'31 വർഷത്തെ വിജയിസം'; 'എലി മൂഞ്ചി'യെന്ന് കളിയാക്കിയവരെ  'ദളപതി'യെന്ന് വിളിപ്പിച്ച വിജയ്

'31 വർഷത്തെ വിജയിസം'; 'എലി മൂഞ്ചി'യെന്ന് കളിയാക്കിയവരെ 'ദളപതി'യെന്ന് വിളിപ്പിച്ച വിജയ്

വിജയ് നായകനായി സിനിമയിൽ എത്തിയതിന്റെ 31 -ാം വർഷമാണ് 2023. നായകനായി വിജയ് ആഭിനയിച്ച ആദ്യ ചിത്രം റിലീസ് ചെയ്തത് 1992 ഡിസംബർ 4 നായിരുന്നു

വർഷം 1992 ഡിസംബർ 4, അന്ന് പുതുതായി റിലീസ് ചെയ്ത 'നാളയെ തീർപ്പ്' എന്ന ചിത്രത്തിനെ കുറിച്ചും അതിൽ അഭിനയിച്ച പുതുമുഖ നടനെ കുറിച്ചും രൂക്ഷവിമർശനമായിരുന്നു തമിഴിലെ പ്രമുഖ മാഗസിനിൽ വന്നത്. 'എലി മൂഞ്ചി പോലെയാണ് നായകന്റെ മുഖമെന്നും ആരാണ് കാശ് കൊടുത്ത് ഇതുപോലുള്ള എലി മൂഞ്ചി തിയേറ്ററിൽ പോയി കാണുക' എന്നെല്ലാമായിരുന്നു ആ മാഗസിനില്‍ എഴുതിയത്.

ആ വിമർശനങ്ങൾ നടന്റെ കണ്ണിൽ പെടാതിരിക്കാൻ സംവിധായകൻ കൂടിയായ അവന്റെ അച്ഛനും അവന്റെ സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും അത് നടന്നില്ല. ആ മാഗസിൻ കൃത്യമായി അവന്റെ കൈയ്യിൽ തന്നെ കിട്ടി. അന്ന് രാത്രി മുഴുവൻ വാതിൽ അടിച്ചിട്ടിരുന്ന് അവൻ കരഞ്ഞു.

കൃത്യം 31 വർഷങ്ങൾക്ക് ശേഷം 2023 ൽ തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രത്തിലെ നായകനായി ആ 'പുതുമുഖ' താരം മാറി. ഈ വർഷം മാത്രം ആയിരം കോടിയിലധികം രൂപയാണ് തമിഴ് സിനിമയിലേക്ക് ആ താരം എത്തിച്ചത്. 'കാശ് കൊടുത്ത് ആര് ഈ എലി മൂഞ്ചി കാണും' എന്ന് ചോദിച്ചവരെ കൊണ്ട് തന്നെ തമിഴിലെ നമ്പർ വൺ താരമെന്ന് അയാൾ പറയിപ്പിച്ചു.

ആരാധകർ ഇളയദളപതിയെന്നും ഇപ്പോൾ ദളപതിയെന്നും വിളിക്കുന്ന 'വിജയ്' ആയിരുന്നു അന്ന് അപമാനം നേരിട്ട് ഇന്ന് തമിഴ് സിനിമയിലെ ഒന്നാമനായി മാറിയത്. നായകൻ ആയി വിജയ് സിനിമയിൽ എത്തിയതിന്റെ 31 -ാം വർഷമാണ് 2023. 1984 ൽ വിജയകാന്തിനെ നായകനാക്കി ചന്ദ്രശേഖർ സംവിധാനം ചെയ്ത വെട്രി എന്ന സിനിമയിലാണ് വിജയ് ആദ്യമായി അഭിനയിച്ചതെങ്കിലും നായകനായി വിജയ് ആഭിനയിച്ച ആദ്യ ചിത്രം റിലീസ് ചെയ്തത് 1992 ഡിസംബർ 4 നായിരുന്നു.

