പത്രാധിപർ ശേഖരൻ, എന്റെ സങ്കല്‍പ്പത്തിലെ എഡിറ്റർ: രൺജി പണിക്കർ

പത്രാധിപർ ശേഖരൻ, എന്റെ സങ്കല്‍പ്പത്തിലെ എഡിറ്റർ: രൺജി പണിക്കർ

മലയാള സിനിമയിലെ ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളിൽ ഒന്നായ 'പത്രം' പുറത്തിറങ്ങിയിട്ട് 25 വർഷം തികഞ്ഞു. മൂർച്ചയേറിയ സംഭാഷണങ്ങൾ നിറഞ്ഞ പത്രത്തിന്റെ തിരക്കഥയെഴുതിയ രൺജി പണിക്കർ സംസാരിക്കുന്നു

ഓർമയുണ്ടോ ഈ സിനിമയെന്ന് ചോദിക്കേണ്ട കാര്യമില്ല. 25 വർഷം മുൻപ് പുറത്തുവന്ന 'പത്രം' എന്ന സൂപ്പർ ഹിറ്റായ ആ സിനിമയെ മലയാളി പ്രേക്ഷകർ എങ്ങനെ മറക്കാനാണ്. രൺജി  പണിക്കർ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത 'പത്രം' എന്ന സിനിമയിൽ അധികാരകേന്ദ്രങ്ങളോട് പോടാ പുല്ലേയെന്ന് പറഞ്ഞ് കളം നിറഞ്ഞുനിന്ന മുരളിയുടെ കഥാപാത്രം ഇന്നും ഒരു തരി കനലായി പ്രേക്ഷകരുടെ മനസിലുണ്ട്.

നടൻ മുരളിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജാഗ്രതയുടെ എഡിറ്ററായ ശേഖരൻ. ഒരു പക്ഷേ, മലയാള സിനിമയിൽ പ്രതൃക്ഷപ്പെട്ട ഏറ്റവും ഫയർബ്രാൻഡ് പത്രപ്രവർത്തകൻ. ഇന്ത്യൻ പത്രലോകത്തെ വിഖ്യാത എഡിറ്ററായിരുന്ന, എടത്തട്ട നാരായണനെയൊക്കെപ്പോലെ വാർത്തകളോട് തൽക്ഷണം പ്രതികരിക്കുന്നവൻ; തൊഴിൽപരമായ ദൗർബല്യങ്ങളോട് കഠിനമായ പുച്ഛം പുലർത്തിയവൻ! അതായിരുന്നു പത്രാധിപർ ശേഖരൻ.

പത്രത്തിലെ നായകനായ നന്ദഗോപാലിനെപ്പോലെ ചിത്രത്തിൽ നിറഞ്ഞുനിന്ന വില്ലനായ വിശ്വനാഥനും കേരളരശ്മി പത്രവും ജാഗ്രതയിലെ മാധവേട്ടനും വാര്യരും എസ് പി ഫിറോസ് മുഹമ്മദും ഡി ഐ ജി ഡേവിഡ് സഭാപതിയും ദേവികാ ശേഖറുമൊക്കെ പ്രേക്ഷകർ കൈയടിച്ച് സ്വീകരിച്ച കഥാപാത്രങ്ങൾ.

എൻ എഫ് വർഗീസ് എന്ന നടന്റെ അതുവരെയുള്ള അഭിനയത്തെ മാറ്റിമറിച്ച, തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരുന്നു വിശ്വനാഥനെന്ന ശക്തനായ പ്രതിനായകൻ. പടം ഇറങ്ങിയ സമയത്ത് മലയാളത്തിലെ ഒരു പ്രസിദ്ധമായ വാരിക പത്രമെന്ന സിനിമയെക്കുറിച്ച് 'വിശുദ്ധ പശുക്കളെ തൊടുമ്പോൾ 'എന്ന് എഡിറ്റോറിയൽ വരെ എഴുതി. അന്ന് ആ വാരികയുടെ മുഖചിത്രം സിനിമയിലെ നായകനല്ലായിരുന്നു; എൻ എഫ് വർഗീസ് എന്ന വില്ലനായിരുന്നു.

