കേരളത്തിൽ പണപ്പെരുപ്പം ഉയര്‍ത്തി ഇന്ധന സെസ്; രാജ്യത്ത് നാലാം സ്ഥാനത്തേക്ക് കേരളം

കേരളത്തിൽ പണപ്പെരുപ്പം ഉയര്‍ത്തി ഇന്ധന സെസ്; രാജ്യത്ത് നാലാം സ്ഥാനത്തേക്ക് കേരളം

കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം

ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിൽ കേരളം രാജ്യത്ത് നാലാം സ്ഥാനത്ത്. ഏപ്രിലിൽ ഇന്ധന സൈസ് ഉയര്‍ത്തിയതോടെയാണ് റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 5.63 ശതമാനം ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞയാ ഴ്ച കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം.

22 സംസ്ഥാനങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പത്തിന്റെ ദേശീയ ശരാശരി 4.07 ശതമാനമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരാഖണ്ഡ് (6.04%) തെലങ്കാന (6.02%) ഹരിയാന (5.68%) എന്നീ സംസ്ഥാനങ്ങളാണ് ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍. റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ മാര്‍ച്ചില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു കേരളം. ജീവിത ചിലവില്‍ പെട്ടെന്നുണ്ടായ വര്‍ധനവാണ് കേരളത്തിന്റെ ഈ കുതിച്ചു ചാട്ടത്തിന് പിന്നില്ലെന്നാണ് സൂചന. ഫെബ്രുവരിയില്‍ 13ാം സ്ഥാനത്തും ജനുവരിയില്‍ 11ാം സ്ഥാനത്തുമായിരുന്നു കേരളം.

പുതുക്കിയ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതാണ് പണപ്പെരുപ്പം കുതിച്ചുയരാന്‍ കാരണമെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ മുന്‍ അംഗവും സാമ്പത്തിക വിദഗ്ധനുമായ ജോസ് സെബാസ്റ്റിയന്റെ വിലയിരുത്തല്‍. കേരളത്തില്‍ പെട്രോളിന്റേയും ഡീസലിലന്റേയും വില 2 രൂപയായി വര്‍ധിപ്പിച്ചു. ഇതിനനുസൃതമായി സാധനങ്ങള്‍ക്കും ക്രമാതീതമായി വില വര്‍ധിച്ചു.

വര്‍ധിച്ചു വന്ന ഉപഭോക്തക്കളുടെ വാങ്ങല്‍ ശേഷിയെ കുറിച്ച് വ്യാപാരികള്‍ തിരിച്ചറിഞ്ഞതോടെ കൂടുതല്‍ വിലയീടാക്കി തുടങ്ങി.ആവശ്യകത കുറഞ്ഞ സമയമായ മഹാമാരിയുടെ കാലത്തായിരുന്നെങ്കില്‍ ഈ പ്രശ്‌നം നടക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്തൃ വില സൂചികയില്‍ (സിപിഐ) പച്ചക്കറികള്‍ക്കും മറ്റ് ഭക്ഷ്യ വിഭവങ്ങള്‍ക്കും കാര്യമായ വെയിറ്റേജുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഗ്രാമ പ്രദേശങ്ങളില്‍ 186.4 ആണ് പണപ്പെരുപ്പം അനുഭവപ്പെട്ടത്. അതേ സമയം കേരളത്തിന്റ നഗര പ്രദേശങ്ങളില്‍ 186.3 നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചരക്കുകളും സേവനങ്ങളും, ഭക്ഷണ പാനീയങ്ങള്‍, പുകയിലയുള്‍പ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കള്‍, ചെരുപ്പുകള്‍ വസ്ത്രങ്ങള്‍,ഭവനം , ഇന്ധനം ,വെളിച്ചം എന്നിങ്ങനെ തിരിച്ചാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ പണപ്പെരുപ്പ നിരക്ക് കണക്കാക്കുന്നത്.

ഏപ്രിലിൽ ഇന്ധനവും വെളിച്ചവും അടിസ്ഥാനപ്പെടുത്തിയുള്ള കേരളത്തിന്റെ ഉപഭോക്തൃ വില സൂചിക 208.9 ആയിരുന്നു. അതേ സമയം ദേശീയ തലത്തില്‍ ഇത് 181.7 ആണ്. ഭക്ഷണ പാനീയങ്ങളുടെ അടിസ്ഥാനത്തില്‍ ആ സൂചിക കേരളത്തിൽ 187.1ആയിരിക്കുമ്പോൾ ദേശീയ സൂചിക178ആണ്,

ജനുവരി മുതല്‍ രാജ്യം മുഴുവനായും കേരളത്തിലും പണപ്പെരുപ്പ് നിരക്ക് കുറയുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ദേശീയ തലത്തില്‍ 6.45 ശതമാനത്തില്‍ നിന്ന് ഏപ്രില്‍ മാസത്തിലെത്തുമ്പോള്‍ അത് 4.70 ആയി കുറയുന്നതു കാണാം. അതേ സമയം കേരളത്തില്‍ 6.45 ല്‍ നിന്ന് 5.63 ലേക്ക് താഴ്ന്നിട്ടുണ്ട്. ജനുവരിയിലും ഫെബ്രുവരിയിലും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടോളറന്‍സ് ബാന്‍ഡ് 2-6% ലംഘിച്ച് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നിരുന്നു.

logo
The Fourth
www.thefourthnews.in