കേൾവി പരിമിതരുടെ കൈപിടിച്ച് ഡാഡ്; 
പരിമിതി മറികടന്ന് പഠനവും പരിശീലനവും

കേൾവി പരിമിതരുടെ കൈപിടിച്ച് ഡാഡ്; പരിമിതി മറികടന്ന് പഠനവും പരിശീലനവും

സാങ്കേതിക വിഷയങ്ങളില്‍ നല്ല താല്പര്യമുള്ള കേള്‍വി പരിമിതരായ ആളുകള്‍ക്ക് അത്തരം വിഷയങ്ങളില്‍ പ്രായോഗിക വിദ്യാഭ്യാസം നേടാന്‍ അവസരങ്ങളില്ലാത്തത് വലിയ വെല്ലുവിളിയാണ്

ശബ്ദമില്ലാത്തവരുടെ ലോകത്ത് വിജയത്തിന്റെ ഉറച്ച ശബ്ദമാവുകയാണ് ഡിജിറ്റല്‍ ആര്‍ട്‌സ് അക്കാദമി ഫോര്‍ ഡഫ് (ഡാഡ്) എന്ന സ്റ്റാര്‍ട്ടപ് സ്ഥാപനം. കേള്‍വി പരിമിതരായ ആളുകള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നേടികൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡാഡ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്ഥാപിച്ചത്. കേള്‍വി പരിമിതരായ നാല് സ്ത്രീ സംരഭകരാണ് ഡാഡിന്റെ സ്ഥാപകര്‍. സാങ്കേതിക വിഷയങ്ങളും തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നൈപുണ്യ കോഴ്‌സുകളുമാണ് ആംഗ്യഭാഷയിലുള്ള ഓണ്‍ലൈന്‍ വീഡിയോ ക്ലാസുകളില്‍ ഡാഡ് സല്‍കുന്നത്.

ഇന്ത്യയില്‍, കേള്‍വി പരിമിതരായ ആളുകള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നേടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന മനസിലാക്കലില്‍ നിന്നാണ് ഡിജിറ്റല്‍ ആര്‍ട്‌സ് അക്കാദമി ഫോര്‍ ഡഫ് എന്ന ആശയമുണ്ടായതെന്ന് ഡാഡിന്റെ സ്ഥാപകയായ രമ്യ രാജ് ദ ഫോര്‍ത്തിനോട് പറഞ്ഞു. കേള്‍വിപരിമിതര്‍ക്ക് മതിയായ വിദ്യാഭ്യാസം നേടാന്‍ സാഹചര്യമില്ലാത്തതിനാല്‍ ഇങ്ങനെയുള്ള ആളുകള്‍ തൊഴിലില്ലാത്തവരും എന്തെങ്കിലും താൽകാലിക ജോലി മാത്രമുള്ളവരുമായി തുടരുന്നു. പരമ്പരാഗതമായ വിദ്യാഭ്യാസ രീതികള്‍ കേള്‍വിപരിമിതര്‍ക്ക് അഭികാമ്യമായ തരത്തിലല്ല. വിദ്യാഭ്യാസത്തിലും ജോലിയിലും ഇത് അവരെ പിന്നോട്ട് എത്തിക്കും. ഡാഡ് പ്ലാറ്റ്‌ഫോം കേള്‍വിപരിമിതര്‍ക്ക് അഭികാമ്യമായ രീതിയില്‍ പ്രായോഗിക വിദ്യാഭ്യാസം നല്‍കാനും കൂടുതല്‍ ജോലി സാധ്യതകളിലേക്ക് അവരെ എത്തിക്കാനുമുള്ള അവസരവുമായാണ് സ്ഥാപകര്‍ കാണുന്നതെന്ന് രമ്യ വ്യക്തമാക്കി.

ഡാഡിന്റെ സ്ഥാപകയും സിഇഒയുമായ രമ്യ രാജ്
ഡാഡിന്റെ സ്ഥാപകയും സിഇഒയുമായ രമ്യ രാജ്

പഠന വിഷയങ്ങള്‍ ആംഗ്യഭാഷയിലുള്ള വീഡിയോ ക്ലാസുകളായാണ് ഡാഡില്‍ അവതരിപ്പിക്കുന്നത്. വീഡിയോയില്‍ ചിത്രങ്ങളും അനിമേഷന്‍സുമൊക്കെ ഉപയോഗിക്കുകയും ഇന്ററാക്ടീവ് സെക്ഷന്‍സ് ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിലൂടെ ക്ലാസുകള്‍ കേള്‍വിപരിമിതര്‍ക്ക് പൂര്‍ണമായും മനസിലാകുന്ന തരത്തില്‍ ഏറ്റവും മെച്ചപ്പെട്ടതാക്കുന്നുണ്ടെന്ന് രമ്യ പറയുന്നു. ചര്‍ച്ചകളും ക്വിസുകളുമൊക്കെ ക്ലാസുകളില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ഇടപഴകാനും മനസിലാക്കാനും സാധിക്കും. ആംഗ്യഭാഷയില്‍ മികച്ച പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.

ഒണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കേള്‍വി പരിമിതരായ ആളുകള്‍ക്ക് നല്‍കുന്ന ക്ലാസുകള്‍ക്ക് സ്വാഭാവികമായും പരിമിതികള്‍ ഉണ്ടായേക്കാം. എന്നാല്‍ നല്ല രീതിയില്‍ രൂപകല്‍പ്പന ചെയ്യുകയും മാനേജ് ചെയ്യുകയും ചെയ്യുകയാണെങ്കില്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ ലഘൂകരിക്കാനും മികച്ച ക്ലാസുകള്‍ നല്‍കുന്നതിനും സാധിക്കുമെന്നു രമ്യ വ്യക്തമാക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുമായി സംവദിക്കാന്‍ ഇമെയില്‍, ലൈവ് ചാറ്റ് , ഡിസ്‌കഷന്‍ ഫോറം എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ സാധിക്കും. ഒരു വിദ്യാര്‍ഥി തന്റെ സംശയം പോസ്റ്റ് ചെയ്യുമ്പോള്‍ അധ്യാപകര്‍ക്ക് അതിന്റെ നോട്ടിഫിക്കേഷന്‍ അപ്പോള്‍ തന്നെ ലഭിക്കും. ഉടന്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കാനും സാധിക്കും. വെബിനാറുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുമായി നേരിട്ട് സംവദിക്കാനും സാധിക്കും.

ഡാഡ് ടീം
ഡാഡ് ടീം

സാങ്കേതിക വിഷയങ്ങളില്‍ നല്ല താല്പര്യമുള്ള കേള്‍വി പരിമിതരായ ആളുകള്‍ക്ക് അത്തര വിഷയങ്ങളില്‍ പ്രായോഗിക വിദ്യാഭ്യാസം നേടാന്‍ അവസരങ്ങളില്ലാത്തത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഡാഡ് പ്ലാറ്റ്‌ഫോമില്‍ കമ്പ്യൂട്ടര്‍ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ സേര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. ആറാം ക്ലാസുകള്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഡാഡ് ഓണ്‍ലൈന്‍ ട്യൂഷന്‍ നല്‍കുന്നുണ്ട്. അഡോബ് ഫോട്ടോഷോപ്പ്, അഡോബ് ഇലസ്‌ട്രേറ്റര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, പിഎസ്‌സി, എസ്എസ്‌സി തുടങ്ങി നിരവധി തൊഴില്‍ നൈപുണ്യ കോഴ്‌സുകളും ഡാഡ് നല്‍കുന്നുണ്ട്. ഓരോ വിദ്യാര്‍ഥിയും വിഷയം പഠിക്കാനെടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും അതിനനുസരിച്ച് കോഴ്‌സ് കാലാവധിയും ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കുമെന്നും രമ്യ പറയുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലി കണ്ടെത്താനും ഡാഡ് സഹായിക്കുന്നുണ്ട്. ബേസിക് ലെവല്‍ കോഴ്‌സുകള്‍ സൗജന്യമായും തുടര്‍ന്നുള്ള കോഴുസുകള്‍ ഫീസ് ഈടാക്കിയുമാണ് നടത്തുന്നത്.

ഇത്തരമൊരു പ്ലാറ്റ്‌ഫോം ഉണ്ടാക്കുന്നതില്‍ ധാരാളം വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെന്ന് രമ്യ പറഞ്ഞു. കേള്‍വിപരിമിതരായ ആളുകള്‍ക്ക് ഉതകുന്ന രീതിയില്‍ പ്ലാറ്റ് ഫോം രൂപകല്‍പ്പന ചെയ്യുക എന്നതായിരുന്നു നേരിട്ട വലിയ വെല്ലുവിളി. എന്നാല്‍ കാഴ്ച പരിമിതര്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയിലാണ് ഡാഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡാഡില്‍ നിന്ന് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക് ജോലി ലഭിച്ചുവെന്നതും കേള്‍വിപരിമിതര്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്നുള്ളതും ഒരു സ്റ്റാര്‍ട്ടപ് എന്ന നിലയില്‍ ഡാഡിന്റെ വിജയമാണെന്ന് രമ്യ വ്യക്തമാക്കി.

ഇത്തരത്തിലുള്ള ആശയങ്ങള്‍ ഉള്ളവര്‍ ഉപഭോക്താവിന്റെ കൃത്യമായ ആവശ്യം മനസിലാക്കുകയാണെങ്കില്‍ നല്ലൊരു സ്റ്റാര്‍ട്ട്അപ് തുടങ്ങി വിജയിക്കാന്‍ സാധിക്കുമെന്ന് രമ്യ പറഞ്ഞു. കേള്‍വിപരിമിതര്‍ നേരിടുന്ന വെല്ലുവുളികള്‍ ഞങ്ങള്‍ക്ക് അറിയാമെന്നും അവരെ ലോകത്ത് മറ്റുള്ളവരെ പോലെ തന്നെ സാധാരണമായി ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങള്‍ ചെയ്തതെന്നും രമ്യ പറയുന്നു.

കൂടുതല്‍ കോഴ്‌സുകളും ക്ലാസുകളും കൂടുതല്‍ മെച്ചപ്പെട്ട പഠനരീതികളും ഉള്‍പ്പെടുത്തികൊണ്ട് ഡാഡ് പ്ലാറ്റ്‌ഫോം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും കേള്‍വി പരിമിതി ഉള്ള ആളുകള്‍ക്ക് ഈ ലോകത്ത് മറ്റുള്ളവരെപോലെതന്നെയുള്ള ജീവിതം സാധ്യമാക്കുനുള്ള ഞങ്ങളുടെ ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നും രമ്യ രാജ് കൂട്ടിചേര്‍ത്തു.

logo
The Fourth
www.thefourthnews.in