'ന്യൂഡൽഹി 'യെന്ന സിനിമക്കുശേഷം പത്രപ്രവർത്തകരുടെ ജീവിതം കഥയാക്കിയ 'പത്രം' എന്ന ജോഷി ചിത്രം ഈ വിഷയത്തിൽ വന്ന മലയാള സിനിമകളുടെ എല്ലാ ധാരണകളും തിരുത്തിയെഴുതി. സമരതീക്ഷ്ണങ്ങളായ ഇന്നലെകളെയും ക്ഷുഭിതയൗവനത്തിന്റെ നഷ്ടസ്വപ്നങ്ങളെയും പേനയിൽ നിറച്ചെഴുതിയ വാക്കുകളും ചിന്തകളുമുപയോഗിച്ചാണ് രൺജി പണിക്കർ പത്രം രചിച്ചത്.

1999 ഫെബ്രുവരിയിൽറിലീസ് ചെയ്ത് 25 ദിവസം കൊണ്ട് അഞ്ചേകാൽ കോടി നേടിയ ബ്ലോക്ക് ബസ്റ്റർ പടമാണ് പത്രം.

ദിനപത്രങ്ങളുടെ പ്രതാപകാലത്ത്, ദൃശ്യമാധ്യമങ്ങൾ പ്രചുര പ്രചാരം നേടാത്ത കാലത്ത്, ഇന്റർനെറ്റും മൊബൈൽ ഫോണും സോഷ്യൽ മീഡിയയും സജീവമായിട്ടില്ലാത്ത കാലത്ത് ഇറങ്ങിയ ഈ ചലച്ചിത്രം അക്കാലത്ത് കണ്ടതും കേട്ടതുമായ രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ നമ്മളോട് സംവദിക്കുകയായിരുന്നു.

കുട്ടനാട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് പത്രപ്രവർത്തനം പഠിക്കാൻ പോയ ആളാണ് രൺജി പണിക്കർ. വള്ളംകളിയും വഞ്ചിപ്പാട്ടും മാത്രമല്ല പത്രപ്രവർത്തനവും നന്നായി അറിയാമെന്ന് കുട്ടനാട്ടുകാർ പണ്ടേ തെളിയിച്ചതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പത്രമായ ഹിന്ദുസ്ഥാൻ ടൈംസ് നൂറ് വർഷം മുൻപ് ആരംഭിച്ചപ്പോൾ ആദ്യത്തെ എഡിറ്റർ ഒറിജിനൽ കുട്ടനാട്ടുകാരനായിരുന്നു, പേര് സർദാർ കെ എം പണിക്കർ. പിന്നീട് പത്രയുടമ മദനമോഹൻ മാളവ്യ എഡിറ്ററുടെ സ്വാതന്ത്ര്യത്തിൽ കൈവെച്ചപ്പോൾ എന്നാൽ പിന്നെ നിങ്ങൾ അങ്ങ് ആയിക്കോയെന്ന് പറഞ്ഞു എഡിറ്റർ സ്ഥാനം വലിച്ചെറിഞ്ഞ് പോന്നയാളാണ് പണിക്കർ.

രൺജി പണിക്കരുടെ കഥാപാത്രങ്ങളും ഇതേപോലെ തങ്ങളുടെ അധികാരപരിധിയിൽ കൈകടത്താൻ വന്നവരോട് തീർത്തും നിഷേധഭാവത്തിൽ ചെറുത്തുനിന്നവരാണ്. ''കളിയെന്നോടും വേണ്ട'' എന്ന് പറഞ്ഞ ദ കിംഗിലെ ജില്ലാകളക്ടർ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്‌സും ''കള്ളുകച്ചവടത്തിലും കർത്താവിന്റെ കാര്യത്തിലും എനിക്കൊരു മെത്രാച്ചന്റെയും ഇടനില വേണ്ട''ന്ന് മെത്രാന്റെ മുഖത്തുനോക്കി പറഞ്ഞ ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചനും തിയേറ്റർ ഇളക്കി മറച്ചവരാണ്.

