ഇളയരാജ, എ ആർ റഹ്മാൻ
ഇളയരാജ, എ ആർ റഹ്മാൻ

''ഞങ്ങളുടെ ലക്ഷ്യസ്ഥാനം എപ്പോഴും തമിഴ്‌നാട്''; വിമാനത്താവളത്തില്‍ കണ്ടുമുട്ടി ഇളയരാജയും റഹ്മാനും

യുഎസിലും കാനഡയിലും സംഗീതപരിപാടി അവതരിപ്പിക്കാന്‍ പോയതായിരുന്നു റഹ്‌മാന്‍. ബുഡാപെസ്റ്റില്‍ നിന്ന് മടങ്ങുകയായിരുന്നു ഇളയരാജ

സംഗീതസംവിധാനത്തിലെ രണ്ട് ഇതിഹാസങ്ങളാണ് ഇളയരാജയും എ ആര്‍ റഹ്മാനും. ഇരുവരുടെയും ഒരു ഗാനമെങ്കിലും ആസ്വദിക്കാതെ മലയാളികള്‍ ഉള്‍പ്പെടെ സംഗീതാസ്വാദകരുടെ ഒരു ദിനവും കടന്നുപോകാറില്ല. കഴിഞ്ഞ ദിവസം രണ്ടുപേരും വിദേശയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ കണ്ടുമുട്ടി. ഗുരുവിനൊപ്പം സഞ്ചരിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് റഹ്മാന്‍ കുറിച്ചത് ഇങ്ങനെയായിരുന്നു, ''ഞങ്ങള്‍ രണ്ടുപേരും മടങ്ങുന്നത് വ്യത്യസ്ത വന്‍കരകളില്‍നിന്നാണ്. എന്നാല്‍ ലക്ഷ്യസ്ഥാനം എപ്പോഴും തമിഴ്‌നാട് തന്നെ''.

യുഎസിലും കാനഡയിലും സംഗീതപരിപാടി അവതരിപ്പിക്കാന്‍ പോയതായിരുന്നു റഹ്മാന്‍. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്ന് മടങ്ങുകയായിരുന്നു ഇളയരാജ. ഇരുവരും യാദൃച്ഛികമായാണ് ചെന്നൈ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയത്.

അടുത്തിടെ, കനേഡിയന്‍ നഗരമായ മര്‍ഖാമിലെ ഒരു തെരുവിന് റഹ്മാനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു. 'ജീവിതത്തില്‍ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു' -എന്നായിരുന്നു റഹ്മാന്‍ അതിനോട് പിന്നീട് പ്രതികരിച്ചത്.

തമിഴ് സിനിമകളുടെ തിരക്കിലാണ് റഹ്മാന്‍. വിക്രമിന്റെ 'കോബ്ര'യാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സിമ്പുവിന്റെ 'വെന്ത് തനിന്തത് കാട്', മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' എന്നീ ചിത്രങ്ങളാണ് റഹ്മാന്റേതായി ഇനി വരാനിരിക്കുന്നത്.

logo
The Fourth
www.thefourthnews.in