പലിശ നിരക്കില്‍ രണ്ടാം തവണയും മാറ്റമില്ല; റിപ്പോ നിരക്ക് 6.5 ആയി നില നിർത്തി റിസർവ് ബാങ്ക്

പലിശ നിരക്കില്‍ രണ്ടാം തവണയും മാറ്റമില്ല; റിപ്പോ നിരക്ക് 6.5 ആയി നില നിർത്തി റിസർവ് ബാങ്ക്

ബാങ്ക് പലിശ നിരക്കിലും മാറ്റം വരില്ല

റിപ്പോ നിരക്ക് 6.5% ആയി നില നിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമായി തുടരുന്ന സാഹചര്യത്തിലാണ് ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്നുവന്ന പണനയ അവലോകന സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്

കഴിഞ്ഞ വർഷത്തെ സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് നാണ്യപ്പെരുപ്പം നിയന്ത്രണവിധേയമാണ്. അത് അങ്ങനെ തന്നെ തുടരുമെന്നാണ് പ്രതീക്ഷ. ഏപ്രിലിൽ നടത്തിയ അവലോകനത്തിൽ അടിസ്ഥാന നിരക്കായ റീപ്പോ റേറ്റ് ക്രമാനുഗതമായി വർധിപ്പിച്ചുകൊണ്ടിരുന്ന നടപടി മരവിപ്പിക്കാനും, 6.5 ശതമാനത്തിൽ നിലനിർത്താനും തീരുമാനിച്ചിരുന്നു. ഇതേ നിരക്കിൽ തുടരാനാണ് ഇപ്പോഴത്തെ യോഗത്തിലും തീരുമാനിച്ചിരിക്കുന്നത്

ഏറ്റവും പുതിയ സിപിഐ പ്രിന്റ് അനുസരിച്ച്, റീട്ടെയില്‍ പണപ്പെരുപ്പം 2023 ഏപ്രിലില്‍ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.7 ശതമാനമായി കുറഞ്ഞിരുന്നു. ഇത് ആര്‍ബിഐയുടെ ഉയര്‍ന്ന സഹിഷ്ണുത പരിധിക്ക് താഴെ ആണെന്ന് മാത്രമല്ല, 2023 മാര്‍ച്ചിലെ 5.7 ശതമാനമായി താരതമ്യം ചെയ്യുമ്പോള്‍ കുറവുമാണ്.

അതേസമയം, ഏപ്രിലിലെ ആര്‍ബിഐ നയം മുതല്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്ന കുറവും ശ്രദ്ധേയമാണ്. ഏപ്രിലില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 85.1 ഡോളറായിരുന്നു, അതിന് ശേഷം അത് ബാരലിന് 77 ഡോളറായി കുറഞ്ഞു. എന്നാൽ രാജ്യത്തെ ജിഎസ്ടി ശേഖരം ഏപ്രിലിലെ 1.9 ലക്ഷം കോടി രൂപയായി താരതമ്യം ചെയ്യുമ്പോള്‍ മെയ് മാസത്തില്‍ 1.6 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഏപ്രിലിലെ ജിഎസ്ടി ശേഖരം എക്കാലത്തെയും ഏറ്റവും ഉയര്‍ന്നതായിരുന്നു.

ജിഎസ്ടിയെ കൂടാതെ, രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. നാഷണല്‍ സ്റ്റാറ്റിറ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട 2022-23ലെ ദേശീയ വരുമാന കണക്കുകളുടെ അടിസ്ഥാനത്തില്‍, ഇന്ത്യയുടെ 2023 സാമ്പത്തിക വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിലെ(ജിഡിപി) വളര്‍ച്ച 7% ആയിരുന്നു. എന്നാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ജിഡിപി6.5% ആയിരിക്കുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടല്‍

logo
The Fourth
www.thefourthnews.in