രൺജി പണിക്കരുടെ തൂലികയിൽ പിറന്ന 'ജസ്റ്റ് റിമെംബെർ ദാറ്റും', 'ഓർമയുണ്ടോ ഈ മുഖവും' പിന്നീട് മലയാളത്തിലെ പ്രചാരമുള്ള പ്രയോഗങ്ങളായി മാറിയതാണ് സിനിമാ ചരിത്രം.

ഈ ലോകത്ത് പ്രവചനങ്ങൾക്ക് അപ്പുറം നിൽക്കുന്ന ഒരു കലയേയുള്ളൂ. അത് സിനിമയാണെന്ന് വിശ്വസിക്കുന്ന രൺജി  പണിക്കർ പത്രം പുറത്തുവന്ന് 25 വർഷം പിന്നിട്ട വേളയിൽ ദ ഫോർത്തിനോട് സംസാരിക്കുന്നു.

Q

ടി ദാമോദരനെഴുതിയ 'വാർത്ത' (1986) ഡെന്നീസ് ജോസഫിന്റെ 'ന്യൂഡൽഹി' (1987) എന്നി ചിത്രങ്ങൾ പത്രപ്രവർത്തകരുടെ കഥയാണ് പറഞ്ഞതെങ്കിലും 'പത്രം' ഇവയൊക്കെക്കാളും ശ്രദ്ധ നേടി വേറിട്ടുനിന്നു. ഈ ചിത്രത്തിൽ എഡിറ്റായ നായകൻ പേനയേക്കാൾ തോക്കുപയോഗിച്ചാണ് കാര്യങ്ങൾ നടത്തുന്നത്. ഒരു ജോഷി ചിത്രത്തിന്റെ ശൈലിയായായതാകാം കാരണം. അന്ന് പത്രപ്രവർത്തനം പോലെ ഒരു വിഷയം കൈകാര്യം ചെയ്തത് അൽപ്പം കൂടി സീരിയസാവാമായിരുന്നുവെന്ന്, ഒരു പത്രപ്രവർത്തകൻകൂടിയായിരുന്ന താങ്കൾക്ക് ഇപ്പോൾ തോന്നുന്നുണ്ടോ

A

25 കൊല്ലം മുൻപ് എഴുതിയ ഒരു സിനിമ അന്ന് കുറെക്കൂടി ഗൗരവമാക്കാമായിരുന്നുവെന്ന് ഇപ്പോൾ ചോദിക്കുന്നതിലോ പറയുന്നതിലോ എന്തെങ്കിലും അർത്ഥമോ പ്രസക്തിയോ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആ സിനിമ അന്ന് എഴുതുമ്പോൾ പുലർത്തേണ്ട ജാഗ്രത ഞാൻ കാണിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

പത്രപ്രവർത്തനം പോലെ ഒരു ഗൗരവമുള്ള വിഷയം സിനിമയിൽ കൈകാര്യം ചെയ്യുമ്പോൾ തന്നെ അതിനോട് മറ്റു തരത്തിൽ ബാധ്യതപ്പെട്ട ഒരു എഴുത്തുകാരൻ കൂടിയാണ് ഞാൻ. അന്നത്തെ കാലത്ത് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു അത്. പത്രം ഒരു കമേഴ്‌സ്യൽ പടമാണ്. അത്തരമൊരു ചിത്രമെഴുതുന്നയാൾ എന്ന നിലക്ക് ഞാൻ പുലർത്തേണ്ട ചില കാര്യങ്ങൾ നിലനിർത്താൻ ഞാൻ ബാദ്ധ്യസ്ഥനാണ്. ഈ പടത്തിലെ വിഷയത്തിലെ രാഷ്ട്രീയ, സാമൂഹ്യവശങ്ങളോട് ജാഗ്രത പുലർത്താനും ശ്രദ്ധിക്കണം. ഇതുപോലെ ഒരു ബിഗ് ബജറ്റ് ചിത്രം ചെയ്യുമ്പോൾ സമരസപ്പെടേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഞാൻ പണം മുടക്കി എന്റെ ഇഷ്ടമനുസരിച്ച് ചെയ്യുന്ന ഒരു പടമല്ല. അത്തരത്തിലൊരു സിനിമയിൽ ഒഴിവാക്കാനാവാത്ത ചില കമ്മേഴ്സ്യൽൽ എലിമെന്റുകൾ ഉൾപ്പെടുത്താതെ ഒരു പടം എഴുതാൻ എനിക്ക് അറിയില്ല.

