നാല് വര്‍ഷത്തെ ശമ്പളം ബോണസ്! ജീവനക്കാര്‍ക്ക് കമ്പനിയുടെ പുതുവര്‍ഷ സമ്മാനം

നാല് വര്‍ഷത്തെ ശമ്പളം ബോണസ്! ജീവനക്കാര്‍ക്ക് കമ്പനിയുടെ പുതുവര്‍ഷ സമ്മാനം

2021ല്‍ സൂയസ് കനാലിൽ കുടുങ്ങിയ എവർ ഗിവണ്‍ കപ്പലിന്റെ ഉടമസ്ഥരായ കമ്പനിയാണ് ജീവനക്കാർക്ക് മോഹിപ്പിക്കുന്ന ബോണസ് നൽകിയിരിക്കുന്നത്

പുതുവർഷത്തില്‍ ജീവനക്കാർക്ക് നാല് വര്‍ഷത്തെ ശമ്പളം ബോണസായി നല്‍കി തായ്‌വാനിലെ എവര്‍ഗ്രീന്‍ മറൈന്‍ കോര്‍പ്പറേഷന്‍ കമ്പനി. ഉയര്‍ന്ന ശമ്പളക്കാര്‍ക്കും കുറവ് ശമ്പളം വാങ്ങുന്നവര്‍ക്കുമെല്ലാം കമ്പനി ബോണസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2021ല്‍ സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവണ്‍ കപ്പലിന്റെ ഉടമസ്ഥരായ കമ്പനിയാണ് ജീവനക്കാർക്ക് മോഹിപ്പിക്കുന്ന ബോണസ് നൽകിയിരിക്കുന്നത്.

കമ്പനിയുടെ പോയ വര്‍ഷത്തെ ലാഭവും നേട്ടങ്ങളും കണക്കാക്കിയാണ് ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു പാദത്തിൽ 9.91 ബില്യൺ ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 92 ശതമാനം അധികമാണിത്.

1968ൽ സ്ഥാപിതമായ എവർഗ്രീന്‍ കമ്പനിക്ക് 150ലേറെ കണ്ടെയ്‌നർ കപ്പലുകൾ സ്വന്തമായുണ്ട്. 80 രാഷ്ട്രങ്ങളിലെ 240 തുറമുഖങ്ങളിൽ കമ്പനിയുടെ കപ്പലുകൾ സർവീസ് നടത്തിവരുന്നു.

സൂയസ് കനാലിന് കുറുകെ കുടുങ്ങിയ എവർഗിവൺ കപ്പൽ
സൂയസ് കനാലിന് കുറുകെ കുടുങ്ങിയ എവർഗിവൺ കപ്പൽ

2021മാർച്ച് 23നാണ് കമ്പനിയുടെ എവർഗിവൺ കപ്പൽ സൂയസ് കനാലിന് കുറുകെ കുടുങ്ങിയത്. 400 മീറ്റർ നീളമുള്ള കൂറ്റൻ കപ്പലായ എവർഗിവൺ സൂയസില്‍ കുടുങ്ങിയതിനെ തുടർന്ന് 369 കപ്പലുകള്‍ക്കാണ് ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ പോയത്. കപ്പൽ കുടുങ്ങിയ ഓരോ ദിവസവും സൂയസ് കനാൽ അതോറിറ്റിയുടെ വരുമാനത്തിൽ 14 ദശലക്ഷം യുഎസ് ഡോളറിന്റെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ലോകത്തെ ചരക്കു ഗതാഗതത്തിന്റെ 12 ശതമാനവും നടക്കുന്നത് ഈജിപ്തിലെ സൂയസ് കനാൽ വഴിയാണ്. പ്രതിദിനം അമ്പതിലേറെ കപ്പലുകളാണ് ഇതുവഴി കടന്നു പോകുന്നത്.

logo
The Fourth
www.thefourthnews.in