റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള ആർബിഐ തീരുമാനം: ഭവന വായ്പകളെ ബാധിക്കുമോ?

റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള ആർബിഐ തീരുമാനം: ഭവന വായ്പകളെ ബാധിക്കുമോ?

ധനകാര്യ സ്ഥാപനങ്ങൾ കേന്ദ്ര ബാങ്കിൽനിന്ന് വായ്പയെടുക്കുന്ന പണത്തിന് നൽകുന്ന പലിശ നിരക്കാണ് റിപ്പോ റേറ്റ് എന്നറിയപ്പെടുന്നത്

മൂന്ന് ദിവസം നീണ്ട മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിൽ റിപ്പോ നിരക്ക് മാറ്റേണ്ടതില്ല എന്ന് വീണ്ടും തീരുമാനിച്ചിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അഞ്ചാം തവണയാണ് 6.5 ശതമാനം എന്ന നിലയിൽ റിപ്പോ നിരക്ക് നിലനിർത്തുന്നത്. സാധാരണക്കാർ പ്രധാനമായും ആശ്രയിക്കുന്ന ഭവന വായ്പകൾ ഉൾപ്പെടെയുള്ള വിവിധതരം വായ്പകളെ നേരിട്ട് ബാധിക്കുന്ന വിഷയമാണ് റിപ്പോ നിരക്ക്. അതുകൊണ്ടുതന്നെ റിപ്പോ നിരക്കിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും ദൈനംദിന ജീവിതത്തിൽ സ്വാധീനമുണ്ടാക്കും.

ഭവന വായ്പയും റിപ്പോ നിരക്കും

ധനകാര്യ സ്ഥാപനങ്ങൾ കേന്ദ്ര ബാങ്കിൽനിന്ന് വായ്പയെടുക്കുന്ന പണത്തിന് നൽകുന്ന പലിശ നിരക്കാണ് റിപ്പോ റേറ്റ് എന്നറിയപ്പെടുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികന്താ ദാസ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികന്താ ദാസ്

ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ ബാങ്കുകൾക്ക് വായ്പയെടുക്കാനുള്ള ചെലവ് കുറയും. ബാങ്കുകൾ ഈ ആനുകൂല്യം ഉപഭോക്താക്കൾക്കും നല്‍കുമെന്നാണ് കരുതപ്പെടുന്നത്. നേരെമറിച്ച് ഉയരുകയാണെങ്കില്‍ ആർബിഐ ഭവനവായ്പയുടെ പലിശ നിരക്കും കൂടും. ഇത് ഉപഭോക്താക്കളെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കും.

അടുത്ത രണ്ട് മാസത്തേക്കെങ്കിലും വീടുകൾക്കും കാറുകൾക്കുമുള്ള വായ്പാ നിരക്കുകൾ അതേപടി തുടരുമെന്നതിനാൽ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർക്കും വ്യവസായ പങ്കാളികൾക്കും ഒരുപോലെ നേട്ടമാണ്

2019 ഒക്ടോബർ മുതൽ ആർബിഐയുടെ റിപ്പോ നിരക്ക് പോലുള്ള ബാഹ്യ മാനദണ്ഡങ്ങളായിരുന്നു ടേം ലോൺ നിരക്കുകൾ തീരുമാനിക്കുന്നതിനായി ബാങ്കുകൾ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ റിപ്പോ നിരക്കിലെ ഏതൊരു മാറ്റവും ഭവന വായ്പകൾ, വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ എന്നിവയെ പെട്ടെന്നുതന്നെ ബാധിക്കും. അങ്ങനെയൊരു സാഹചര്യം നിലനിൽക്കെ ആർബിഐ സ്വീകരിച്ചിരിക്കുന്ന പുതിയ തീരുമാനം വായ്പയെടുത്തവർക്കും ഇഎംഐ തിരിച്ചടവുള്ളവർക്കും ആശ്വാസം നൽകുന്നുണ്ട്.

റിപ്പോ നിരക്കിലെ മാറ്റങ്ങൾ ഭവനവായ്പകളുടെ യോഗ്യതാ മാനദണ്ഡത്തെയും ബാധിക്കും. പലിശ നിരക്ക് കുറവായിരിക്കുമ്പോൾ, പ്രതിമാസ തിരിച്ചടവ് തുക കുറവായതിനാൽ വായ്പയെടുക്കുന്നവർക്ക് ഉയർന്ന വായ്പ തുകയ്ക്ക് അർഹതയുണ്ടായേക്കാം. നേരെമറിച്ച്, പലിശനിരക്ക് ഉയർന്നതായിരിക്കുമ്പോൾ, പ്രതിമാസ തിരിച്ചടവ് തുക കൂടുതലായതിനാൽ വായ്പയെടുക്കുന്നവർക്ക് കുറഞ്ഞ തുക മാത്രമേ വായ്പയെടുക്കാൻ സാധിക്കുകയുള്ളു.

കൂടാതെ അടുത്ത രണ്ട് മാസത്തേക്കെങ്കിലും വീടുകൾക്കും കാറുകൾക്കുമുള്ള വായ്പാ നിരക്കുകൾ അതേപടി തുടരുമെന്നതിനാൽ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർക്കും വ്യവസായ പങ്കാളികൾക്കും ഒരുപോലെ നേട്ടമാണ്. അതിനാൽ ആർ ബി ഐയുടെ തീരുമാനത്തെ റിയൽ എസ്റ്റേറ്റ് മേഖല ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ നീക്കം അടുത്ത മാസങ്ങളിൽ ഭവന രജിസ്‌ട്രേഷനുകൾ തുടരാൻ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഭവന വിൽപനയിലും മുന്നേറ്റം തുടരുമെന്നാണ് കരുതുന്നതെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ പറഞ്ഞു.

റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള ആർബിഐ തീരുമാനം: ഭവന വായ്പകളെ ബാധിക്കുമോ?
നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു; അസംഘടിത മേഖല പൂർണമായി തകർന്നെന്നും പറക്കാല പ്രഭാകർ

അതേസമയം സ്ഥിരനിക്ഷേപകർക്ക് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഒന്നും പുതിയ തീരുമാനം ഉണ്ടാക്കുന്നില്ല. റിപ്പോ നിരക്കിൽ മാറ്റം വരുമ്പോഴെല്ലാം എഫ്ഡി നിരക്കുകളിൽ സാധാരണയായി മാറ്റം വരാറുണ്ട്. നിരക്ക് വർധിക്കുമ്പോൾ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്ക് ഉയരുകയും കുറയുമ്പോൾ ലഭിക്കുന്ന വരുമാനം കുറയുകയും ചെയ്യും. എന്നാൽ നിലവിലെ സ്ഥിതിയിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കില്ല എന്നതാണ് വാസ്തവം.

logo
The Fourth
www.thefourthnews.in