ഇനിയും വേണോ ആൺ-പെൺ സ്കൂളുകൾ? ബാലാവകാശ കമ്മീഷന്‍ ശുപാർശയുടെ പ്രസക്തിയെന്ത്? പ്രതികരണം

ഇനിയും വേണോ ആൺ-പെൺ സ്കൂളുകൾ? ബാലാവകാശ കമ്മീഷന്‍ ശുപാർശയുടെ പ്രസക്തിയെന്ത്? പ്രതികരണം

ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഉടനടി നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം

ലിംഗസമത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. തുല്യതയിലേക്കുള്ള ചുവടുവെപ്പ് സ്കൂളുകളില്‍ തന്നെ തുടങ്ങണമെന്നാണ് വാദം. അടുത്ത അധ്യയനവര്‍ഷം മുതല്‍, ആണ്‍-പെണ്‍ വേര്‍തിരിവുള്ള സ്കൂളുകള്‍ വേണ്ടെന്ന ബാലാവകാശ കമ്മീഷന്‍റെ ശുപാര്‍ശയും അതിനോടുള്ള സര്‍ക്കാരിന്‍റെ പ്രതികരണവുമാണ് പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.

മിക്സഡ് സ്കൂളുകൾ മതി, സഹവിദ്യാഭ്യാസം നടപ്പാക്കാനായി ആണ്‍, പെണ്‍ സ്കൂളുകൾ എന്നുള്ള വിഭജനം മാറ്റണം. അതിനായി കർമപദ്ധതി തയ്യാറാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്‌സിഇആര്‍ടിക്കുമുള്ള നിര്‍ദേശം. അഞ്ചല്‍ സ്വദേശി ഡോ: ഐസക് പോള്‍ നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്‍റെ ശുപാര്‍ശ.

എന്നാല്‍, കമ്മീഷന്‍റെ നിര്‍ദേശത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഉടനടി നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. ഒറ്റ ദിവസം കൊണ്ട് മുഴുവൻ സ്കൂളും മിക്സഡ് ആക്കാനാകില്ല. 18 സ്കൂളുകള്‍ മിക്സഡ് ആക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ എന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍.

ഒറ്റ ദിവസം കൊണ്ട് മുഴുവൻ സ്കൂളും മിക്സഡ് ആക്കാനാകില്ല. 18 സ്കൂളുകള്‍ മിക്സഡ് ആക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ
വി ശിവന്‍കുട്ടി, വിദ്യാഭ്യാസമന്ത്രി

1993ലെ വിദ്യാഭ്യാസ നയത്തില്‍, സഹവിദ്യാഭ്യാസം നടപ്പാക്കിയെങ്കിലും ഇപ്പോഴും അറിയപ്പെടുന്ന പല സ്‌കൂളുകളും ആണ്‍കുട്ടികള്‍ക്ക് അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഉള്ളതാണ്. സ്ത്രീ പുരുഷ സമത്വത്തെ കുറിച്ച് നാം വാചാലരാകുമ്പോള്‍ തന്നെയാണ് പല സ്‌കൂളുകളിലും കടുത്ത ബാലാവകാശ ലംഘനം നടക്കുന്നത്. സംസ്ഥാനത്ത് ഏകദേശം 164 സ്‌കൂളുകള്‍ ആണ്‍കുട്ടികള്‍ക്കും 280 സ്‌കൂളുകള്‍ പെണ്‍കുട്ടികള്‍ക്കും മാത്രമായി ഉണ്ടെന്നാണ് ബാലാവകാശ കമ്മീഷന്‍റെ കണ്ടെത്തല്‍. അതിന്‍റെ അടിസ്ഥാനത്തിലാണ് മിക്സഡ് സ്കൂളുകൾ എന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. കമ്മീഷന്‍ നിര്‍ദേശങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുമ്പോള്‍, സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ദി ഫോര്‍ത്ത്.

ആര്‍.എസ് ശശികുമാര്‍, വിദ്യാഭ്യാസ വിദഗ്ധന്‍

ഈ അത്യാധുനിക കാലഘട്ടത്തില്‍, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് പറയുമ്പോള്‍ അതിനോട് യോജിക്കാന്‍ കഴിയില്ല. പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരസ്പരം അറിഞ്ഞ് മുന്നോട്ടു പോകണം. മുന്‍ കാലങ്ങളില്‍ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹവിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെയാണ് ഇത്തരമൊരു മാറ്റം സംഭവിച്ചത്.

നമ്മുടെ മാതാപിതാക്കളില്‍ പലരും പെണ്‍കുട്ടികളെ പെണ്‍വിദ്യാലയങ്ങളില്‍ വിട്ട് പഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. രക്ഷിതാക്കള്‍ മുന്‍ഗണന നല്‍കുന്നത് സുരക്ഷിതത്വത്തിനാണ്. പെണ്‍ സ്‌കൂളുകളില്‍ അവര്‍ സുരക്ഷിതരായിരിക്കുമെന്ന വിശ്വാസമാണ് രക്ഷിതാക്കളെ അതിന് പ്രേരിപ്പിക്കുന്നത്. അതിനാല്‍, പെട്ടെന്ന് ഒറ്റദിവസംകൊണ്ട് ഇതിലൊക്കെ മാറ്റം കൊണ്ടുവരുകയെന്നത് പ്രായോഗികമായ കാര്യമല്ല.

