നിയമവിരുദ്ധമായി ട്വിറ്റർ ഡാറ്റ ഉപയോഗിച്ചു; മൈക്രോസോഫ്റ്റിനെതിരെ കേസെടുക്കുമെന്ന് ഇലോൺ മസ്‌ക്

നിയമവിരുദ്ധമായി ട്വിറ്റർ ഡാറ്റ ഉപയോഗിച്ചു; മൈക്രോസോഫ്റ്റിനെതിരെ കേസെടുക്കുമെന്ന് ഇലോൺ മസ്‌ക്

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓപ്പൺഎഐ, ട്വിറ്റർ ഡാറ്റ ഉപയോഗിച്ചതായാണ് ആരോപണം

മൈക്രോസോഫ്റ്റിനെതിരെ ​ഗുരുതര ആരോപണവുമായി ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ ഡാറ്റ നിയമവിരുദ്ധമായി ഉപയോഗിച്ചതിന് സത്യ നാദെല്ലയുടെ ഉടമസ്ഥതയിലുള്ള മൈക്രോസോഫ്റ്റിനെതിരെ കേസെടുക്കുമെന്നാണ് മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്.

ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (API) ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് പരസ്യ പ്ലാറ്റ്‌ഫോമിൽ നിന്ന് മൈക്രോസോഫ്റ്റ് ട്വിറ്ററിനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി മസ്‌ക് രം​ഗത്തെത്തിയത്. ആരോപണത്തിൽ മൈക്രോസോഫ്റ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചാറ്റ്‌ ജിപിടിയുടെ ഭാഷാ മോഡൽ പരിശീലനത്തിനായി മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓപ്പൺഎഐ, ട്വിറ്റർ ഡാറ്റ ഉപയോഗിച്ചതായാണ് ആരോപണം. ഏപ്രിൽ 25 മുതൽ പരസ്യ പ്ലാറ്റ്‌ഫോമിൽ ഇനി ട്വിറ്ററിനെ പിന്തുണയ്‌ക്കില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു.

മൈക്രോസോഫ്റ്റിന്റെ സോഷ്യൽ മാനേജ്‌മെന്റ് ടൂൾ വഴി ട്വിറ്റർ അക്കൗണ്ട് ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, ലിങ്ക്ഡ്ഇൻ എന്നിവയ്ക്ക് തുടർന്നും പിന്തുണ ലഭ്യമാകും.

മൈക്രോസോഫ്റ്റിന്റെ നടപടിയെ തുടർന്ന് ട്വിറ്ററിലും മസ്ക് ചില മാറ്റങ്ങൾ വരുത്തി. ഇനി മുതൽ മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികൾക്ക് ട്വിറ്റർ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (API) ഉപയോഗിക്കണമെങ്കിൽ പ്രതിമാസം 34.5 ലക്ഷം രൂപ നൽകണമെന്നാണ് കമ്പനി തീരുമാനം.

logo
The Fourth
www.thefourthnews.in