'മോശം കഥകള്‍ 100 കോടി മുടക്കി സിനിമയാക്കുന്നു'; ബോളിവുഡിനെ തകര്‍ക്കുന്ന നീക്കമെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

'മോശം കഥകള്‍ 100 കോടി മുടക്കി സിനിമയാക്കുന്നു'; ബോളിവുഡിനെ തകര്‍ക്കുന്ന നീക്കമെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

ബിഗ്ബജറ്റ് ചിത്രങ്ങളില്‍ സംവിധായകരേക്കാള്‍ റോള്‍ കോറിയോഗ്രാഫര്‍മാര്‍ക്കും സ്റ്റണ്ട് മാസ്റ്റര്‍മാര്‍ക്കുമെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. ബോളിവുഡിലെ 97 ശതമാനം ബിഗ് ബജറ്റ് ചിത്രങ്ങളുടേതും മോശം കഥയാണെന്നാണ് വിമര്‍ശനം. ഇവ ബോളിവുഡ് സിനിമാ വ്യവസായത്തെ തന്നെ തകര്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോശം കഥാപരിസരങ്ങളിലൂടെ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങുകയാണെന്നും നടന്‍ പറയുന്നു.

''മികച്ച കഥയില്ലാത്ത ബിഗ് ബജറ്റ് ചിത്രങ്ങളില്‍ സംവിധായകരേക്കാള്‍ പ്രാധാന്യം കോറിയോഗ്രാഫര്‍മാര്‍ക്കും സ്റ്റണ്ട് ഡയറക്ടര്‍മാര്‍ക്കുമാണ്. അത്തരം ചിത്രങ്ങളില്‍ അഭിനേതാവിന്റേയും സംവിധായകന്റേയും റോളെന്താണ്? '' - നവാസുദ്ദീന്‍ സിദ്ദിഖി ചോദിച്ചു.

പത്തോ പതിനഞ്ചോ അഭിനേതാക്കളെ ഉപയോഗിച്ച് 60 മുതല്‍ 100 കോടി രൂപ വരെ ചെലവഴിച്ചാണ് ഇത്തരം ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കുന്നത്. അവയാണെങ്കില്‍ ആളുകള്‍ കാണാന്‍ ഇഷ്ടപ്പെടാത്ത വമ്പന്‍ പരാജയങ്ങളും. എന്നാല്‍ ഒരു മികച്ച നടനെ വച്ച് 50 കോടി മുതല്‍ മുടക്കി മൂല്യമുള്ളൊരു സിനിമ ചെയ്യാന്‍ ഇവര്‍ തയ്യാറാകാറുമില്ല''- നവാസുദ്ദീന്‍ സിദ്ദിഖി ചൂണ്ടിക്കാട്ടി.

നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പം നേഹ ശര്‍മ്മയും സഞ്ജയ് മിശ്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്റിക്-കോമഡി 'ജോഗിര സര രാ രാ' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം.

logo
The Fourth
www.thefourthnews.in