'നഷ്ടക്കച്ചവടം'; മ്യാൻമർ തുറമുഖം മൂന്ന് കോടി ഡോളറിന് വിറ്റഴിച്ച് അദാനി പോർട്‌സ്

'നഷ്ടക്കച്ചവടം'; മ്യാൻമർ തുറമുഖം മൂന്ന് കോടി ഡോളറിന് വിറ്റഴിച്ച് അദാനി പോർട്‌സ്

പദ്ധതിക്കായി നടത്തിയ ആകെ നിക്ഷേപത്തേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് തുറമുഖം ഇപ്പോള്‍ വിറ്റിരിക്കുന്നത്

മ്യാന്മര്‍ തുറമുഖം മൂന്ന് കോടി അമേരിക്കന്‍ ഡോളറിന് വിറ്റഴിച്ചതായി അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍ ലിമിറ്റഡ് (APSEZ). പദ്ധതിക്കായി നടത്തിയ ആകെ നിക്ഷേപത്തേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് തുറമുഖം ഇപ്പോള്‍ വില്‍ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഗതാഗത യൂട്ടിലിറ്റിയായ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് സോളാര്‍ എനര്‍ജി ലിമിറ്റഡിനാണ് തുറമുഖം കൈമാറിയത്.

2022 മെയിലാണ് മ്യാന്മര്‍ തുറമുഖം വില്‍ക്കാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചത്. മ്യാന്‍മറിലുണ്ടായ പട്ടാള അട്ടിമറിയെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ രാജ്യാന്തര തലത്തിലുയര്‍ന്ന പ്രതിഷേധങ്ങളും അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധവുമാണ് പിന്മാറ്റത്തിന് കാരണം. ഉപരോധത്തിന് പിന്നാലെ വന്‍കിട കമ്പനികളുടെ കപ്പലുകള്‍ മ്യാന്മര്‍ തുറമുഖത്ത് അടുക്കില്ലെന്ന സ്ഥിതിവിശേഷമായി. പദ്ധതി പൂര്‍ത്തീകരിക്കുന്നതടക്കം പല മാനദണ്ഡങ്ങളും പാലിക്കപ്പെടാത്തതാണ് കൈമാറ്റം വൈകാന്‍ കാരണമായത്.

പ്രധാന ന്യൂനപക്ഷ ഓഹരി ഉടമകളുടെ സ്വാധീനമാണ് തീരുമാനത്തിന് പിന്നിലെന്ന് അദാനി ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപരോധത്തിന് വിധേയരായവരുമായി ഇടപാടുകള്‍ക്കില്ലെന്നും കമ്പനി ആവര്‍ത്തിക്കുന്നു. 2021 ഒക്ടോബര്‍ മുതല്‍ റിസ്‌ക് കമ്മിറ്റിയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയും അദാനി പോര്‍ട്സിന്റെ ബോര്‍ഡില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശത്തിന് അനുസൃതമായുമാണ് വില്പന എന്ന് അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനി പറഞ്ഞു. വില്പന പൂര്‍ത്തിയായെന്ന പ്രഖ്യാപനം ഓഹരി വിപണിയില്‍ അദാനി പോര്‍ട്‌സിന് നേട്ടമായി. ബിഎസ്ഇയില്‍ അദാനി പോര്‍ട്‌സിന്‌റെ ഓഹരിമൂല്യം 1.18 ശതമാനം ഉയര്‍ന്ന് 677.75 രൂപയായി.

2022 ജൂണിന് മുന്‍പായി വില്പന പൂര്‍ത്തിയാക്കാനായിരുന്നു അദാനി ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. സമയക്രമം പാലിക്കാനാകാതെ വന്നതോടെ ക്രയവിക്രയം സംബന്ധിച്ച് വീണ്ടും വിലപേശല്‍ ഉണ്ടായി. അങ്ങനെയാണ് മൂന്ന് കോടി ഡോളറിലേക്ക് ഒതുങ്ങിയത്. മ്യാന്മര്‍ തുറമുഖം വാങ്ങിയ സോളാര്‍ എനര്‍ജി ലിമിറ്റഡിന്‌റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമല്ല.

2021 ലെ രേഖകള്‍ പ്രകാരം, പദ്ധതിക്കായി അദാനി ഗ്രൂപ്പ് 12.7 കോടി ഡോളര്‍ മുതല്‍ മുടക്കിയിട്ടുണ്ട്. ഭൂമി പാട്ടത്തിന് നല്‍കിയ ഒന്‍പത് കോടി രൂപ ഉള്‍പ്പെടെയാണ് ഇത്. 20 കോടിയോളം ഡോളര്‍ അദാനി ഗ്രൂപ്പ് പദ്ധതിക്കായി നിക്ഷേപിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. അതായത്. മുതല്‍ മുടക്കിയതിലും വളരെ കുറഞ്ഞ തുകയ്ക്കാണ് വില്പനയെന്ന് വ്യക്തം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖങ്ങളുള്ള ലോജിസ്റ്റിക്സ് കമ്പനിയാണ് അദാനി പോര്‍ട്‌സ്. ഗുജറാത്ത്, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിലുള്ള 11 തുറമുഖങ്ങള്‍ ഇതിലുള്‍പ്പെടും.

logo
The Fourth
www.thefourthnews.in