വിസ്മയത്തോടെ അനുരാധ കേട്ടിരുന്നു ആ പാട്ടുകൾ

വിസ്മയത്തോടെ അനുരാധ കേട്ടിരുന്നു ആ പാട്ടുകൾ

തെന്നിന്ത്യൻ ഭാഷകളിലെ തിരക്കേറിയ ഗായികയായ അനുരാധ ഇളയരാജയും എആർ റഹ്‌മാനും വിദ്യാസാഗറും ഉൾപ്പെടെയുള്ള സംഗീതസംവിധായകർക്ക് വേണ്ടി ഹിറ്റ് ഗാനങ്ങൾ പാടി.

മ്യൂസിക് സിസ്റ്റത്തിൽ രേണുക പാടിക്കൊണ്ടേയിരിക്കുന്നു, ശൈശവത്തിന്റെ നിഷ്കളങ്കത തുടിക്കുന്ന പാട്ടുകൾ. മുഗ്ദ്ധമധുരമായ ആ ഗാനപ്രവാഹത്തിൽ മുഴുകി നിശബ്ദയായി കണ്ണടച്ചിരിക്കുന്നു പാട്ടുകാരിയായ മകൾ. "ഇതൊക്കെ എന്റെ അമ്മ പാടിയതോ? വിശ്വസിക്കാൻ പറ്റുന്നില്ല,'' എല്ലാം കേട്ടുതീർന്നപ്പോൾ വികാരഭരിതയായി അനു എന്ന അനുരാധ ശ്രീറാം പറഞ്ഞു. "നന്ദിയുണ്ട്, വൈകിയാണെങ്കിലും ഈ പാട്ടുകളൊക്കെ കേൾപ്പിച്ചുതന്നതിന്...''

മകൾ ആദ്യമായി കേൾക്കുകയായിരുന്നു അമ്മയുടെ പാട്ടുകൾ പലതും. "വീട്ടിലൊരിക്കലും അമ്മ മൂളിക്കേട്ടിട്ടുപോലുമില്ല ഇവയൊന്നും''... കാൽ നൂറ്റാണ്ടു മുമ്പ് "ചെന്നൈ ഗേൾ'' എന്ന തൻ്റെ ആദ്യ ഇൻഡി പോപ്പ് ആൽബത്തിന്റെ കോപ്പിയുമായി കോഴിക്കോട്ട് കനകാലയ ബാങ്കിനടുത്തുള്ള ഞങ്ങളുടെ വീട്ടിൽ ഒരു സന്ധ്യക്ക് കയറിവന്ന അനുരാധ അന്ന് പറഞ്ഞതോർക്കുന്നു. "ആകെ അറിയാവുന്നത് അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവൻ എപ്പോ വരും എന്ന പാട്ടാണ്. തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾ അമ്മ അത് പാടിത്തരുന്നതിന്റെ നേരിയ ഓർമയുണ്ട്. മുതിർന്ന ശേഷമാണ് ഓടയിൽ നിന്ന് എന്ന സിനിമയിൽ അമ്മ തന്നെ പാടിയ പാട്ടാണത് എന്ന് ആരോ പറഞ്ഞറിഞ്ഞത്..കേരളത്തിൽ വലിയൊരു ഹിറ്റായിരുന്നു അതെന്നും....''

