി കേന്ദ്രം കൂടിയാണിത്. സുസുക്കിയുടെ ആഗോള ഉത്പാദനം 2023 സാമ്പത്തിക വർഷത്തിൽ 2.2 ലക്ഷം യൂണിറ്റുകൾ വർധിച്ചു. ഇതില്‍ 85 ശതമാനവും ഇന്ത്യയിലാണ്.

ഉയർന്ന മത്സരമുള്ള ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ, സുസുക്കി മോട്ടോർസൈക്കിളിന് ഏകദേശം 5ശതമാനം വിപണി വിഹിതമുണ്ട്.

logo
The Fourth
www.thefourthnews.in