തൊഴില്‍ രംഗത്തെ സ്ത്രീ പങ്കാളിത്തം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വന്‍കുറവ്; പാകിസ്താനും പിന്നില്‍ ഇന്ത്യ

തൊഴില്‍ രംഗത്തെ സ്ത്രീ പങ്കാളിത്തം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വന്‍കുറവ്; പാകിസ്താനും പിന്നില്‍ ഇന്ത്യ

ഇന്ത്യയിലെ സമൂഹിക രംഗത്ത് നിലനില്‍ക്കുന്ന യാഥാസ്തിക സാമൂഹിക ബോധങ്ങളാണ് സ്ത്രീകളെ തൊഴിലിടങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്.
Published on

രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിന് വനിതാ പങ്കാളിത്തം പ്രാധാന്യമാണെന്നിരിക്കെ, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ തൊഴില്‍ മേഖലകളിലെ സ്ത്രീ പങ്കാളിത്തത്തില്‍ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നതായി പഠനം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ലോക ബാങ്ക് നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ സ്ത്രീ പങ്കാളിത്ത നിരക്കില്‍ വലിയ അന്തരം നിലനില്‍ക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്താന്‍, മാലിദ്വീപ് എന്നിവയാണ് പഠനത്തില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍. ഇന്ത്യയിലെ സമൂഹിക രംഗത്ത് നിലനില്‍ക്കുന്ന യാഥാസ്തിക സാമൂഹിക ബോധങ്ങളാണ് സ്ത്രീകളെ തൊഴിലിടങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകബാങ്കിന്റെ സൗത്ത് ഏഷ്യ ഇക്കണോമികിസ് ഫോക്കസ്, സ്പ്രിംഗ് 2022 ഈ വര്‍ഷം ഏപ്രിലില്‍ 'റീ ഷേപ്പിംഗ് നോംമ്‌സ്: എ വേ ഫോര്‍വേര്‍ഡ്' എന്ന പേരില്‍ നടത്തിയ പഠനത്തിലാണ് സ്ത്രീ പങ്കാളിത്തത്തെ കുറിച്ച് പരാമര്‍ശമുള്ളത്. രാജ്യങ്ങളിലെ തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കുമ്പോള്‍ സാമ്പത്തിക വികസനവും കുതിക്കുന്ന നിലയുണ്ടാവുന്നു എന്നാണ് പഠനത്തിന്റെ വിലയിരുത്തല്‍. ഈ കണക്കുകളില്‍ പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം വളരെ പുറകിലാണെന്നാണ് കണ്ടെത്തല്‍.

ജനങ്ങളുടെ പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിയുടെയും (പിപിപി) മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെയും (ജിഡിപി) അടിസ്ഥാനത്തിലായിരുന്നു പഠനം

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ 1985 മുതല്‍ 2019 വരെയുള്ള പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിയുടെയും (പിപിപി) മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെയും (ജിഡിപി) അടിസ്ഥാനത്തിലായിരുന്നു പഠനം. ഒരേ അളവിലുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഒരു രാജ്യത്തിന്റെ കറന്‍സി മറ്റൊരു രാജ്യത്തിന്റെ കറന്‍സിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന്റെ നിരക്കിനെയാണ് പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി എന്നു പറയുന്നത്.

നിലവില്‍ ജോലി ചെയ്യുന്നതോ സജീവമായി ജോലി അന്വേഷിക്കുന്ന തൊഴില്‍ രഹിതരോ ആയ സ്ത്രീകളുടെ എണ്ണം ഓരോ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും വ്യത്യസ്തമാണ്. പ്രതിശീര്‍ഷ വരുമാനം 35,000 ഡോളര്‍ പിന്നിട്ടതോടെ ഇന്ത്യയില്‍ സ്ത്രീ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് (എഫ്എല്‍എഫ്പി) ഇടിഞ്ഞതായാണ് പഠനം പറയുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലെ ഉയര്‍ച്ച, പ്രത്യുല്‍പ്പാദന നിരക്ക് കുറയ്ക്കാന്‍ ഇടയാക്കിയതിന് സമാനമായൊരു മുന്നേറ്റം തൊഴില്‍ ശക്തി നിരക്കില്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ തന്നെയാണ് സ്ത്രികള്‍ക്ക് തൊഴിലിടങ്ങളിലേക്കെത്താന്‍ തടസ്സമാകുന്നത്

