മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ; കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ; കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ഹെഡ്മാസ്റ്റര്‍, ബി 32-44 വരെ എന്നീ ചിത്രങ്ങൾക്ക്

2022 ലെ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.കുഞ്ചാക്കോ ബോബൻ മികച്ച നടനും ദര്‍ശനാ രാജേന്ദ്രന്‍ നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കുഞ്ചാക്കോ ബോബന് പുരസ്കാരം നേടി കൊടുത്തത്. ജയ ജയ ജയ ജയഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളാണ് ദർശനയെ പുരസ്കാരത്തിന് അർഹയാക്കിയത്

അറിയിപ്പ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി. രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവ മികച്ച ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. രാരിഷ് ജി കുറുപ്പ് സംവിധാനം ചെയ്ത വേട്ടപ്പട്ടികളും ഓടക്കാരുമാണ് മികച്ച രണ്ടാമത്തെ ചിത്രം

സിനിമയുടെ സകല മേഖലയിലും കഴിവ് തെളിയിച്ച പ്രതിഭയ്ക്കുള്ള റൂബി ജൂബിലി പുരസ്കാരത്തിന് കമൽഹാസൻ അർഹനായി. തെന്നിന്ത്യൻ സിനിമാ ലോകത്ത് 50 വർഷം തികയ്ക്കുന്ന വേളയിലാണ് കമൽഹാസന് പുരസ്കാരം നൽകുന്നത് .

മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ പി കുമാരനാണ് ചലച്ചിത്ര രത്നം പുരസ്‌കാരം. സിനിമയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് അംഗീകാരം. അഭിനയ ജീവിതത്തില്‍ റൂബി ജൂബിലി തികയ്ക്കുന്ന നടന്‍ വിജയരാഘവന്‍, രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ നടി ശോഭന, നടന്‍, നര്‍ത്തകന്‍, ശബ്ദകലാകാരന്‍ എന്നീ നിലകളിലെല്ലാം മുപ്പത്തെട്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായ വിനീത്, മലയാള സിനിമാ പോസ്റ്റര്‍ രൂപകല്‍പനയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന തിരക്കഥാകൃത്തുകൂടിയായ ഗായത്രി അശോകന്‍, സിനിമയ്ക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ച മുതിര്‍ന്ന നടന്‍ മോഹന്‍ ഡി കുറിച്ചി എന്നിവര്‍ക്കായിരിക്കും ചലച്ചിത്ര പ്രതിഭാപുരസ്‌കാരം സമ്മാനിക്കുക.

82 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിന് എത്തുന്നത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

logo
The Fourth
www.thefourthnews.in