ദളപതി 67 ന്റെ സസ്പെൻസ് തുടരുന്നു; പൂജ വീഡിയോ പുറത്ത്

ദളപതി 67 ന്റെ സസ്പെൻസ് തുടരുന്നു; പൂജ വീഡിയോ പുറത്ത്

ജനുവരി രണ്ടിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്

ദളപതി 67ന്റെ പൂജാ വീഡിയോ പുറത്തുവിട്ട് 7 സ്ക്രീൻ സ്റ്റുഡിയോസ്. ജനുവരി രണ്ടിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇതിനു മുൻപ് നടന്ന പൂജയുടെ വീഡിയോ ആണ് നിർമാണ കമ്പനി ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ പ്രഖ്യാപിച്ച താരങ്ങൾ അല്ലാതെ മറ്റാരെയും വീഡിയോയിൽ കാണാനില്ലെങ്കിലും ചിത്രത്തിന്റെ പ്രോമോ വരുന്നതുവരെ ഇനിയും സസ്പെൻസ് ബാക്കിയാണ്. 14 വർഷത്തിന് ശേഷമാണ് വിജയ്-തൃഷ ഹിറ്റ് ജോഡികൾ വീണ്ടും ഒരുമിക്കുന്നത്. പൂജാ വീഡിയോയിലും തൃഷ നിറ സാന്നിധ്യമാണ്.

ചിത്രത്തിലെ താരനിരയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചത് ഇന്നലെയാണ്. സംവിധായകൻ ലോകേഷ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പ്രഖ്യാപിച്ച പേരുകളിൽ സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, കൊറിയോഗ്രാഫർ സാന്റി മാസ്റ്റർ, മിസ്കിൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, ഗൗതം വാസുദേവ് മേനോൻ, അർജുൻ സർജ എന്നിവരാണുള്ളത്. തൃഷ ചിത്രത്തിന്റെ ഭാഗമാകുമെന്നുള്ള വാർത്ത ഇന്നാണ് പുറത്തുവന്നത്.

തുടർന്നും പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. പൂജയിൽ നിന്നുള്ള ചിത്രങ്ങളും കമ്പനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് തമിഴകത്തിന്റെ സ്വന്തം അനിരുദ്ധ് ആണ്. ചിത്രത്തിന്റെ ഓഡിയോ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക്കാണ്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ കശ്മീരിൽ ഷൂട്ട് ചെയ്യാനാണ് തീരുമാനം.

logo
The Fourth
www.thefourthnews.in