ഹിൻഡൻബർഗ് റിപ്പോർട്ട് തിരിച്ചടിയായി; ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് നഷ്ടം 46,000 കോടി രൂപ, ആരോപണങ്ങൾ തള്ളി കമ്പനി

ഹിൻഡൻബർഗ് റിപ്പോർട്ട് തിരിച്ചടിയായി; ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് നഷ്ടം 46,000 കോടി രൂപ, ആരോപണങ്ങൾ തള്ളി കമ്പനി

ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വം കാണിച്ചുവെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്

യുഎസ് ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ കനത്ത ഇടിവ്. 46,000 കോടി രൂപയുടെ ഇടിവാണ് കമ്പനി നേരിട്ടത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വം കാണിച്ചുവെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ട് വര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ അവകാശവാദം.

എന്നാൽ, റിപ്പോർട്ടിൽ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. തങ്ങളെ ബന്ധപ്പെടാനോ വസ്തുതകൾ പരിശോധിക്കാനോ ശ്രമിക്കാതെ ജനുവരി 24 ന് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതായി അദാനി ഗ്രൂപ്പ് ആരോപിച്ചു. 

റിപ്പോർട്ട് അനുസരിച്ച്, അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിയുടെ ആസ്തി ഏകദേശം 120 ബില്യൺ ഡോളറാണ്. ഇത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 100 ബില്യൺ ഡോളറിലധികം വർദ്ധിച്ചു. ഗ്രൂപ്പിലെ ഏഴ് ലിസ്റ്റഡ് കമ്പനികളുടെയെല്ലാം വ്യാപാരം യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ 85 ശതമാനത്തോളം ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഓഹരി വില ഉയർന്നതിലൂടെയാണ് അദാനി ഗ്രൂപ്പിന്റെ ആസ്തി വർധനവും ഉയർന്നു. അദാനി ഗ്രൂപ്പിന്റെ മുൻ സീനിയർ എക്‌സിക്യൂട്ടീവുകൾ ഉൾപ്പെടെ നിരവധി ആളുകളെ ഗവേഷണത്തിനായി സംസാരിച്ചും ആയിരക്കണക്കിന് രേഖകൾ അവലോകനം ചെയ്തുമാണ് ഹിൻഡൻബർഗ് റിപ്പോർട്ട് തയ്യാറാക്കിയത്. കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടത്തിരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. 

അതേസമയം, തങ്ങളുടെ കണ്ടെത്തലുകള്‍ തള്ളിക്കളഞ്ഞാല്‍ പോലും അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക നില പരിശോധിച്ചാല്‍ ഓഹരി വില ഉയര്‍ന്നതാണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും ഹിന്‍ഡന്‍ബര്‍ഗ് കമ്പനിക്കെതിരെ ഉയർത്തുന്നുണ്ട്.

ഇന്ത്യയിലെ പരമോന്നത കോടതികൾ പരിശോധിക്കുകയും വസ്തുത വിരുദ്ധമെന്ന് കണ്ട് തള്ളിക്കളയുകയും ചെയ്ത കാര്യങ്ങളാണ് റിപ്പോർട്ട് ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്. അതെല്ലാം അടിസ്ഥാനരഹിതവും കമ്പനിയെ അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങളാണ്. അദാനി ഗ്രൂപ്പിന്റെ സൽപ്പേരിന് തുരങ്കം വയ്ക്കാനുള്ള ദുരുദ്ദേശ്യമാണ് ഇതിന്ന് പിന്നിലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ഇന്ത്യയിലെ എക്കാലത്തെയും വലിയ എഫ്‌പിഒ ആണ് അദാനി ഗ്രൂപ്പ് നടത്താൻ പോകുന്നത്. വരാനിരിക്കുന്ന ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിനെ തകർക്കുക എന്നതാണ് ഈ റിപ്പോർട്ടിന് പിന്നിലെ ലക്ഷ്യം. നിക്ഷേപക സമൂഹം എപ്പോഴും അദാനി ഗ്രൂപ്പിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പിലെ ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദർ സിങ് പറഞ്ഞു.

logo
The Fourth
www.thefourthnews.in