ആദ്യ ചിത്രത്തിൽ രൂക്ഷ വിമർശനങ്ങൾ ഉണ്ടായെങ്കിലും മുന്നോട്ട് പോകാൻ നിർമാതാവും സംവിധായകനുമായ അച്ഛന്റെ കൈത്താങ്ങ് കൂടെയുണ്ടായിരുന്നു. പക്ഷേ ഒരു നടനായും താരമായും തന്റെ ഇടം കണ്ടുപിടിക്കാൻ വിജയ്ക്ക് നന്നായി പരിശ്രമിക്കേണ്ടിയിരുന്നു. തുടക്കകാലത്ത് അടുത്ത വീട്ടിലെ പയ്യൻ ഇമേജും റൊമാന്റിക് ഹീറോയുമായിട്ടാണ് വിജയ് തുടക്ക കാലത്ത് സിനിമകൾ ചെയ്തത്. 1996ൽ പുറത്തിറങ്ങിയ പൂവേ ഉനക്കാകെ എന്ന ചിത്രത്തിന് ശേഷമാണ് വിജയിയെ ഒരു നടനായി ആളുകൾ അംഗീകരിച്ചു തുടങ്ങിയത്.

തുടർന്ന് വൺസ്‌മോർ, നേർക്കു നേർ, കാതുലുക്ക് മര്യാദെ തുടങ്ങി നിരവധി ചിത്രങ്ങൾ വന്നു. അനിയത്തി പ്രാവിന്റെ തമിഴ് റീമേക്ക് ആയ കാതലുക്ക് മര്യാദെ എന്ന ചിത്രത്തിലൂടെ തമിഴ്‌നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌ക്കാരം വിജയ് സ്വന്തമാക്കുകയും ചെയ്തു. 1999 ൽ പുറത്തിറങ്ങിയ തുള്ളാതെമനവും തുള്ളുമെന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ വിജയ് ആരാധകരെ സൃഷ്ടിച്ചെടുത്തു. കേരളത്തിൽ മാത്രം നൂറ് ദിവസമാണ് ചിത്രം പ്രദർശിപ്പിച്ചത്.

ഖുഷി എന്ന ചിത്രം കൂടി ഇറങ്ങിയതോടെ വിജയിയുടെ മാർക്കറ്റ് ഉയർന്നു. ഷാജഹാൻ കൂടി ഇറങ്ങിയതോടെ അന്നത്തെ യുവാക്കളുടെ ഇഷ്ടതാരമായി വിജയ് മാറി. ഇതോടെ റോമാന്റിക് ഹീറോ എന്ന ഇമേജിൽ നിന്ന് പതിയെ മാറി ആക്ഷൻ ഹീറോ എന്ന ഇമേജിലേക്ക് വിജയ് മാറാൻ തുടങ്ങി. ഇതിന് തുടക്കമിട്ടതാകട്ടെ 2003 ൽ ഇറങ്ങിയ തിരുമലൈ എന്ന ചിത്രവുമായിരുന്നു.

തൊട്ടുത്ത വർഷം ഇറങ്ങിയ ഗില്ലിയിലൂടെ സൂപ്പർ താര പദവിയിലേക്ക് വിജയ് എത്തുകയായിരുന്നു. രജിനിക്കും കമലിനും ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായി വിജയ് മാറി. തമിഴിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ഗില്ലി മാറി. ഇതിനിടെ ഭഗവതി, ഉദയ, വസീഗര തുടങ്ങിയ ചിത്രങ്ങളും വിജയ് ചെയ്തു.

എന്നാൽ ഗില്ലിക്ക് ശേഷം ചെയ്ത ചിത്രങ്ങൾ വിജയമായിരുന്നെങ്കിലും ഗില്ലിയോളം വലിയ വിജയം നേടാൻ വിജയ്ക്ക് ആയില്ല. ആദി, ശിവകാശി, ശുക്രൻ, തിരുപ്പാച്ചി, സച്ചിൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം 2007 ൽ പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരി വിജയ് ചിത്രങ്ങളിലെ സർവകാല റെക്കോർഡ് സ്വന്തമാക്കി. എന്നാൽ തുടർന്നങ്ങോട്ട് വിജയുടെ കരിയറിൽ വലിയ വീഴ്ചയായിരുന്നു കണ്ടത്.

പോക്കിരിക്ക് ശേഷം ചെയ്ത ചിത്രങ്ങൾ എല്ലാം ശരാശരി വിജയം മാത്രമായി ഒതുങ്ങി. കരിയറിൽ അമ്പതാം ചിത്രമായി എത്തിയ 'സുറ' ബോക്‌സോഫീസിൽ ദയനീയമായി തകർന്നുവീണു. വിജയ്‌യുടെ ചിത്രങ്ങൾ സ്ഥിരം ടെംപ്ലേറ്റ് ചിത്രങ്ങളാണെന്നും ഇനിയൊരു തിരിച്ചുവരവ് താരത്തിനില്ലെന്നും നിരൂപകരും വിമർശകരും ഒന്നടങ്കം പറഞ്ഞു.

