ഖാദർ കമ്മിറ്റി റിപ്പോർട്ട് 
പൂർണമായും നടപ്പാക്കാൻ സർക്കാർ; പൊതുജനാഭിപ്രായം തേടി; പ്രഹസനമെന്ന് പ്രതിപക്ഷ സംഘടനകൾ

ഖാദർ കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പാക്കാൻ സർക്കാർ; പൊതുജനാഭിപ്രായം തേടി; പ്രഹസനമെന്ന് പ്രതിപക്ഷ സംഘടനകൾ

നിർദേശങ്ങൾ പൂർണമായി നടപ്പിലാക്കാൻ സ്പെഷ്യൽ റൂൾ സമഗ്രമായി പരിഷ്കരിക്കാനാണ് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്ക്കരണം ലക്ഷ്യമിട്ട് സമർപ്പിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ. ഇതിനായി അഭിപ്രായങ്ങൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അടക്കം എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായങ്ങൾ ഇതിനായി പരിഗണിക്കും. എന്നാൽ സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധം ഉയരുകയാണ്. റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ നേരത്തെ തന്നെ പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു.

സമിതി നിർദേശിച്ച ഭരണപരമായ മാറ്റങ്ങൾ ഇതിനോടകം സർക്കാർ നടപ്പാക്കാൻ ആരംഭിച്ചു. ഒറ്റ ഡയറക്ടറേറ്റ് നിലവിൽ വന്നിട്ടുണ്ട്. നിർദേശങ്ങൾ പൂർണമായി നടപ്പിലാക്കാൻ സ്പെഷ്യൽ റൂൾ സമഗ്രമായി പരിഷ്കരിക്കാനാണ് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്. ഇതിനായി സെക്രട്ടറിയേറ്റില്‍ പ്രത്യേക സെൽ രൂപീകരിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

വി ശിവൻകുട്ടി
വി ശിവൻകുട്ടി

എന്താണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്?

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ പരിഷ്ക്കരണം ലക്ഷ്യമിട്ട് 2017ലാണ് എംഎ ഖാദർ അധ്യക്ഷനായുള്ള മൂന്നംഗ സമിതിയെ നിയോഗിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ നീക്കം. ജ്യോതിചൂഡന്‍, സി രാമകൃഷ്ണൻ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കുക എല്ലാ വിദ്യാർഥികൾക്കും ജാതി, മതം, ലിംഗം, വിശ്വാസം എന്നീ വ്യത്യാസമില്ലാതെ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യം. ഘടനാപരവും അല്ലാത്തതുമായ നിരവധി നിർദേശങ്ങളാണ് സമിതി മുന്നോട്ട് വെച്ചത്.

പ്രധാന നിർദേശങ്ങൾ

1. പൊതു വിദ്യാഭ്യാസം, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവയെ ഏകോപിപ്പിച്ച്‌ ഒറ്റ ഡയറക്ടറേറ്റിന്റെ കീഴിൽ കൊണ്ടുവരിക.

2. നിലവിലുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തല വിഭജനം മാറ്റി ഒന്ന് മുതൽ എട്ട് വരെ ക്ലാസുകൾ പ്രാഥമിക തലവും, ഒൻപത് മുതൽ പന്ത്രണ്ട് വരെ സെക്കൻഡറിതലവുമായി പരിഗണിക്കുക.

3.പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവർക്കാകും സ്കൂളിന്റെ ചുമതല. നിലവിൽ ഹൈസ്കൂൾ ചുമതലയുള്ള ഹെഡ് മാസ്റ്റർ ആകും വൈസ് പ്രിൻസിപ്പാൾ.

4. എസ്എസ്എല്‍സി, എച്ച്എസ്ഇ, വിഎച്ച്എസ്ഇ എന്നിവയ്ക്ക് ഏകീകൃത പരീക്ഷ ബോർഡ് നടപ്പാക്കുക.

2019 ലാണ് സമിതി ആദ്യ ഘട്ട റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നത്.

റിപ്പോർട്ട് നേരിടുന്ന എതിർപ്പുകൾ

റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ എതിർപ്പുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്തു വന്നു. വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതാണ് നിർദേശങ്ങൾ എന്നാണ് അവരുടെ വാദം. പരീക്ഷ നടത്തിപ്പിനെ വരെ അത് ബാധിക്കുമെന്ന് അവർ പറയുന്നു. ഘടനാപരമായ മാറ്റമല്ലാതെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്ന നിർദേശങ്ങൾ റിപ്പോർട്ടിൽ ഇല്ലെന്നും വിമർശനമുണ്ട്. സമിതി വിവിധ വിഭാഗം ആളുകളിൽ നിന്ന് അഭിപ്രായം തേടിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ അഭിപ്രായം അറിഞ്ഞതിന് ശേഷം സമിതിയുടെ പരിഗണനാ വിഷയം മാറ്റി. ഇതും എതിർപ്പിന് വഴിവെച്ചു.

നിലവിൽ പൊതുജനാഭിപ്രായം തേടിയത് പ്രസഹനമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. അഞ്ചു വർഷമായിട്ടും അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതും വമർശനങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്

മൂന്ന് വിഭാഗങ്ങളെയും (എസ്എസ്എല്‍സി, എച്ച്എസ്ഇ, വിഎച്ച്എസ്ഇ) ഒന്നിപ്പിക്കുന്നതിനെതിരെ ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപകരും രംഗത്ത്‌ വന്നിരുന്നു. നിലവിൽ ഉയർന്ന ശമ്പളം പറ്റുന്ന ഹയർ സെക്കൻഡറി അധ്യാപകർക്ക്, ക്ലാസുകൾ ലയിപ്പിക്കുക വഴി ഹൈസ്കൂൾ അധ്യാപകരുമായി വരുന്ന ശമ്പളത്തിലെ തുല്യത പരിഹരിക്കാത്തതാണ് അവരുടെ ആശങ്ക. കൂടാതെ നിലവിലെ മാറ്റങ്ങൾ വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തുന്നതല്ലെന്നും, ഭരണപരമായ കാര്യങ്ങൾ എളുപ്പമാക്കുന്നത് മാത്രമാണെന്നും ആക്ഷേപമുണ്ട്. കൂടാതെ പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവരുടെ അധികാരങ്ങൾ വ്യക്തമാക്കാത്തതിലെ ആശയക്കുഴപ്പവും സംഘടനകൾ പങ്കുവെയ്ക്കുന്നു.

വിവാദം അവസാനിക്കുന്നില്ല

സർക്കാർ റിപ്പോർട്ട് നടപ്പിലാക്കാൻ നടപടി ആരംഭിച്ചു കഴിഞ്ഞെന്നും നിലവിൽ പൊതുജനാഭിപ്രായം തേടിയത് പ്രസഹനമെന്നുമാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. അഞ്ചു വർഷമായിട്ടും അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതും വമർശനങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. എന്നാൽ ഭരണ നടപടികൾ സുഗമമാക്കാൻ ഘടനാപരമായ മാറ്റം മാത്രമാണ് നടപ്പാക്കിയതെന്നും ആരോപണം അടിസ്ഥാന രഹിതമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in