ഓസ്കർ എൻട്രി ലഭിക്കുന്ന നാലാമത്തെ മലയാള ചിത്രമായി 2018; മത്സരിക്കാൻ ഇനിയും കടമ്പകളേറെ

ഓസ്കർ എൻട്രി ലഭിക്കുന്ന നാലാമത്തെ മലയാള ചിത്രമായി 2018; മത്സരിക്കാൻ ഇനിയും കടമ്പകളേറെ

മുൻപ് മൂന്ന് ചിത്രങ്ങൾക്കാണ് മലയാളത്തിൽ നിന്ന് ഓസ്കർ എൻട്രി ലഭിച്ചിട്ടുള്ളത്

ജൂഡ് ആന്തണി ജോസഫിന്റെ 2018 ന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ലഭിച്ചത് കൊണ്ട് മാത്രം ഓസ്കറിൽ മത്സരിക്കാനാകില്ല. അതിന് ചില കടമ്പകൾ കൂടി കടക്കണം. വിദേശ ഭാഷാ വിഭാഗത്തിൽ എൻട്രി ലഭിച്ച്, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ച് ചുരുക്കപ്പട്ടികയിലും നോമിനേഷനിലും ഇടം നേടിയാൽ മാത്രമേ, അക്കാദമി അവാർഡിനായി പരിഗണിക്കപ്പെടൂ.

എങ്ങനെ ചുരുക്കപ്പട്ടികയിൽ ഇടം നേടും

വിദേശ ഭാഷാ വിഭാഗത്തിലേക്ക് മത്സരിക്കുന്ന എല്ലാ ചിത്രങ്ങളും അക്കാദമിയിൽ പ്രദർശിപ്പിക്കും. (ഇംഗീഷ് സബ് ടൈറ്റിൽ ചേർത്തിട്ടുള്ള ചിത്രങ്ങൾ മാത്രമേ പ്രദർശിപ്പിക്കൂ) അക്കാദമി അംഗങ്ങളായ എല്ലാവർക്കും ഇഷ്ടപ്പെട്ട അഞ്ച് ചിത്രങ്ങൾ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കാം. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന 9 ചിത്രങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും.( ഈ ചിത്രങ്ങളുടെ പട്ടിക ഷോർട്ട് ലിസ്റ്റ് എന്നറിയപ്പെടും) ഇതിൽ നിന്ന് 30 പേര് അടങ്ങുന്ന പ്രത്യേക സമിതി വോട്ടെടുപ്പിലൂടെ 5 ചിത്രങ്ങൾ തിരഞ്ഞെടുക്കും. (ഇവയാണ് ഓസ്കർ നോമിനേഷൻ ലഭിച്ച ചിത്രങ്ങൾ) ഈ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുണ്ടാവുക.

ഓസ്കർ പുരസ്കാരം

നോമിനേഷൻ ലഭിച്ച 5 ചിത്രങ്ങളിൽ നിന്ന് മികച്ച ചിത്രം തിരഞ്ഞെടുക്കുന്നതും വോട്ടെടുപ്പിലൂടെയാണ്. മത്സരവിഭാഗത്തിലെത്തിയ ചിത്രങ്ങളെല്ലാം അക്കാദമിയിൽ നിന്ന് തന്നെ കണ്ട, അഞ്ച് സ്ഥിരാംഗങ്ങൾക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാം.

നേരത്തെ എൻട്രി ലഭിച്ചിട്ടുള്ള മലയാള ചിത്രങ്ങൾ

മോഹൻലാലിന്റെ ഗുരു (1997) ആണ് മലയാളത്തിൽ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ലഭിച്ച ആദ്യ ചിത്രം. 2011 ൽ സലീം അഹമ്മദിന്റെ ആദാമിന്റെ മകൻ അബുവും 2019 ൽ ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടും ഇന്ത്യയുടെ ഔദ്യോഗിക എൻട്രികളായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ ചിത്രങ്ങൾക്ക് ഒന്നും ചുരുക്കപ്പട്ടികയിൽ പോലും ഇടം നേടാനായില്ല.

ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചിത്രങ്ങൾ

മദര്‍ ഇന്ത്യ (1958), സലാം ബോംബെ (1988), ലഗാന്‍ (2001) എന്നീ ചിത്രങ്ങള്‍ ഓസ്‌കറിന്റെ വിദേശ ഭാഷാ വിഭാഗത്തില്‍ നോമിഷനില്‍ ഉള്‍പ്പെട്ടപ്പോള്‍ ഛെല്ലോ ഷോ 2022 ലെ വിദേശ ഭാഷാ വിഭാഗത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു.

logo
The Fourth
www.thefourthnews.in