ലൈസൻസും രജിസ്ട്രേഷനും വേണ്ട, വില വെറും 55,555 രൂപ; ആദ്യ ഇ-സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ച് യുലു വിൻ

ലൈസൻസും രജിസ്ട്രേഷനും വേണ്ട, വില വെറും 55,555 രൂപ; ആദ്യ ഇ-സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ച് യുലു വിൻ

ആദ്യഘട്ടത്തിൽ യുലു വിൻ ബെംഗളൂരുവിൽ മാത്രമേ ലഭ്യമാകൂ

ഇരുചക്രവാഹന വിപണിയിൽ അടുത്തിടെ ഇന്ത്യയിൽ വലിയ തോതിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇരുചക്ര വാഹന വിപണി അതിവേഗത്തിൽ ഇലക്‌ട്രിക്കിലേക്ക് കുതിക്കുകയാണ് എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ ബജാജ് ഓട്ടോയുടെ പിന്തുണയുള്ള ടെക്നോളജി ഡ്രൈവ് മൊബിലിറ്റി പ്ലാറ്റ്ഫോമായ യുലു തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. യുലു വിൻ എന്നറിയപ്പെടുന്ന ഇ-സ്‌കൂട്ടറിന്റെ പ്രാരംഭ വില വെറും 55,555 രൂപയാണ്. ലൈസൻസോ, രജിസ്‌ട്രേഷനോ ആവശ്യമില്ലെന്നതാണ് യുലു വിൻ ഇ-സ്‌കൂട്ടറിന്റെ ഏറ്റവും വലിയ സവിശേഷത. 16 വയസ്സിന് മുകളിലുള്ള ആർക്കും ഡ്രൈവിങ് ലൈസൻസില്ലാതെ യുലു വിൻ ഓടിക്കാം.

ആദ്യഘട്ടത്തിൽ യുലു വിൻ ബെംഗളൂരുവിൽ മാത്രമേ ലഭ്യമാകൂ. കൂടുതൽ നഗരങ്ങളിൽ ഉടൻ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. 999 രൂപ ടോക്കണിൽ ഇപ്പോൾ സ്‌കൂട്ടർ ഓൺലൈനായി ബുക്ക് ചെയ്യാം. ഈ തുക പൂർണമായി റീഫണ്ടബിൾ ആണ്. മെയ് പകുതിയോടെ ഇ-സ്‌കൂട്ടറിന്റെ വിൽപന ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. സ്കാർലറ്റ് റെഡ്, മൂൺലൈറ്റ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ യുലു വിൻ ലഭ്യമാകും. അതേസമയം, പ്രാരംഭ കാലയളവിന് ശേഷം ആമുഖ വിലയിൽ 4,444 രൂപ വർധിച്ച് 59,999 രൂപയാകും.

യുലു വിൻ ഒരു സ്ലോ-സ്പീഡ് സ്കൂട്ടർ ആയിരിക്കും. പരമാവധി മണിക്കൂറിൽ 25 കി.മീ. വേഗത മാത്രമാണ് മോഡലിനുള്ളത്. ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ചേതക് ടെക്നോളജീസ് ലിമിറ്റഡ് ആണ് യുലു വിൻ നിർമിക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങളിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ഫീച്ചറുകളായ കീലെസ്സ് ആക്‌സസ്, ഫാമിലി ഷേറിങ് എന്നിവ വിൻ സ്‌കൂട്ടറിലുണ്ട്. സിംഗിൾ സീറ്റ് സെറ്റപ്പാണ് യുലു വിന്നിന്റേത്. ഫൂട്ട്പെഗുകളില്ല എന്നതും പ്രത്യേകതയാണ്. ബോഡി പാനലുകൾ കുറവായതുകൊണ്ട് തന്നെ വാഹനത്തിന് കൂടുതൽ ക്യൂട്ട്നെസ് ഫീൽ ചെയ്യും.

ഉടമസ്ഥാവകാശത്തിന്റെ മുൻകൂർ ചെലവ് 40 ശതമാനം വരെ കുറയ്ക്കുന്ന അതുല്യമായ മൊബിലിറ്റി സബ്സ്‌ക്രിപ്ഷൻ പായ്ക്കുകളും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്. Yulu & Magna സംയുക്ത സംരംഭമായ Yuma Energy നെറ്റ്‌വർക്കിലെ ഏത് ബാറ്ററി സ്വാപ്പിങ് സ്റ്റേഷനിലും ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് യുലു വിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ഒരു പോർട്ടബിൾ ചാർജർ വഴി ഇത് വീട്ടിലിരുന്നും ചാർജ് ചെയ്യാം.

യുലു വിന് മൊബൈൽ കണക്റ്റിവിറ്റിയും ലഭിക്കുന്നുണ്ട്. ഇതു വഴി OTA അപ്ഡേറ്റുകൾ അതിവേഗം നേടാം. ഹ്രസ്വദൂര യാത്രകൾക്കും, സിറ്റി യാത്രകൾക്കുമായിരിക്കും യുലു വിൻ കൂടുതൽ ഉപകാരപ്രദമാകുക. ഇ-സ്കൂട്ടർ വാങ്ങുമ്പോൾ വാഹന രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ടതില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in