സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഇപ്പോള്‍ നിക്ഷേപിക്കുന്നത് ലാഭകരമോ, വിദഗ്ദര്‍ പറയുന്നു

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഇപ്പോള്‍ നിക്ഷേപിക്കുന്നത് ലാഭകരമോ, വിദഗ്ദര്‍ പറയുന്നു

ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ 45 ദിവസത്തിനിടെ 3500 രൂപയിലധികമാണ് സ്വര്‍ണത്തിന് വില വര്‍ധിച്ചത്

ആഗോള - ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണവിലയില്‍ കഴിഞ്ഞ ഒന്നരമാസത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ 45 ദിവസത്തിനിടെ 3500 രൂപയിലധികമാണ് സ്വര്‍ണത്തിന് വില വര്‍ധിച്ചത്.

മാസങ്ങള്‍ക്ക് മുന്‍പ് യുഎസ് ഫെഡറല്‍ ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെയാണ് ആഗോള വിപണി വലിയ വിലക്കയറ്റത്തിന് സാക്ഷിയായത്. യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് അവരുടെ പലിശ നിരക്ക് കൂട്ടിയതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിനിമയ മൂല്യം ഇടിയാന്‍ കാരണമായി. ഇതോടെ കൂടുതല്‍ രാജ്യങ്ങള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്തതോടെയാണ് വിലക്കയറ്റത്തിന് വഴിയൊരുക്കിയത്.

എന്നാല്‍ വിപണിയിലെ വിലക്കറ്റം സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിലുള്ള സാധ്യതയെകുറിച്ചുള്ള ചര്‍ച്ചകളും സജീവമാക്കുകയാണ്. ഇപ്പോള്‍ നിക്ഷേപം നടത്തുന്നതില്‍ സുരക്ഷിതമാണോ എന്നുള്‍പ്പെടെയുള്ള ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

വിലക്കയറ്റത്തിന്റെ കാലത്ത് സ്വര്‍ണത്തിലെ നിക്ഷേപം സുരക്ഷിതമോ?

ആഗോള വിപണിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമ്പോള്‍ സ്വര്‍ണവില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് സെബി രജിസ്റ്റേര്‍ഡ് ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസര്‍ ദേവ് ആശിഷിന്റെ പ്രതികരണം. വികസിത സമ്പദ്വ്യവസ്ഥകളുള്ള പല രാജ്യങ്ങളുടെയും വളര്‍ച്ച ദുര്‍ബലമാണ്. എന്നാല്‍ പണപ്പെരുപ്പത്തിന്റെ നിരക്ക് ക്രമേണ കുറയുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു.

നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ പരിഗണിക്കാവുന്നതാണ്. ആഗോള സാമ്പത്തിക വിപണികള്‍ 2022 ന് സമാനമായ അവസ്ഥതന്നെയായിരിക്കും 2023 ലും തുടരുക എന്നാണ് സൂചിപ്പിക്കുന്നത്. പ്രാദേശികമായ രാഷ്ട്രീയ സാഹചര്യങ്ങളും ഇതിനെ സഹായിക്കുന്നതാണ്. സ്വര്‍ണമെന്നത് മിക്കയാളുകള്‍ക്കും ഒരു പ്രധാന ആസ്തിയല്ല, എന്നാല്‍ ദീര്‍ഘകാല നിക്ഷേപം എന്ന നിലയ്ക്ക് സ്വര്‍ണത്തിന്റെ സ്വീകാര്യത വലുതാണ്. എന്നാല്‍ ഇപ്പോഴത്തെ വിപണ സാധ്യതകള്‍ വച്ച് വലിയ തോതില്‍ സ്വര്‍ണം വാങ്ങികൂട്ടുന്നതിന് പകരം നിക്ഷേപം ക്രമേണ വര്‍ധിപ്പിക്കുന്നതായിരിക്കും ഗുണപരമെന്നും ആശിഷ് പറയുന്നു.

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുദ്ധിപരമായ നീക്കമായിരിക്കുമെന്നാണ് കമ്മോഡിറ്റീസ്, എച്ച്എന്‍ഐ & എന്‍ആര്‍ഐ അക്വിസിഷന്‍സ്, ആക്സിസ് സെക്യൂരിറ്റീസ് മേധാവി പ്രീതം പട്നായികും ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണവില ഉയരുന്ന പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആഗോള സാമ്പത്തിക ശക്തികളായ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനായി പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് തുടരുന്ന സാഹചര്യം സാമ്പത്തിക പ്രതിസന്ധി ശക്തമാക്കും. അതിനാല്‍ 2022 ല്‍ കണ്ട വിലക്കയറ്റം ഈ വര്‍ഷവും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷെയര്‍ഖാന്‍ റിസര്‍ച്ച് അനലിസ്റ്റ് മുഹമ്മദ് ഇമ്രാനെ ഉദ്ധരിച്ചു ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ-ഉക്രെയ്ന്‍ യുദ്ധവും ചൈന-തായ്വാന്‍ തര്‍ക്കം ഉള്‍പ്പെടെ രാഷ്ട്രീയ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ വലിയൊരു വിലയിടിവ് സ്വര്‍ണത്തിന് സംഭവിക്കാന്‍ ഇടയില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ സ്വര്‍ണ നിക്ഷേപത്തിലുടെ ശോഭനമായ സാധ്യതകള്‍ മുതലാക്കാന്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in