അനുരാധ അമ്മ രേണുകയ്‍ക്കൊപ്പം
അനുരാധ അമ്മ രേണുകയ്‍ക്കൊപ്പം

അന്നത്തെ തുടക്കക്കാരിയിൽ നിന്ന് അനുരാധ ഏറെ വളർന്നു. തെന്നിന്ത്യൻ ഭാഷകളിലെ തിരക്കേറിയ ഗായികയായി. ഇളയരാജയും എആർ റഹ്‌മാനും വിദ്യാസാഗറും ഉൾപ്പെടെയുള്ള സംഗീതസംവിധായകർക്ക് വേണ്ടി ഹിറ്റ് ഗാനങ്ങൾ പാടി. അപ്പടി പോട് (ഗില്ലി), കറുപ്പ് താൻ എനക്ക് പുടിച്ച കളറ് (വെട്രി കൊടി കാട്ട്), ഓ പോട് (ജെമിനി), കണ്ണൻ വരും വേളൈ (ദീപാവലി), ഇഷ്‌ക് ബിനാ ക്യാ (താൽ),വടക്കിനിപ്പൂമുഖത്തന്നൊരിക്കൽ (അയാൾ), വാളെടുത്താൽ അങ്കക്കലി (മീശ മാധവൻ), പുലരിപ്പൊൻ പ്രാവേ (ഫ്ലാഷ്)....തുടങ്ങി വൈവിധ്യമാർന്ന ഗാനങ്ങൾ.

വിസ്മയത്തോടെ അനുരാധ കേട്ടിരുന്നു ആ പാട്ടുകൾ
കീരവാണിയുടെ ദേവരാഗങ്ങൾ

മകളുടെ വളർച്ചയിൽ രേണുകയ്ക്ക് ആഹ്ലാദവും അഭിമാനവും മാത്രം. പക്ഷേ അമ്മയിലെ ഗായികയെ പൂർണമായി മനസ്സിലാക്കാൻ ഇനിയും തനിക്കായിട്ടില്ലെന്ന് തുറന്നു പറയും അനുരാധ. "സിനിമാനുഭവങ്ങളെ പറ്റി അധികം സംസാരിക്കാറില്ല അമ്മ. ഒന്ന് മാത്രം പറയും, ഒരേ തരത്തിലുള്ള പാട്ടുകൾ പാടി മടുത്തതുകൊണ്ടാണ് സിനിമയോട് വിട പറഞ്ഞതെന്ന്. കുടുംബജീവിതമായിരുന്നു എന്നും അമ്മയ്ക്ക് പ്രധാനം. സഹജമായ അന്തർമുഖത്വം കൂടി ഉള്ളതിനാൽ പിന്നീടൊരിക്കലും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടില്ല അമ്മ, ടെലിവിഷൻ ഇന്റർവ്യൂകൾക്ക് ഇരുന്നുകൊടുത്തതുമില്ല....''

അന്ന് മകൾ വിസ്മയത്തോടെ കേട്ടിരുന്ന അമ്മയുടെ പാട്ടുകൾ പലതും എന്റെ തലമുറയ്ക്ക് സുപരിചിതം. എല്ലാം ശിവമയം (കുമാരസംഭവം), കണികാണും നേരം (പി ലീലയ്‌ക്കൊപ്പം ഓമനക്കുട്ടനിൽ), അരിമുല്ലച്ചെടി വികൃതിക്കാറ്റിനെ (പൂമ്പാറ്റ), കമനീയ കേരളമേ (ലീലയോടൊപ്പം വിയർപ്പിന്റെ വിലയിൽ), അമ്മയ്ക്ക് ഞാനൊരു കിലുക്കാം പെട്ടി (അർച്ചന), പഞ്ചാരപ്പാലുമിട്ടായി (യേശുദാസ്, ലീല എന്നിവർക്കൊപ്പം ഭാര്യയിൽ), ഇത് ബാപ്പ ഞാൻ ഉമ്മ (കുപ്പിവള), കിഴക്ക് കിഴക്ക് കിഴക്കൻ കാട്ടിലെ (ദാഹം), നീലാഞ്ജനക്കിളി (റൗഡി), ചേട്ടത്തിയമ്മ (തറവാട്ടമ്മ), ഞാനിതാ തിരിച്ചെത്തി (ജയചന്ദ്രനൊപ്പം അസുരവിത്തിൽ), കടക്കണ്ണിൻ മുന കൊണ്ട് (തുറക്കാത്ത വാതിൽ)... എല്ലാം മലയാളികൾക്ക് സുപരിചിതമായ പാട്ടുകൾ. പക്ഷേ അവയ്ക്ക് പിന്നിലെ ശബ്ദത്തിന്റെ ഉടമയെ ആരോർക്കുന്നു ഇന്ന്?

