ഇന്ത്യൻ തൊഴിൽ വിപണിയിൽ അഞ്ച് വർഷത്തിനുള്ളിൽ 22 ശതമാനം ഇടിവ്;പഠന റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ തൊഴിൽ വിപണിയിൽ അഞ്ച് വർഷത്തിനുള്ളിൽ 22 ശതമാനം ഇടിവ്;പഠന റിപ്പോർട്ട് പുറത്ത്

2027 ഓടെ 8.3 കോടി തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോർട്ട്

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ തൊഴിൽ വിപണിയിൽ 22 ശതമാനം ഇടിവുണ്ടാകുമെന്ന് പഠനം. 2027 ഓടെ 8.3 കോടി തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്നാണ് വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതേസമയം 6.9 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

803 കമ്പനികളിലാണ് സർവേ നടത്തിയത്. ലോകമെമ്പാടുമുള്ള 45 സമ്പദ്‌വ്യവസ്ഥകളിൽ നിന്ന് 27 വ്യത്യസ്ത ജോലികളിൽ ഉൾപ്പെട്ട 1.13 കോടി തൊഴിലാളികളാണ് ഈ കമ്പനികളിലുള്ളത്. 7.3 കോടി ജോലികളിൽ 6.9 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണ്ടെത്തിയത്. 8.3 കോടി തൊഴിലവസരങ്ങൾ ഇല്ലാതാകുന്നതോടെ നിലവിലുള്ളതിന്റെ രണ്ട് ശതമാനമാണ് (1.4 കോടി) കുറയുന്നു. ഉയർന്ന വേതനം വാഗ്ദാനം ചെയ്യുന്നത് ജീവനക്കാരെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് 36 ശതമാനം കമ്പനികളും ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ഇഎസ്ജി (പരിസ്ഥിതി, സാമൂഹിക, ഭരണം) മാനദണ്ഡങ്ങൾ തൊഴിൽ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് ഇന്ത്യയിലെ 61 ശതമാനം കമ്പനികളും പ്രതീക്ഷിക്കുന്നത്. ഇതേ തുടർന്ന് പുതിയ സാങ്കേതികവിദ്യകളുടെ വളർച്ചയും (59 ശതമാനം), ഡിജിറ്റൽ ആക്‌സസ് വിപുലീകരണവും (55 ശതമാനം) ഉണ്ടാകുമെന്നും കരുതുന്നു.

ഇന്ത്യയിലെ വ്യവസായ പരിവർത്തനത്തിൽ പ്രധാന പങ്ക് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), മെഷീൻ ലേണിംഗ് സ്പെഷ്യലിസ്റ്റുകൾ, ഡാറ്റാ അനലിസ്റ്റുകൾ, ശാസ്ത്രജ്ഞർ എന്നിവർക്കായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ഡാറ്റാ അനലിസ്റ്റുകൾ, ശാസ്ത്രജ്ഞർ, ബിഗ് ഡാറ്റ സ്പെഷ്യലിസ്റ്റുകൾ, എഐ മെഷീൻ ലേണിംഗ് സ്പെഷ്യലിസ്റ്റുകൾ, സൈബർ സെക്യൂരിറ്റി പ്രൊഫഷണലുകൾ എന്നിവരുടെ തൊഴിൽ 2027 ഓടെ ശരാശരി 30 ശതമാനം വളരുമെന്നാണ് പ്രതീക്ഷ. അതേസമയം ബാങ്ക് ടെല്ലർമാർ, കാഷ്യർമാർ, ഡാറ്റാ എൻട്രി ക്ലാർക്കുകൾ എന്നിവയുൾപ്പെടെയുള്ള ക്ലറിക്കൽ ജോലികളിൽ കുറവുണ്ടാകുമെന്ന് പഠനം സൂചിപ്പിക്കുന്നു.

വിദ്യാഭ്യാസം, കൃഷി എന്നിവയിൽ നിന്നാണ് തൊഴിൽ മേഖലയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുന്നത്. വിദ്യാഭ്യാസ മേഖലയിലെ തൊഴിലവസരങ്ങൾ ഏകദേശം 10 ശതമാനം വളരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ വൊക്കേഷണൽ അധ്യാപകർ, യൂണിവേഴ്സിറ്റി, ഉന്നത വിദ്യാഭ്യാസ അധ്യാപകർ എന്നീ മേഖലകളിൽ 3 ദശലക്ഷം അധിക ജോലികളുണ്ടാകും.

കാർഷിക മേഖലയിലെ ജോലികളിൽ 15-30 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 4 ദശലക്ഷം തൊഴിലവസരങ്ങളാണ് ഉണ്ടാക്കുക.ഉൽപ്പാദനം, എണ്ണ, വാതകം എന്നീ മേഖലകൾ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന ഗ്രീൻ സ്കിൽ തീവ്രതയുള്ളവയാണെന്നും റിപ്പോർട്ട് കണ്ടെത്തി. എണ്ണ, വാതക മേഖലയുടെ പട്ടികയിൽ ഇന്ത്യ,യുഎസ്,ഫിൻലൻഡ് എന്നീ രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്തുള്ളത്.

ആഗോളതലത്തിൽ 10 തൊഴിലാളികളിൽ ആറ് പേർക്കും 2027ന് മുൻപ് പരിശീലനം ആവശ്യമായി വരും. എന്നാൽ പകുതി ജീവനക്കാർക്ക് മാത്രമേ മതിയായ രീതിയിൽ പരിശീലന അവസരങ്ങൾ ഇന്ന് ലഭിക്കുന്നുള്ളൂ എന്നും പഠനത്തിൽ വ്യക്തമാക്കുന്നു. അതേസമയം, ഒരു തൊഴിലാളിയുടെ ശരാശരി കഴിവുകൾ 44 ശതമാനം മെച്ചപ്പെടുത്തണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in