തുനിവും വാരിസും ഏറ്റെടുത്ത് ആരാധകർ ; ബോക്സ് ഓഫീസിൽ ഇഞ്ചോടിഞ്ച് പോരാട്ടം

തുനിവും വാരിസും ഏറ്റെടുത്ത് ആരാധകർ ; ബോക്സ് ഓഫീസിൽ ഇഞ്ചോടിഞ്ച് പോരാട്ടം

റിലീസ് ദിവസം തുനിവ് തമിഴ്നാട്ടിൽ നേടിയത് 21 കോടി ; വാരിസ് 20 കോടി

കോളിവുഡിലെ ഏറ്റവും വലിയ ഫാൻസ് ഫെസ്റ്റിവലിന് തുടക്കം കുറിച്ച് ബുധനാഴ്ചയാണ് അജിത്തിന്റെ തുനിവും വിജയ് യുടെ വാരിസും തീയേറ്ററിലെത്തിയത്. റിലീസിന് മുൻപെ തന്നെ അവകാശവാദങ്ങളുമായി ആരാധകർ കളം നിറഞ്ഞിരുന്നെങ്കിലും മൂന്ന് ദിവസം പിന്നിടുമ്പോൾ ഇരു ചിത്രങ്ങളും തമിഴ്നാട് ബോക്സ് ഓഫീസിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നതെന്ന കണക്കുകളാണ് പുറത്തുവരുന്നത്. പ്രീ റിലീസ് ബുക്കിങ്ങിൽ ബഹുദൂരം മുന്നിലായിരുന്ന വാരിസിന് പക്ഷെ റിലീസിന് ശേഷം തമിഴ്നാട്ടിൽ ആ നേട്ടം തുടരാനായിട്ടില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത് . മൂന്ന് ദിവസം കൊണ്ട് തുനിവ് തമിഴ്നാട്ടിൽ 37.5 കോടി നേടിയപ്പോൾ വാരിസിന്റെ കളക്ഷൻ 37 കോടിയാണ് .

അജിത്തിന്റെ കരിയറിലെ മികച്ച ഓപ്പണിങ് ചിത്രമായിരിക്കുമെന്ന അവകാശ വാദത്തോടെയാണ് തുനിവ് എത്തിയത് . എന്നാൽ ഓപ്പണിങ് കളക്ഷനിൽ തുനിവിന് വലിമൈയെ മറികടക്കാനായില്ല. വലിമൈ ആദ്യദിനം തമിഴ്നാട്ടിൽ നേടിയത് 28 കോടിയായിരുന്നു . തുനിവിന് ലഭിച്ചത് 21 കോടിയും . വ്യാഴാഴ്ച 8.5 കോടിയും വെള്ളിയാഴ്ച 8 കോടിയും നേടി. തമിഴ്നാട്ടിൽ പൊങ്കൽ അവധി ആരംഭിച്ചതിനാൽ ഇനിയുള്ള മൂന്ന് ദിവസങ്ങളിൽ തീയേറ്ററിൽ ആളുകൂടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ

വാരിസിന് തമിഴ്നാട്ടിലെ ഓപ്പണിങ് കളക്ഷൻ 20 കോടി രൂപയാണ്. തുടർന്നുള്ള രണ്ടുദിവസങ്ങളിൽ 8.75 കോടി , 8.25 കോടി എന്നിങ്ങനെയായിരുന്നു വരുമാനം. അജിത്തിന്റെ ചിത്രം പുലർച്ചെ ഒരുമണി മുതൽ ഷോ ആരംഭിച്ചതും കൂടുതൽ സീറ്റുകളുള്ള തീയേറ്ററുകളിൽ തുനിവ് പ്രദർശിപ്പിക്കുന്നതുമാണ് വാരിസിന് തിരിച്ചടിയായതെന്നാണ് ആരാധകരുടെ വിലയിരുത്തൽ . ഫാമിലി എന്റർടെയ്നറായതിനാൽ പൊങ്കൽ അവധി ദിവസങ്ങളിൽ വാരിസിന് കൂടുതൽ കുടുംബ പ്രേക്ഷകരെത്തുമെന്നതോടെ ബോക്സ് ഓഫീസിൽ വ്യക്തമായ ആധിപത്യം നേടാനാകുമെന്നാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ

എന്നാൽ തമിഴ്നാടിന് പുറത്ത് വാരിസ് ബഹുദൂരം മുന്നിലാണെന്നാണ് കണക്കുകൾ . തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഇതുവരെ 53 കോടിയാണ് വാരിസിന്റെ കളക്ഷൻ . തുനിവിന് പക്ഷെ ഇതുവരെ 50 കോടിയിലേക്ക് എത്താൻ സാധിച്ചിട്ടില്ല .

ഇരു ചിത്രങ്ങളുടെയും റിലീസ് തീരുമാനിച്ചത് മുതൽ ആരാധകർക്കിടയിലുള്ള ചോദ്യമാണ് തലയാ തലപതിയാ ( അജിത്തോ വിജയ് യോ). ആർക്കാണ് തമിഴ്നാട്ടിൽ ഫാൻസ് കൂടുതൽ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏത് സിനിമയാകും തമിഴ്നാട് ബോക്സ് ഓഫീസിൽ 100 കോടി ആദ്യം നേടുക എന്നതും അതുകൊണ്ട് തന്നെ ആരാധകരെ സംബന്ധിച്ച് നിർണായകമാണ്. പൊങ്കൽ അവധിക്ക് ശേഷമുള്ള ബോക്സ് ഓഫീസ് കണക്കുകൾ ആ ചോദ്യത്തിന് ഉത്തരം നൽകുമെന്നാണ് ഫാൻസ് അസോസിയേഷനുകളുടെ വാദം

logo
The Fourth
www.thefourthnews.in