വിസ്മയത്തോടെ അനുരാധ കേട്ടിരുന്നു ആ പാട്ടുകൾ
നീലം പൂശിയ സിനിമ

നിറവേറപ്പെടാത്ത സ്വന്തം സംഗീത സ്വപ്‌നങ്ങൾ മകളിലൂടെ യാഥാർഥ്യമാകുന്നത് ആഹ്ലാദത്തോടെ കണ്ടു നിൽക്കുന്നു ഇന്ന് രേണുക. തഞ്ചാവൂർ എസ് കല്യാണരാമൻ, ഡോ. ടി ബൃന്ദ, ഡോ. ടി വിശ്വനാഥൻ എന്നിവർക്ക് കീഴിൽ കർണ്ണാടക സംഗീതവും പണ്ഡിറ്റ് മണിക്ബുവ താക്കൂർ ദാസിന്റെ കീഴിൽ ഹിന്ദുസ്ഥാനിയും അഭ്യസിച്ച അനുരാധ അമേരിക്കയിലെ കണക്റ്റിക്കട്ടിലുള്ള വെസ്ലിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പാശ്ചാത്യ ഒപേറ, ജാസ് സംഗീതശാഖകളിലും പ്രാവീണ്യം നേടിയ ശേഷമാണ് സിനിമയിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിത്തിരിച്ചത്. ``ഇന്ദിര''യിൽ എ ആർ റഹ്‌മാൻ ഈണമിട്ട "അച്ചം അച്ചം ഇല്ലൈ'' ആയിരുന്നു സിനിമയിലെ ആദ്യ സോളോ ഗാനം. മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട്, കർണാടക, ബംഗാൾ സംസ്ഥാന അവാർഡുകളും തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡും ഉൾപ്പെടെ ബഹുമതികളുടെ നീണ്ട നിര തന്നെയുണ്ട് അനുരാധയുടെ ഷോക്കേസ്. ഭർത്താവ് ശ്രീറാം പരശുറാം അറിയപ്പെടുന്ന സംഗീതജ്ഞൻ. അനുരാധയുടെ ഇളയ സഹോദരൻ മുരുകനും സംഗീത സംവിധാന രംഗത്തുണ്ട്.

അനുവിന്റെ മലയാളഗാനങ്ങളിൽ "അയാളി"ലെ "വടക്കിനിപ്പൂമുഖത്തന്നൊരിക്കൽ ഇടം വലം നോക്കാതെ കാത്തുനിന്നു"വിനോട് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ട്. കാലം തെറ്റിപ്പിറന്ന പാട്ടാണ് അതെന്ന് തോന്നും ചിലപ്പോൾ. കനവും നിനവും മലരും മഴയും വെച്ച് പാട്ടുകൾ തട്ടിക്കൂട്ടാൻ ഗാനരചയിതാക്കൾ നിർബന്ധിതരാകുന്ന കാലത്ത്, "പാട്ടിൽ സാഹിത്യം വേണ്ടാട്ടോ" എന്ന് സംവിധായകർ നിർബന്ധം പിടിക്കുന്ന കാലത്ത്, വടക്കിനി എന്ന വാക്ക് വെച്ചൊരു പാട്ട് തുടങ്ങാൻ ചങ്കൂറ്റം കാണിച്ച ദേവദാസിന് ഒരു സല്യൂട്ട്. ഒപ്പം പാട്ടിന്റെ ഈണത്തിൽ മലയാളിത്തത്തിന്റെ ഇളനീർമധുരം ചാലിച്ചു ചേർത്ത മോഹൻ സിത്താരയ്ക്കും, ഹൃദയം നൽകി അത് പാടിയ പ്രിയപ്പെട്ട അനുവിനും.

logo
The Fourth
www.thefourthnews.in