ജോഷിയെന്ന സംവിധായകന്റെ സിനിമാ രംഗത്തെ ദീർഘമായ അനുഭവസമ്പത്തും ശൈലിയുമൊക്കെ തീർച്ചയായും ഈ ചിത്രത്തെ സ്വാധീനിച്ചു. അത് ആ സിനിമയിൽ പ്രതിഫലിച്ചിട്ടുണ്ട്. പക്ഷേ, സിനിമയുടെ കണ്ടെന്റിൽ എന്തെങ്കിലും കുഴപ്പമോ മറ്റോ ഇല്ല. പേനയേക്കാൾ തോക്കാണ് ഉപയോഗിച്ചത് എന്നതൊക്കെ എന്റെ ഉത്തരവാദിത്വം തന്നെയാണ്. ഞാനെഴുതി വെയ്ക്കാത്ത ഏതെങ്കിലും രംഗമോ രീതിയോ സംവിധായകൻ ആ പടത്തിൽ എടുത്തിട്ടില്ല ഉപയോഗിച്ചിട്ടുമില്ല. അതിലെ ഉള്ളടക്കത്തിന്റെ പൂർണ ഉത്തരവാദിത്വം അതെഴുതിയ എനിക്ക് മാത്രമാണ്.

രൺജി പണിക്കർ
രൺജി പണിക്കർ
Q

'പത്രം' എന്ന സിനിമ വന്ന പ്രിന്റ് മീഡിയ കാലമല്ല ഇപ്പോൾ. പുതിയ മാധ്യമ ലോകമാണിന്ന്. ഇന്റർനെറ്റ്, മൊബൈൽ, സോഷ്യൽ മീഡിയ എന്നിവ വാർത്താ ലോകം കീഴടക്കിക്കഴിഞ്ഞു. മാറ്റമില്ലാത്തത് പത്രപ്രവർത്തകന്റെ ജോലിയും വെല്ലുവിളികളുമാണ്. മാധ്യമപ്രവർത്തകർ ഏറ്റവും സമർദമനുഭവിക്കുന്ന ഒരു വിഭാഗമായി മാറി. മാധ്യമസ്വാതന്ത്ര്യം ഒരു സങ്കൽപ്പം മാത്രമായി.

A

പത്രം സിനിമ പുറത്തുവരുന്ന കാലത്തെ മാധ്യമലോകമല്ല എന്നതിൽ പ്രത്യേകിച്ച് വിയോജിക്കേണ്ടതായി ഒന്നുമില്ല. ഒരു ദിവസത്തെ വാർത്തയിൽനിന്ന് മാറി ഒരു സെക്കൻഡിലെ വാർത്തകളായി ഇപ്പോൾ. വാർത്തകളുടെ വൈവിധ്യവും വിപുലതയും വർധിച്ചു. വാർത്താസ്രോതസുകൾ എണ്ണമറ്റതായി. മാധ്യമങ്ങളുടെ എണ്ണം വർധിച്ചു. സ്വാഭാവികമായും കടുത്ത മത്സരമായി. പത്രപ്രവർത്തകർക്ക് സമ്മർദം വർധിച്ചു.

