റോജ സിനിമയിലെ ദൃശ്യം
റോജ സിനിമയിലെ ദൃശ്യം

കാതല്‍ റോജ വിരിഞ്ഞിട്ട് 30 വര്‍ഷം

മണിരത്‌നം, സന്തോഷ് ശിവന്‍, എ ആര്‍ റഹ്‌മാന്‍ കൂട്ടുകെട്ടില്‍ 45ാം സ്വാതന്ത്ര്യദിനത്തില്‍ പിറന്ന റോജയ്ക്ക് 30 തികഞ്ഞു

പുതുവെള്ളൈ മഴൈ പോലെ റോജയിലെ ഗാനങ്ങള്‍ ആസ്വാദകരെ കുളിരണിയിക്കാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷം! അന്ന് തൊട്ട് ഇന്നോളം എത്രയെത്രയോ കാമുകഹൃദയങ്ങളെ ആ ഗാനങ്ങള്‍ പ്രണയാര്‍ദ്രമാക്കി!

കാതല്‍ റോജാവേ... എങ്കേ നീയെങ്കേ.....

എന്ന് കമിതാക്കള്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങിയിട്ട്, ഈ വരികളുടെ ഭംഗി ലോകം ആസ്വദിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് തികയുന്നു.1992 ലെ സ്വാതന്ത്ര്യ ദിനത്തിലാണ് മണി രത്നത്തിന്റെ സംവിധാനത്തില്‍ പിറന്ന റോജ തീയറ്ററുകളില്‍ എത്തുന്നത്.

മണിരത്‌നവും എ ആര്‍ റഹ്‌മാനും
മണിരത്‌നവും എ ആര്‍ റഹ്‌മാനും

ഇന്ത്യന്‍ സിനിമാ ലോകത്തിലേക്ക് തമിഴ് സിനിമ നടത്തിയ അധിനിവേശമായിരുന്നു റോജ. സിനിമയുടെ സാങ്കേതിക മികവും കഥ പറഞ്ഞ ശൈലിയും ആ കാലഘട്ടത്തില്‍ വേറിട്ടു നിന്നു. പൊതുവെ ഇന്ത്യന്‍ സിനിമയില്‍ ദക്ഷിണേന്ത്യന്‍ സിനിമ നേരിട്ട അവഗണനയ്ക്കുള്ള മറുപടി കൂടിയായിരുന്നു റോജ.

മണി രത്നത്തിന്റെ തിരക്കഥയും സന്തോഷ് ശിവന്റെ ഛായാഗ്രഹണവും എ ആര്‍ റഹ്‌മാന്റെ സംഗീതവും ഇഴ ചേര്‍ന്നപ്പോള്‍ വെള്ളിത്തിരയില്‍ റോജ വിരിഞ്ഞു. സിനിമയുടെ നിര്‍മ്മാതാവായ ബാലചന്ദ്രന്‍, കവിതാലയം പ്രൊഡക്ഷന്റെ വിധി മാറ്റിയെഴുതുന്ന സിനിമയായിരിക്കും ഇതെന്ന് സിനിമയ്ക്ക് മുന്‍പ് തന്നെ പ്രവചിച്ചിരുന്നു.

ഇന്ന് ഇന്ത്യന്‍ സംഗീത ലോകത്തിന്റെ അഭിമാനമായ എ ആര്‍ റഹ്‌മാനെ സിനിമാലോകത്തേക്ക് കൈപിടിച്ചു കൂട്ടിയതും റോജയാണ്. ഇന്നും പല ഭാഷകളിലായി ആരാധകർ മൂളുന്ന ഗാനങ്ങളില്‍ മണിരത്നം കാണിച്ച മാജിക്കിന്റെ പേരാണ് എ ആര്‍ റഹ്‌മാന്‍ .