നമ്മുടെ മാതാപിതാക്കളില്‍ പലരും പെണ്‍കുട്ടികളെ പെണ്‍വിദ്യാലയങ്ങളില്‍ വിട്ട് പഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. രക്ഷിതാക്കള്‍ മുന്‍ഗണന നല്‍കുന്നത് സുരക്ഷിതത്വത്തിനാണ്. പെണ്‍ സ്‌കൂളുകളില്‍ അവര്‍ സുരക്ഷിതരായിരിക്കുമെന്ന വിശ്വാസമാണ് രക്ഷിതാക്കളെ അതിന് പ്രേരിപ്പിക്കുന്നത്.

വിഷയത്തില്‍ വിശദമായ പഠനം നടത്താതെ പെട്ടെന്നൊരു തീരുമാനമെടുക്കുന്നത് ഔചിത്യമായിരിക്കില്ല. ഒരു സുപ്രഭാതത്തില്‍ പെണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂളിലേക്ക് ആണ്‍കുട്ടികളെ കൊണ്ടുവരുമ്പോള്‍, ഒരു വിഭാഗത്തിനും അത് അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളും ബോധവത്ക്കരണവും ഉറപ്പാക്കിയതിനുശേഷമേ പദ്ധതി നടപ്പാക്കാവൂ.

ഇത്തരത്തിലുള്ള സ്‌കൂളുകള്‍ ഉണ്ടെങ്കില്‍ അത് നിലനിര്‍ത്തണം. അഡ്മിഷന്‍റെ കാര്യത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവേചനാധികാരം നല്‍കണം. ഇനി വരുന്ന സ്‌കൂളുകളെ സഹവിദ്യാഭ്യാസ സ്ഥാപനമായി മാത്രം അംഗീകരിക്കുക എന്നതാണ് നമുക്ക് ചെയ്യാനാകുന്നത്. ആണ്‍, പെണ്‍ വിദ്യാര്‍ഥികള്‍ ഒന്നിച്ചു പഠിക്കുന്നതില്‍ കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ താല്‍പ്പര്യക്കുറവുണ്ടെങ്കില്‍ അത് പരിഗണിക്കണം. അല്ലാത്തവര്‍ക്ക് ഒരുമിച്ച് പഠിക്കാനുള്ള അവസരം നല്‍കണം.

ഡോ. ജാന്‍സി ജെയിംസ്, എംജി യൂണിവേഴ്‌സിറ്റി മുന്‍ വിസി

ഈ വിഷയത്തില്‍ നാം ആദ്യം പരിഗണിക്കേണ്ടത് മാതാപിതാക്കളുടെയും കുട്ടികളുടെയും താല്‍പ്പര്യമാണ്. മാതാപിതാക്കള്‍ക്ക് കുട്ടികളെ പെണ്‍വിദ്യാലയങ്ങളിലോ ആണ്‍ വിദ്യാലയങ്ങളിലോ പഠിപ്പിച്ചാല്‍ മതിയെന്നുണ്ടാകും. അവരുടെ അഭിപ്രായത്തെയും താല്‍പ്പര്യങ്ങളെയുംകൂടി മാനിക്കുക എന്നതാണ് ഈ അവസരത്തില്‍ നാം ചെയ്യേണ്ടത്.

പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു സ്ഥാപനത്തില്‍ പഠിച്ചയാളെന്ന നിലയിലും, പഠിപ്പിച്ച ആളെന്ന നിലയിലും അത്തരത്തിലുള്ള ബുദ്ധിമുട്ട് ആരെങ്കിലും നേരിടുന്നതായി കണ്ടിട്ടില്ല. ആണ്‍ വിദ്യാലയത്തില്‍ മാത്രം പഠിച്ച ആണ്‍ സുഹൃത്തുക്കളെപ്പറ്റിയും അറിയാം. അവരും വലിയ തരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി കണ്ടിട്ടില്ല. പെണ്‍വിദ്യാലയങ്ങളില്‍ മാത്രമായി പഠിച്ചതുകൊണ്ട് എന്തെങ്കിലും നഷ്ടപ്പെട്ടു എന്ന തോന്നലും ഇതുവരെ ഉണ്ടായിട്ടില്ല.

പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു സ്ഥാപനത്തില്‍ പഠിച്ചയാളെന്ന നിലയിലും, പഠിപ്പിച്ച ആളെന്ന നിലയിലും അത്തരത്തിലുള്ള ബുദ്ധിമുട്ട് ആരെങ്കിലും നേരിടുന്നതായി കണ്ടിട്ടില്ല.
ഡോ. ജാന്‍സി ജെയിംസ്, എംജി യൂണിവേഴ്‌സിറ്റി മുന്‍ വിസി

സഹവിദ്യാഭ്യാസത്തോട് ഒരിക്കലും എതിരഭിപ്രായം പ്രകടിപ്പിക്കുന്നില്ല. പക്ഷേ നിര്‍ബന്ധമായും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹവിദ്യാഭ്യാസ സ്ഥാപനങ്ങളാക്കണമെന്ന ബാലവകാശ കമ്മീഷന്റെ നിര്‍ദേശത്തോട് എതിര്‍പ്പുണ്ട്. ഒരു വിഭാഗം സ്‌കൂളുകളില്‍ മാത്രം പഠിക്കുന്നതു കൊണ്ട് മറ്റ് വിഭാഗത്തില്‍പ്പെട്ടവരോട് ആശയവിനിമയ പ്രശ്‌നം ഉണ്ടാകുമെന്നും കരുതുന്നില്ല. അവര്‍ക്ക് വിദ്യാലയത്തിനു പുറത്ത് വിശാലമായ ഒരു ലോകമുണ്ട്. സാങ്കേതികവിദ്യയുടെ ലോകത്ത് അവര്‍ക്കതില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല എന്നാണ് കരുതുന്നത്.

ഷാജിര്‍ ഖാന്‍, വിദ്യാഭ്യാസ വിദഗ്ധന്‍

പരിഷ്‌കൃതമായൊരു സമൂഹത്തില്‍ ഇന്നും ആണിനെയും പെണ്ണിനെയും വേര്‍തിരിച്ച് കാണുന്നത് തീര്‍ച്ചയായും വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തന്നെ രംഗത്തുവന്ന് പ്രതികരിക്കേണ്ടതുണ്ട് എന്നാണ് കരുതുന്നത്. അതിനൊരു ഉദാഹരണമാണ് തിരുവനന്തപുരത്തെ സിഇടി കോളേജ് വിദ്യാര്‍ഥികള്‍ നടത്തിയ വേറിട്ട സമരമുറ. ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത സദാചാരവാദികളെ വ്യക്തമായ നിലപാട് മുന്നോട്ടുവെച്ച് അവര്‍ നേരിട്ടു. ഈ സമയത്താണ് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കേണ്ട ആവശ്യതകയെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യേണ്ടി വരുന്നത്.

കാഴ്ചപ്പാട് ശുദ്ധമാണെങ്കില്‍ ഇതു സംബന്ധിച്ച ഏതു പഠനവും നമുക്ക് അനായാസം നടപ്പാക്കാം. അടുത്ത വര്‍ഷം തന്നെ ഇത്തരത്തിലുള്ള വിവേചനത്തിന് അറുതി വരുത്തുകയും ചെയ്യാം. എന്നാല്‍ എല്ലാവര്‍ക്കും വിഷയത്തോടുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ഈ നിര്‍ദേശത്തെ വിവേചനാധികാരത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് ഇല്ലാതാക്കാനാണ് സാധ്യത. ലിംഗാടിസ്ഥാനത്തില്‍ ഒരു വിഭാഗീയത സൃഷ്ടിച്ച് വിദ്യാഭ്യാസം നടത്തേണ്ടതുണ്ടോ എന്നുള്ള ചോദ്യത്തിനും ഇവിടെ പ്രസക്തിയുണ്ട്.

നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് ഫ്യൂഡല്‍ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ രീതി പരിശോധിക്കുകയാണെങ്കില്‍ എങ്ങനെ ചോദ്യങ്ങള്‍ ഉന്നയിക്കണം, എങ്ങനെ സംവാദത്തിലേര്‍പ്പെടാം, എന്താണ് സമത്വം എന്നീ കാര്യങ്ങളാണ് അവരെ പഠിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതാകട്ടെ അച്ചടക്കം, വിധേയത്വം എന്നിവയും.

നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് ഫ്യൂഡല്‍ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഷാജിര്‍ ഖാന്‍, വിദ്യാഭ്യാസ വിദഗ്ധന്‍

ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, സഹവിദ്യാഭ്യാസ നയം തന്നെയാണ് നിലനിന്നിരുന്നത് എന്ന് നമുക്ക് വ്യക്തമാകും. പിന്നീട് വിദ്യാഭ്യാസത്തില്‍ മതസംഘടനകളും, രാഷ്ട്രീയപാര്‍ട്ടികളും ഇടപെടാന്‍ തുടങ്ങിയതോടെയാണ് ആണിനും പെണ്ണിനുമായി പ്രത്യേകം സ്ഥാപനങ്ങള്‍ നിര്‍മിക്കപ്പെട്ടത്. ഇതെല്ലാം ചര്‍ച്ച ചെയ്യേണ്ട സമയം എന്നേ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. 20 വര്‍ഷം മുന്‍പെങ്കിലും ചര്‍ച്ച ചെയ്ത് നടപ്പാക്കേണ്ട കാര്യമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് നിര്‍ദേശിക്കുന്നത്. വിദ്യാഭ്യാസമെന്നത് കേവലം പാഠപുസ്തകങ്ങളില്‍ ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല. അത് മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും, മറ്റു വിഭാഗത്തിലെ മനുഷ്യരെക്കൂടി മനസിലാക്കാനുള്ള ശക്തി ആര്‍ജിക്കല്‍ കൂടിയാണ്.

logo
The Fourth
www.thefourthnews.in