ഇതിനൊരു മറുവശമുള്ളത് പഴയകാലത്തുനിന്ന് മാറി ഈ മേഖലയിൽ ജോലിസാധ്യതകൾ വർധിച്ചുവെന്നതാണ്. പത്രപ്രവർത്തനത്തിലെ ഏറ്റവും ആധുനിക സംവിധാനങ്ങൾ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഇന്ന് കേരളത്തിലുണ്ട്. ഞാൻ പത്രപ്രവർത്തനം പഠിക്കുന്ന കാലത്ത് കേരളത്തിൽ ഈയൊരു പ്രൊഫഷന് ജോലിസാധ്യത വളരെ കുറവായിരുന്നു. പഠന കേന്ദ്രങ്ങളാകട്ടെ വിരളവും. മാന്യമായ വേതനം ലഭിക്കുന്ന, ജോലിയിൽ സുരക്ഷിത്വം തരുന്ന പത്രസ്ഥാപനങ്ങൾ ഒന്നോ രണ്ടോ മാത്രം. ഒരു പത്രത്തിലെ ജോലി പോയാൽ ചെന്നുപറ്റാൻ മറ്റൊരു പത്രം അഥവാ സുരക്ഷിത്വ സ്ഥാനമില്ല എന്നതിനാൽ സാഹസിക പത്രപ്രവർത്തകരൊക്കെ കേരളത്തിൽ കുറവായിരുന്നു. ഇന്ന് അങ്ങനെയല്ല.

സൈബർ ആക്രമണം എന്നൊക്കെ നമ്മൾ വിളിക്കുന്നത് മാധ്യമങ്ങളുടെ ആക്രമണോത്സുകത കൂടുതൽ വർധിച്ചുവെന്നതിനാലാണ്. പണ്ടൊക്കെ ഒരു ഇല്ലാത്തതോ മോശമായതോ ആയ വാർത്ത വന്നാൽ ഒരാൾക്ക് മാനനഷ്ടത്തിനായി കോടതിയെ സമീപിക്കാം. അനിഷ്ടം പ്രകടപ്പിച്ച് പത്രത്തിന്റെ എഡിറ്റർക്ക് കത്തെഴുതാം, തീർന്നു. ഇന്ന് അങ്ങനെയല്ല, പ്രതികരിക്കാൻ ധാരാളം സാധ്യതകൾ ഉണ്ട്.

മാധ്യമ സ്വാതന്ത്ര്യമെന്നൊക്കെ പറയുന്നത് വളരെ speculative ആയിട്ടുള്ള പ്രയോഗമാണ്. വായനക്കാരനെ സത്യമറിയിക്കാനുള്ള സ്വാതന്ത്ര്യമാണ് ഒരു പത്രപ്രവർത്തകന്റെ പ്രിവിലേജ്. പക്ഷേ, ആ പ്രിവിലേജ് അനുഭവിക്കുന്നത് മാധ്യമ സ്ഥാപനങ്ങളാണ്. മാധ്യമസ്ഥാപനങ്ങൾ അനുവദിക്കുന്നതിലപ്പുറത്തെ സ്വാതന്ത്യം ഇവിടെ ഏത് പത്രപ്രവർത്തകനാണുണ്ടായിട്ടുള്ളത്? ഒരു മാധ്യമ സ്ഥാപനത്തിൽനിന്നുകൊണ്ട് അവിടെ അവരനുവദിക്കാത്ത ഒരു സ്വാതന്ത്ര്യവും അനുഭവിക്കാനോ, പ്രയോഗിക്കാനോ, ഉപയോഗിക്കാനോ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

കാലാകാലങ്ങളിൽ പത്രപ്രവർത്തകർ ഭരണകൂടങ്ങളെ ചോദ്യം ചെയ്യുകയും പ്രതികാര നടപടികൾ നേരിടുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിൽ പോലും പി രാജനെപ്പോലുള്ള എത്ര പത്രപ്രവർത്തകർ ജയിലിൽ പോയി.

Q

ലോകത്തെവിടെയും മാധ്യമങ്ങൾ സുരക്ഷിതമല്ലെന്നത് സത്യമല്ലെ?