'സുറ'യുടെ നഷ്ടം നികത്താതെ വിജയ് ചിത്രങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തമിഴ്‌നാട്ടിലെ ചില തിയേറ്റർ ഉടമകളും വിതരണക്കാരും തീരുമാനമെടുക്കുകയും ചെയ്തു. തൊട്ടടുത്ത് ചെയ്ത കാവലന് റിലീസ് പ്രശ്‌നങ്ങൾ നേരിടേണ്ടി വരികയും ചെയ്തു. വിജയ്‌യുടെ കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ നൻപനും സൂപ്പർ ഹീറോ പരിവേഷത്തോടെ ചെയ്ത വേലായുധവും റിലീസ് ചെയ്തതും ഈ കാലയളവിൽ തന്നെയായിരുന്നു.

2013 ൽ വിജയ്‌യുടെ കരിയർ തന്നെ മാറ്റി മറിച്ചുകൊണ്ട് എ ആർ മുരുഗദോസ് സംവിധാനം ചെയ്ത തുപ്പാക്കി റിലീസ് ആയി. പിന്നീട് അങ്ങോട്ട് സിനിമയ്ക്ക് പുറത്തും വിജയ്ക്ക് പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നു. തുപ്പാക്കി ശേഷം ഇറങ്ങിയ തലൈവ എന്ന ചിത്രത്തിന് 'അജ്ഞാത' കാരണങ്ങളാൽ അപ്രഖ്യാപിത വിലക്കുകൾ വന്നു. ചിത്രം കേരളത്തിൽ റിലീസ് ചെയ്ത് നാല് ദിവസത്തിലധികം കഴിഞ്ഞ ശേഷമായിരുന്നു തമിഴ്നാട്ടിൽ ചിത്രം റിലീസ് ചെയ്തത്.

തൊട്ടടുത്തുവന്ന കത്തി എന്ന സിനിമയ്‌ക്കെതിരെയും പ്രതിഷേധങ്ങൾ ഉണ്ടായി. ചിത്രത്തിൽ 2 ജി സ്‌പെക്ട്രം അഴിമതിയടക്കമുള്ള കാര്യങ്ങൾ ചിത്രത്തിൽ ഉന്നയിച്ചതായിരുന്നു പ്രശ്‌നം. മലയാളത്തിന്റെ സ്വന്തം മോഹൻലാലിനൊപ്പം അഭിനയിച്ച ജില്ലയായിരുന്നു വിജയ്‌യുടെ അടുത്ത ചിത്രം. പക്ഷെ 2015 ൽ പുറത്തിറങ്ങിയ പുലി ബോക്സോഫിസിൽ തകർന്നടിഞ്ഞു. അതേസമയം തന്നെ ആദായ നികുതി വകുപ്പ് വിജയ്‌യുടെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. പുലിക്ക് ശേഷം വന്ന തെറിയും മെർസലും സർക്കാരും ബോക്സോഫിസിൽ എതിരാളികളില്ലാതെ വിജയുടെ സ്ഥാനം ഉറപ്പിച്ചു. ഇടയ്ക്ക് വന്ന ഭൈരവ നിരാശപ്പെടുത്തി, പക്ഷെ തൊട്ടടുത്ത് റിലീസ് ചെയ്ത ബിഗിൽ വൻ ഹിറ്റായി. ഈ ചിത്രത്തോടെ തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി വിജയ് മാറി.

വിജയ് യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത മെർസൽ ചിത്രത്തിനെതിരെ സംഘപരിവാർ വൃത്തങ്ങൾ കടുത്ത എതിർപ്പുകൾ ഉയർത്തിയിരുന്നു.

വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങൾക്ക് പകരം ആശുപത്രി വേണമെന്നുള്ള ഡയലോഗ് സിനിമയിൽ പറഞ്ഞതെന്ന് സംഘപരിവാർ പറഞ്ഞു.

വിജയിയുടെ മുഴുവൻ പേര് ജോസഫ് വിജയ് ആണെന്നതായിരുന്നു ഇതിന് തെളിവുകളായി സംഘപരിവാർ ചൂണ്ടിക്കാട്ടിയത്. പക്ഷേ ഈ പ്രചാരണത്തിനെ വിജയ് നേരിട്ടത്. ജീസസ് രക്ഷിക്കട്ടെ എന്ന് ലെറ്റർ പാഡിൽ ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന തന്റെ മുഴുവൻ പേര് എഴുതികൊണ്ടായിരുന്നു.