സാമ്പത്തിക വളര്‍ച്ചയും ഇന്ത്യന്‍ സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്കും തമ്മിലുള്ള ബന്ധം ഉറപ്പിക്കാന്‍ വ്യക്തമായ ഒരു കാരണം റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നില്ല. അതേസമയം, ഇന്ത്യയുടെ യാഥാസ്തിക സാമൂഹിക ബോധങ്ങള്‍ക്ക് ഒരു പരിധിവരെ സ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്നാണ് ലോകബാങ്കിന്റെ ദക്ഷിണേന്ത്യന്‍ ഓഫീസിലെ പ്രധാന സാമ്പത്തിക വിദഗ്ധനും ലിംഗഭേദത്തെകുറിചുള്ള പഠനത്തിന്റെ രചയിതാവുമായ മൗറീഷിയോ ബുസോളൊ ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ തന്നെയാണ് സ്ത്രികള്‍ക്ക് തൊഴിലിടങ്ങളിലേക്കെത്താന്‍ തടസ്സമാകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യ ആണധികാരത്തിന്റെ കെണിയില്‍പ്പെട്ടിരിക്കുകയാണെന്നും പുരുഷാധിപത്യത്തെ മറികടക്കാന്‍ സാധിക്കുന്ന രീതിയില്‍ വേതനത്തില്‍ വര്‍ധനവുണ്ടായാല്‍ മാത്രമാണ് സ്ത്രികളുടെ തൊഴിലില്‍ വര്‍ധനവ് ഉണ്ടാവുകയുള്ളു എന്നുമാണ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് ജെന്‍ഡര്‍ ഇക്കണോമിസ്റ്റായ ആലീസ് ഇവാന്‍സ് പറയുന്നത്.

ഇന്ത്യ ആണധികാരത്തിന്റെ കെണിയില്‍

പ്രതീശീര്‍ഷ വരുമാനവും എഫ്എല്‍എഫ്പിയും തമ്മില്‍ ഒരു 'യു' ആകൃതിയിലുള്ള ബന്ധം നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമ്പോഴോ ആളോഹരി വരുമാനം ഉയരുമ്പോഴോ തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഒരു പോയിന്റ് വരെ കുറയുകയും പിന്നീട് ഉയരുകയും ചെയ്യും.

ഒരു കാര്‍ഷിക രാജ്യമാണെങ്കില്‍ കൃഷിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം കൂടുതലാണ് എന്നാല്‍ രാജ്യം വ്യവസായവത്കക്കരിക്കപ്പെടുമ്പോള്‍ സ്ത്രീകളോടുള്ള സാമുഹിക പക്ഷപാതം പങ്കാളിത്തം കുറയ്ക്കാന്‍ ഇടായാക്കുന്നു.

ലോകബാങ്കിന്റെ 2021 ലെ കണക്കുകള്‍ പ്രകാരം സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് ബംഗ്ലാദേശില്‍ 35 ശതമാനവും പാകിസ്താനില്‍ 21 ശതമാനവും ഇന്ത്യയില്‍ 19 ശതമാനവുമാണ്. ബംഗ്ലാദേശിലും പാകിസ്താനിലും സ്ത്രീകളുടെ തൊഴില്‍ അവസരങ്ങള്‍ കുറവാണെങ്കിലും ഇന്ത്യയില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ അടിച്ചമര്‍ത്തുന്ന തൊഴില്‍ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടന്നും ആലീസ് ഇവാന്‍സ് പറയുന്നു. ഇത് കുടുംബങ്ങളെ അനിശ്ചിതത്വത്തിലേക്ക് നയിക്കുകയും ബന്ധുത്വത്തെ ആശ്രയിക്കുന്നത് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

തൊഴിലിടങ്ങളില്‍ സ്ത്രീകളേക്കാള്‍ അവകാശം പുരുഷന്മാര്‍ക്കാണെന്ന പൊതുബോധം ഇന്ത്യ പോലൊരു രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നു.

തൊഴിലിടങ്ങളില്‍ സ്ത്രീകളേക്കാള്‍ അവകാശം പുരുഷന്മാര്‍ക്കാണെന്ന പൊതുബോധം ഇന്ത്യ പോലൊരു രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നു. ഇത്തരം യാഥാസ്തിക സാമുഹിക ബോധങ്ങള്‍ സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് കുറയാന്‍ ഇടയാക്കുന്നു. ഈ സാമൂഹിക അവസ്ഥയില്‍ മാറ്റം ഉണ്ടാവുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ എഫ്എല്‍എഫ്പി നിരക്കിലും വര്‍ധനയുണ്ടാക്കുമെന്ന് ലോകബാങ്കിന്റെ ദക്ഷിണേന്ത്യന്‍ ഓഫീസിലെ സാമ്പത്തിക വിദഗ്ദന്‍ മൗറീഷിയോ ബുസോളൊ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in