A

കേരളത്തിൽ അങ്ങനെ വലിയ ഒരു പീഡനം (മാധ്യമങ്ങൾക്ക് നേരെ) നടക്കുന്നുവെന്ന് പറയാൻ പറ്റില്ല. അതിനു കാരണം നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ പ്രത്യേകതയാണ്. ഏതെങ്കിലും മാധ്യമത്തിനുനേരെ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നടപടിയുണ്ടായാൽ അതിനെ കോടതിയിലൂടെ പ്രതിരോധിക്കാനുള്ള സംവിധാനം നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ നിലനിൽക്കുന്നുണ്ട്.

Q

പത്രമെന്ന സിനിമ ചില പത്രസ്ഥാപനങ്ങളെയും അതുമായി ബന്ധപ്പെട്ടവരെയും സിനിമയിൽ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും അവരൊക്കെ കേരളത്തിലെ പ്രേക്ഷകർക്ക് സുപരിചിതരുമാണ്. നടപ്പ് രീതിയനുസരിച്ച് മാനനഷ്ടക്കേസ് നേരിടേണ്ടി വന്നേനെ...

A

പത്രത്തിന്റെ റിലീസിങ് കാലത്ത് അതുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങളും പ്രശ്‌നങ്ങളും ഉണ്ടായതൊഴിച്ചാൽ മാനനഷ്ടക്കേസ്സൊന്നുമുണ്ടായില്ല. ആ കാലത്ത് ഇതുപോലെ ചില സാഹസം ചെയ്യുമ്പോൾ വരുന്ന ചില സ്വാഭാവികമായ എതിർപ്പുകളാണ് അവയൊക്കെ. അതൊക്കെ മുൻകൂട്ടി കണ്ട് തയ്യാറെടുത്താണ് ഇത്തരമൊരു പ്രോജക്റ്റ് ചെയ്യാൻ തുടങ്ങുന്നത്.

Q

ജാഗ്രതയുടെ എഡിറ്റർ ശേഖരനെ രൂപപ്പെടുത്തുമ്പോൾ ആരെങ്കിലും മനസിൽ ഉണ്ടായിരുന്നോ?

A

അങ്ങനെ മാതൃകകളൊന്നുമില്ല. നമ്മൾ ആഗ്രഹിക്കുന്ന തരം വീറുള്ള, മനുഷ്യപ്പറ്റുള്ള, രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികൾ നന്നായി മനസിലാക്കിയ നൈതികബോധമുള്ള, ധൈര്യമുള്ള, നമ്മുടെ സങ്കൽപ്പത്തിലെ ഒരു എഡിറ്ററാണ് ശേഖരൻ. ഞാൻ സീരിയസായി പത്രപ്രവർത്തനത്തെ സമീപിച്ചിരുന്ന എന്റെ പഠനകാലത്ത് ഇതേ സ്പാർക്കുള്ള, ധൈര്യശാലികളായ പത്രപ്രവർത്തകരെ കാണുകയും അവരുമായി ഇടപഴുകകയും ചെയ്തിട്ടുണ്ട്. ശേഖരനെ എഴുതുമ്പോൾ അവരൊക്കെ മനസ്സിലുണ്ടായിരുന്നു.

ശേഖരൻ ആയി മുരളി
ശേഖരൻ ആയി മുരളി
Q

പത്രമാഫീസിൽ പോലീസ് കേറി പത്രാധിപരെ അറസ്റ്റ് ചെയ്യുക. പത്രത്തിലെ പ്രധാനപ്പെട്ട ഒരു രംഗമാണിത്. കേരളത്തിലെ മാധ്യമ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണത്. മാധ്യമപ്രവർത്തകരെ, കൈകാര്യം ചെയ്യുന്ന രീതി കാണുമ്പോൾ സിനിമയിലെ രംഗം ഇപ്പോൾ സംഭവിച്ചാൽ അത്ഭുതമില്ല. 25 കൊല്ലം മുൻപ് ഈ രംഗം സിനിമയിൽ എഴുതിയ ആളാണ് താങ്കൾ...

