ഇന്ത്യ ലോകത്തെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി തുടരുമെന്ന് ലോകബാങ്ക്; ജിഡിപി 6.9 ശതമാനമായി ഉയര്‍ത്തി

ഇന്ത്യ ലോകത്തെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി തുടരുമെന്ന് ലോകബാങ്ക്; ജിഡിപി 6.9 ശതമാനമായി ഉയര്‍ത്തി

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ ജിഡിപി വളര്‍ച്ചാ അനുമാനം 6.9 ശതമാനമായി ഉയര്‍ത്തി

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ തുടരുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ജിഡിപി വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ലോകബാങ്ക് ഉയര്‍ത്തി. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

വളര്‍ന്ന് വരുന്ന സമ്പദ് വ്യവസ്ഥകളില്‍ പ്രതിഫലിക്കുന്ന മാന്ദ്യം ഇന്ത്യയെ ബദല്‍ നിക്ഷേപ കേന്ദ്രമായി മാറ്റിയേക്കുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും പോലെയുള്ള സാഹചര്യങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെങ്കിലും താരതമ്യേന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണ്. സമ്പദ് വ്യവസ്ഥയില്‍ നടത്തുന്ന പോസിറ്റീവ് ഇടപെടലുകള്‍ അടുത്ത സാമ്പത്തിവര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.9 ശതമാനം വളര്‍ച്ച കൈവരിക്കുന്നതിന് സഹായകരമാകുമെന്ന് ലോകബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷം ജിഡിപി 6.8 ശതമാനം മുതല്‍ ഏഴ് ശതമാനം വരെ ആയിരിക്കുമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. വാര്‍ഷിക റീട്ടെയില്‍ പണപ്പെരുപ്പ കണക്കുകള്‍ ഒക്ടോബറില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.77 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ നിരക്ക് ഇപ്പോഴും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 6.4 ശതമാനമായി കുറയ്ക്കാനായി. പണപ്പെരുപ്പം ഒക്ടോബറില്‍ 6.77 ശതമാനമായി കുറഞ്ഞു.

ഇന്ത്യയുടെ കടവും സുസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകളും ലോക ബാങ്ക് സാമ്പത്തിക വിദഗ്ധന്‍ തള്ളിക്കളഞ്ഞു. ആഗോള ചരക്ക് വിലയിലുണ്ടായ വര്‍ധനയും പണനയങ്ങള്‍ കടുപ്പിക്കുന്നതും സമ്പദ് വ്യവസ്ഥയെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. മറ്റ് വളര്‍ന്നുവരുന്ന വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ അത്ര മോശമായ അവസ്ഥയിലല്ലെന്ന് ലോകബാങ്ക് ഊന്നിപ്പറയുന്നു. എന്നാല്‍, ഈ വര്‍ഷം രൂപയുടെ മൂല്യം ഏകദേശം 10% ഇടിഞ്ഞിട്ടുണ്ടെന്നും ലോകബാങ്കിലെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in