ഇതിനിടെ കോവിഡ് കാലത്ത് തിയേറ്റർ ഉടമകൾ ഒന്നാകെ ബുദ്ധിമുട്ടിയപ്പോൾ ലോകേഷ് കനകരാജിനൊപ്പം ഒന്നിച്ച തന്റെ ചിത്രം മാസ്റ്റർ തിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളുവെന്ന് വിജയ് നിലപാട് എടുത്തു. വിജയ് ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് നിലപാട് എടുത്ത തീയേറ്ററുകാരെ കൊണ്ട് വിജയ് തങ്ങളുടെ രക്ഷകനായെന്ന് പറയിപ്പിക്കാനും അദ്ദേഹത്തിനായി.

Gajan

ഏറ്റവുമൊടുവിൽ ലോകേഷ് കനകരാജിനൊപ്പം വിജയ് ഒന്നിച്ച ലിയോ എന്ന ചിത്രം 620 കോടിയോളം രൂപയാണ് ലോകവ്യാപകമായി ലഭിച്ചത്. ആരാണ് അടുത്ത സൂപ്പർ സറ്റാർ എന്ന ചോദ്യം തമിഴ്‌നാട്ടിൽ വ്യാപകമാണ്. രജിനി ഇനി സൂപ്പർ സ്റ്റാർ എന്ന പദവിക്ക് അർഹനല്ലെന്നും വിജയ് ആണ് സൂപ്പർ സ്റ്റാർ എന്ന പേരിന് അർഹനെന്നും ആരാധകരിൽ ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.

എന്നാൽ തനിക്ക് ആദ്യമായി ജനങ്ങൾ നൽകിയ ദളപതി എന്ന പേര് മതി തനിക്കെന്ന് വിജയ് പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് വിജയ് ഇറങ്ങുമോയെന്ന ചോദ്യമാണ് ഇപ്പോഴും തമിഴ്‌നാട്ടിൽ ശക്തമായിരിക്കുന്നത്. താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നോ ഇറങ്ങില്ലെന്നോ വിജയ് ഉറപ്പിച്ച് പറഞ്ഞിട്ടുമില്ല. അതേസമയം സാമൂഹ്യപ്രശ്‌നങ്ങളിലും മറ്റും നിലപാട് വിജയ് വ്യക്തമാക്കാറുമുണ്ട്.

നോട്ടുനിരോധന കാലത്ത് പത്രസമ്മേളനത്തിൽ കേന്ദ്ര സർക്കാറിനെതിരെ പരസ്യ പ്രസ്താവനയുമായി, ജല്ലിക്കട്ട് സമരത്തിൽ ആൾക്കൂട്ടത്തിൽ ഒരുവനായി മുഖം മറച്ച് നിന്നുകൊണ്ട്, തൂത്തുക്കുടിയിലെ അർധ രാത്രി സന്ദർശനത്തിലൂടെ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം സൈക്കിൾ ചവിട്ടി പോളിംഗ് ബൂത്തിലേക്ക് പോയതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും വിജയ് രാഷ്ട്രീയം പറയുന്നുണ്ട്.

ഇതിനിടെ തന്റെ ആരാധക സംഘടനയെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയ് അനുവദിക്കുകയും ചെയ്തു. ജീവിതത്തിൽ മുഖ്യമന്ത്രിയായാൽ സിനിമയിലേത് പോലെ ഞാൻ അഭിനയിക്കില്ല എന്നായിരുന്നു ഒരിക്കൽ ഒരു സ്റ്റേജ് ഷോയിൽ വെച്ച് വിജയ് പറഞ്ഞത്.

എം.ജി.ആറും കരുണാനിധിയും ജയലളിതയുമെല്ലാം സിനമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി തമിഴകം കീഴടക്കിയതിന്റെ അനുഭവങ്ങളുള്ളതിനാൽ വിജയിയുടെ ഓരോ ചലനങ്ങളെയും നിലവിലെ രാഷ്ട്രീയ പാർട്ടികൾ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. നായകനായി 31 വർഷം തികയ്ക്കുന്ന തമിഴ് സിനിമയുടെ ദളപതിയിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

logo
The Fourth
www.thefourthnews.in