'പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചത് അമ്മ അംഗങ്ങള്‍; ചിലർ ജോലിക്കാരനോടെന്ന പോലെ പെരുമാറി'; തുറന്നുപറഞ്ഞ് ഇടവേള ബാബു

'പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചത് അമ്മ അംഗങ്ങള്‍; ചിലർ ജോലിക്കാരനോടെന്ന പോലെ പെരുമാറി'; തുറന്നുപറഞ്ഞ് ഇടവേള ബാബു

വനിതാ സംവരണം ഏര്‍പ്പെടുത്തിയതില്‍ ആശയകുഴപ്പം ഉണ്ടായി

ഇടവേള ബാബു ഇല്ലാതെ എന്ത് അമ്മ, അമ്മയില്ലാതെ എന്ത് ഇടവേള ബാബു, 25 വര്‍ഷം നീണ്ട ഭാരവാഹിത്വം ഒഴിയാന്‍ ഇടവേള ബാബു തീരുമാനിച്ചപ്പോള്‍ നടന്‍ സലീം കുമാറിന്‌റെ പ്രതികരണം ഇങ്ങനെയായിരുന്നു. അമ്മ എന്ന സംഘടനയെ കുറിച്ച് അറിയുന്ന മുഴുവന്‍ പേരും പറയാന്‍ ആഗ്രഹിച്ചതും ഇതുതന്നെ. അമ്മയിലെ അംഗങ്ങളില്‍ നിന്ന് നേരിടേണ്ടി വന്ന ചില തിക്താനുഭവങ്ങളാണ് ആ തീരുമാനത്തിലേക്കെത്തിച്ചതെന്ന് തുറന്ന് പറയുകയാണ് ഇടവേള ബാബു. ചിലര്‍ പെയ്ഡ് സെക്രട്ടറി എന്ന് വിളിച്ചു. മറ്റു ചിലര്‍ ജോലിക്കാരനോടെന്ന പോലെ പെരുമാറി ...

Summary

'പൂച്ച പെറ്റു കിടന്ന ഒരു ഖജനാവുണ്ടായിരുന്ന കാലത്താണ് ഞാന്‍ അമ്മയുടെ ഭാരവാഹിയായി എത്തിയത്. അവിടെ നിന്ന് ഏതാണ്ട് 18 കോടി വിലമതിക്കുന്ന ഒരു ആസ്ഥാന മന്ദിരവും ആറര കോടിയുടെ ബാങ്ക് ബാലന്‍സും അമ്മയ്ക്ക് നേടി കൊടുത്തിട്ടാണ് സ്ഥാനം ഒഴിഞ്ഞത് എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്'

പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചത് അമ്മയ്ക്കുള്ളിലുള്ളവര്‍

25 വര്‍ഷം അമ്മയെ സേവിച്ചു. 505 അംഗങ്ങളില്‍ 504 പേരുടേയും എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു. പണ്ട് എ കെ ആന്‌റണി അധികാരമേറ്റപ്പോള്‍ പറഞ്ഞപോലെ പൂച്ച പെറ്റു കിടന്ന ഒരു ഖജനാവുണ്ടായിരുന്ന കാലത്താണ് ഞാന്‍ അമ്മയുടെ ഭാരവാഹിയായി എത്തിയത്. അവിടെ നിന്ന് ഏതാണ്ട് 18 കോടി വിലമതിക്കുന്ന ഒരു ആസ്ഥാന മന്ദിരവും ആറര കോടിയുടെ ബാങ്ക് ബാലന്‍സും അമ്മയ്ക്ക് നേടി കൊടുത്തിട്ടാണ് സ്ഥാനം ഒഴിഞ്ഞത് എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. പക്ഷേ സ്ഥാനമൊഴിയാനുള്ള തീരുമാനത്തിലേക്കെത്തിച്ചത് എനിക്ക് തന്നെയുണ്ടായ ചില തിരിച്ചറിവാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പലരും ഒരു ജോലിക്കാരനെന്ന നിലയില്‍ പെരുമാറാന്‍ തുടങ്ങി. ബാബുവിന് വേറെ പണിയൊന്നുമില്ലല്ലോ അല്ലെങ്കില്‍ ഇത് ബാബുവിന്‌റെ പണിയല്ലേ എന്നൊക്കെയുള്ള ആറ്റിറ്റ്യൂടായി ... എനിക്ക് ഇത് ഒരിക്കലും ജോലി ആയിരുന്നില്ല പകരം എന്റെ പാഷനായിരുന്നു... അംഗങ്ങളുടെ ഈ മനോഭാവം വളരെ വിഷമമുണ്ടാക്കി. അത് മനസിലായപ്പോള്‍ തന്നെ ഒരു മാറ്റം ആവശ്യമാണ് എന്ന തീരുമാനത്തിലേക്കെത്തിയിരുന്നു. അത് കഴിഞ്ഞ ജനറല്‍ ബോഡിയില്‍ തന്നെ എല്ലാവരോടും പറഞ്ഞതുമാണ്. എന്നിട്ടും അമ്മയിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് അംഗങ്ങളില്‍ ചിലര്‍ പെയ്ഡ് സെക്രട്ടറി എന്ന് വിളിച്ചത് വേദനയുണ്ടാക്കി.