പത്രത്തിൽ മുരളി, സുരേഷ് ഗോപി, മഞ്ജു വാര്യർ
പത്രത്തിൽ മുരളി, സുരേഷ് ഗോപി, മഞ്ജു വാര്യർ
A

ഒരു പത്രമാഫീസിൽ കയറി മുകൾത്തട്ടിൽ ജോലി ചെയ്യുന്ന ഒരു പത്രപ്രവർത്തകനെ അറസ്റ്റ് ചെയ്ത്, ക്രൂരമായി മർദിക്കുക എന്നതൊക്കെ കുറച്ച് സിനിമാറ്റിക്കാണ്. സിനിമയിലെ സന്ദർഭത്തിന് അനുവദിക്കുന്ന നാടകീയതയും കൂടുതൽ സിനിമാറ്റിക്ക് സ്വഭാവവും ഉണ്ടാകാൻ വേണ്ടിയെടുത്ത അതിശയോക്തിയായി തോന്നുന്ന ഒരു സീനാണത്.

യഥാർത്ഥത്തിൽ അതിനെക്കാളുമൊക്കെ ക്രൂരമായ സംഭവങ്ങൾ നമ്മുടെ രാജ്യത്ത് നടന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് വലുതും ചെറുതുമായ പത്രങ്ങളിൽ പ്രവർത്തിച്ചിരുന്ന എത്രയോ പത്രപ്രവർത്തകർ കൊടിയ യാതനകൾ അനുഭവിച്ചിട്ടുണ്ട്. ജയിലിൽ അടക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഭരണകൂടത്തെ എതിർത്ത് തൂക്കിലേറ്റപ്പെട്ട ആളുകളില്ലേ? കേരളത്തിൽ സംഭവിക്കുന്നുവെന്ന അർത്ഥത്തിൽ മാത്രം ചുരുക്കിക്കാണേണ്ട കാര്യമായി തോന്നിയിട്ടില്ല. ഇതൊക്കെ ഇനിയും സംഭവിക്കാം, പല രീതിയിൽ സംഭവിക്കാം അതൊക്കെ സാധ്യതകൾ തന്നെയാണ്.

Q

25 കൊല്ലത്തിന് ശേഷം 'പത്രത്തിന്' ഒരു രണ്ടാം ഭാഗം എഴുതിയാൽ ?

A

അങ്ങനെ ഒരു ആലോചന എനിക്കുണ്ടായിട്ടില്ല. അത്തരമൊരു സിനിമയുടെ സാധ്യതകളെക്കുറിച്ച് എനിക്ക് ഒരുപാട് സംശയങ്ങളുണ്ട്. ഞാനെഴുതിയ ഈ സിനിമ 25 വർഷം പൂർത്തിയാക്കി. ഇറങ്ങിയ കാലത്ത് ഈ സിനിമ ഏതെങ്കിലും തരത്തിൽ പ്രസക്തമായിരുന്നുവെന്നതിനാലാണ് കേരളത്തിലെ പ്രേക്ഷകർ അത് സ്വീകരിച്ചത്. അന്നത്തെ പ്രേക്ഷകരുടെ രാഷ്ട്രീയ, മാധ്യമ ബോധമൊക്കെ തീർച്ചയായും പത്രമെന്ന ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.

'പത്രം' കുറ്റമറ്റ, എല്ലാം തികഞ്ഞ ഒരു സിനിമയൊന്നുമല്ല. കേരളത്തിലെ പത്രവായനക്കാരുടെ രാഷ്ട്രീയ, സാമൂഹിക ബോധത്തെയും ധാർമികതയെയും ഈ സിനിമ എതെങ്കിൽ തരത്തിൽ സ്പർശിച്ചിട്ടുണ്ടാകാം. അതാണ് പത്രമെന്ന സിനിമയുടെ സ്വീകാര്യതയും പ്രസക്തിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.

logo
The Fourth
www.thefourthnews.in