ബൈജു രവീന്ദ്രനെ 28 വരെ സിഇഒ സ്ഥാനത്തുനിന്ന് നീക്കരുത്; ഉത്തരവ് കാലാവധി നീട്ടി കര്‍ണാടക ഹൈക്കോടതി

ബൈജു രവീന്ദ്രനെ 28 വരെ സിഇഒ സ്ഥാനത്തുനിന്ന് നീക്കരുത്; ഉത്തരവ് കാലാവധി നീട്ടി കര്‍ണാടക ഹൈക്കോടതി

അസാധാരണ ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്ത നിക്ഷേപകര്‍, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചിരുന്നു

എഡ്-ടെക് സ്ഥാപനം ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓഹരി ഉടമകളുടെ തീരുമാനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് മാര്‍ച്ച് 28 വരെ നീട്ടി കര്‍ണാടക ഹൈക്കോടതി. ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ, അസാധാരണ ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ത്ത നിക്ഷേപകര്‍, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചിരുന്നു.

നിക്ഷേപകര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ കമ്പനിയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി എസ് സുനില്‍ ദത്ത് യാദവ് ഇടക്കാല ഉത്തരവ് നീട്ടിയത്. കമ്പനിയും ഓഹരി ഉടമകളും തമ്മിലുള്ള തര്‍ക്കം നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് മുന്നിലാണെന്ന് ബൈജൂസ് കോടതിയില്‍ വാദിച്ചു.

കഴിഞ്ഞദിവസം, ബൈജൂസിന്റെ ഓഫീസുകള്‍ പൂട്ടാന്‍ കമ്പനി നിര്‍ദേശം നല്‍കിയിരുന്നു. ബെംഗളൂരുവിലെ നോളജ് പാര്‍ക്കിലുള്ള പ്രധാന ഓഫീസ് ഒഴികെ, ബാക്കിയുള്ള ഓഫീസുകള്‍ പൂട്ടാനാണ് നിര്‍ദേശം. ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി.

ബെംഗളൂരു ആസ്ഥാനത്തെയും 300 ബൈജൂസ് ട്യൂഷന്‍ സെന്ററുകളിലേയും ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായാണ് നീക്കം. ബൈജൂസ് ഇന്ത്യ സിഇഒ അര്‍ജുന്‍ മോഹന്റെ നേതൃത്വത്തില്‍ പുനഃക്രമീകരണ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.

ബൈജു രവീന്ദ്രനെ 28 വരെ സിഇഒ സ്ഥാനത്തുനിന്ന് നീക്കരുത്; ഉത്തരവ് കാലാവധി നീട്ടി കര്‍ണാടക ഹൈക്കോടതി
ബൈജൂസ് ഓഫീസുകള്‍ പൂട്ടുന്നു; ജീവനക്കാരോട് 'വര്‍ക്ക് ഫ്രം ഹോം' പ്രവേശിക്കാന്‍ നിര്‍ദേശം

നിയമപ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബൈജൂസ്, ഒരു വർഷത്തിനിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 75 ശതമാനം ജീവനക്കാര്‍ക്കും ഫെബ്രുവരി മാസത്തെ ശമ്പളവിഹിതം തടഞ്ഞുവച്ചിരിക്കുന്ന ഘട്ടത്തിലാണ് പുതിയ നീക്കം. ഫെബ്രുവരി ശമ്പളം മാര്‍ച്ച് പത്തിനകം ലഭിക്കുമെന്ന് ബൈജു രവീന്ദ്രന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ശമ്പളം നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടു.

വിദേശനാണ്യ വിനിമയ ചട്ടലംഘനം അടക്കമുള്ള കേസുകളില്‍ ബൈജു രവീന്ദ്രനെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്. ബൈജുവിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് അസാധാരണ ജനറല്‍ ബോഡി യോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളി ബൈജു രവീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തന്നെ ആരും പുറത്താക്കിയിട്ടില്ലന്നും താന്‍ തന്നെയാണ് കമ്പനിയുടെ സിഇഒയെന്നും ബൈജു പറഞ്ഞിരുന്നു.

നിക്ഷേപകരുടെ യോഗത്തെ പ്രഹസനമെന്നാണ് കുറിപ്പില്‍ ബൈജു രവീന്ദ്രന്‍ വിശദീകരിച്ചത്. തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്തുവെന്നത് അഭ്യൂഹം മാത്രമാണെന്നും അതിശയോക്തി കലര്‍ന്ന തെറ്റായ വര്‍ത്തയാണെന്നുമാണ് ബൈജുവിന്റെ വാദം.

നിക്ഷേപകരുടെ പൊതുയോഗത്തില്‍ 60 ശതമാനം അംഗങ്ങളും ബൈജു രവീന്ദ്രനെയും മറ്റ് കുടുംബാംഗങ്ങളെയും സ്ഥാപനത്തിന്റെ ബോര്‍ഡ് മെമ്പര്‍മാരില്‍നിന്ന് പുറത്താക്കാന്‍ വോട്ട് ചെയ്തിരുന്നു. സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാല്‍ ഈ തീരുമാനത്തെ എതിര്‍ത്ത ബൈജു, ബോര്‍ഡംഗങ്ങള്‍ സ്ഥാപിത നിയമങ്ങള്‍ ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തിയിരുന്നു. ബൈജു രവീന്ദ്രനോ കുടുംബമോ 'അസാധു' എന്ന് അവര്‍ കരുതിയ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

logo
The Fourth
www.thefourthnews.in