രാജ്യസ്നേഹവും പ്രണയവും പ്രമേയമാക്കി പുറത്തിറങ്ങിയ റോജ അന്ന് വരെ ഇന്ത്യന്‍ സിനിമ കണ്ട ദൃശ്യ വ്യാകരണത്തെ തിരുത്തി. സിനിമ പിറന്ന് 30 വര്‍ഷങ്ങള്‍ക്കു ശേഷവും ആ സിനിമ പ്രേക്ഷകനോട് സംസാരിച്ചു കൊണ്ടേയിരിക്കുന്നു. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പാട്ടും സിനിമയും ഒരുപോലെ പടര്‍ന്നു കൊണ്ടിരിക്കുന്നു. ഇന്നും പുതുമ നഷ്ടപെടാത്ത ദൃശ്യ ഭംഗിയാണ് റോജയെ ജനമനസ്സുകളില്‍ വാടാതെ സൂക്ഷിക്കുന്നത്.

പുതുമുഖമായ മധുബാല നിഷ്‌കളങ്കയായ നാടന്‍ പെണ്‍കുട്ടിയെ അവിസ്മരണീയമാക്കി. അരവിന്ദ് സ്വാമിയുടെ ഋഷികുമാർ ഇന്നും പ്രേക്ഷക മനസ്സില്‍ ക്ലാസിക് പ്രണയിയാണ്.90 കളിലെ പ്രണയങ്ങള്‍ക്ക് മുഴുവന്‍ റോജ മണവും നിറവും നല്‍കി.

മധുബാലയുംഅരവിന്ദ് സ്വാമിയും
മധുബാലയുംഅരവിന്ദ് സ്വാമിയും
കശ്മീരിന്റെ മനോഹാരിത ഇത്രത്തോളം പകർത്തിയ ചിത്രം പിന്നീടുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.കശ്മീരിന്റെ പ്രകൃതിയെ, അവിടുത്തെ താഴ്വരകളെ കാറ്റിനെയൊക്കെ ക്യാമറയില്‍ ഒപ്പിയെടുക്കുക മാത്രമല്ല, അതിനെ അനുഭവ യോഗ്യമാക്കി പ്രേക്ഷകന് സമ്മാനിക്കുകയായിരുന്നു റോജ . കശ്മീരിന്റെ ഭംഗി എ ആര്‍ റഹ്‌മാന്റെ സംഗീതത്തിന്റെ അകമ്പടിയോടെ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ സിനിമ പ്രേമികള്‍ക്കത് നവ്യാനുഭവമായി മാറി.

1991 ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനായ കെ ദുരൈസ്വാമിയെ കാശ്മീര്‍ തീവ്രവാദികള്‍ തട്ടികൊണ്ട് പോയി . രണ്ട് മാസത്തോളം ബന്ദിയായിരുന്ന ദുരൈസ്വാമിയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ നടത്തിയ പോരാട്ടമാണ് റോജ എന്ന സിനിമയ്ക്ക് ആധാരമായത്. തമിഴ് നാട്ടിലെ ഒരു സാധാരണ പെണ്‍കുട്ടി ഭര്‍ത്താവിന്റെ ജീവനു വേണ്ടി നടത്തുന്ന പോരാട്ടമായി സിനിമ മാറിയപ്പോള്‍ റോജയ്‌ക്കൊപ്പം പ്രേക്ഷകരും കരഞ്ഞു. സംസാരിച്ച ഭാഷക്കപ്പുറം വൈകാരികമായി അവളെ അടയാളപ്പെടുത്തി.

30 വര്‍ഷങ്ങള്‍ക്കിപ്പുറവും റോജയും അതിലെ ഗാനങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് എത്രത്തോളം ആ സിനിമ ആരാധകരുടെ ഹൃദയം കവർന്നു എന്നതിന്റെ തെളിവാണ്. അതുകൊണ്ടുതന്നെയാണ് മണിരത്‌നം എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും.

logo
The Fourth
www.thefourthnews.in