അമ്മയ്ക്ക് അകത്ത് വോട്ട് തേടാനുള്ള ക്യാംപയിനില്‍ പോലും അവര്‍ ഇത് ഉപയോഗിച്ചു. പേരൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് കൂടി മനസിലാകാനാണ് ജനറല്‍ ബോഡിയോഗത്തില്‍ പ്രസംഗിച്ചപ്പോള്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ആറുമാസമായി അമ്മയ്ക്ക് വേറെ ഒരു സ്റ്റാഫ് പോലുമില്ല... ഓഫീസ് ജോലികള്‍ മുതല്‍ എല്ലാം നോക്കി നടത്തിയിട്ടും ഇങ്ങനെ കേള്‍ക്കുമ്പോള്‍, പകരം ആളില്ലെന്ന കാരണം പറഞ്ഞ് കടിച്ച് തൂങ്ങുന്നത് ശരിയല്ലെന്ന് തോന്നി. നമ്മള്‍ മാറിയാല്‍ പകരം സംവിധാനം വരും. വരുന്നവര്‍ക്ക് ചിലപ്പോള്‍ ഇതിലും നന്നായി നടത്താനുമാകും.

പറഞ്ഞത് തനിക്ക് വേണ്ടിയല്ല

സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ അമ്മയിലെ ആരും പ്രതിരോധിച്ചില്ലെന്നത് വിഷമമുണ്ടാക്കിയ സംഭവമാണെങ്കിലും ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യം പറഞ്ഞത് തനിക്ക് വേണ്ടിയായിരുന്നില്ല. ഇനി വരുന്ന അംഗങ്ങള്‍ക്കെങ്കിലും അമ്മയില്‍ നിന്ന് അത്തരം പരിഗണനയും പരിരക്ഷയും കിട്ടണമെന്ന ആഗ്രഹത്തിലാണ്. അതു പറഞ്ഞ ശേഷം പലരും വിളിച്ചും മെസേജ് അയച്ചും ക്ഷമ പറയുകയൊക്കെ ചെയ്തു. പക്ഷേ എനിക്ക് വേണ്ടിയല്ല , വരുന്ന പുതിയ അംഗങ്ങള്‍ക്ക് വേണ്ടിയാണ് അത് പറഞ്ഞത് എന്നതാണ് വാസ്തവം.

പിഷാരടിയുടെ പരാതിയില്‍ കഴമ്പുണ്ട് ; പക്ഷേ സംഭവിച്ചത് അബദ്ധം

വനിതാ സംവരണം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. അതുകൊണ്ട് തന്നെ ചില ആശയകുഴപ്പങ്ങളുമുണ്ടായി വോട്ടെടുപ്പിന് മുന്‍പോ ഫലം പ്രഖ്യാപിച്ചപ്പോഴോ പ്രിസൈഡിങ് ഓഫീസര്‍ എക്‌സിക്യൂട്ടിവിലെ 7 എണ്ണം ജനറല്‍ സീറ്റും നാലെണ്ണം വനിതാ സംവരണവുമാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ പരാതി ഉയരുമായിരുന്നില്ല.

നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ എക്‌സിക്യൂട്ടിവിലേക്ക് മത്സരിക്കാന്‍ നാല് വനിതകള്‍ ഉള്‍പ്പെടെ 13 പേരുണ്ടായിരുന്നു. എന്നാല്‍ രചന നാരായണന്‍കുട്ടി പത്രിക പിന്‍വലിച്ചപ്പോള്‍ ആകെ മത്സരാര്‍ത്ഥികള്‍ 12 ആയി. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളും 9 പുരുഷന്‍മാരുമായിരുന്നു. വൈസ് പ്രസിഡന്‌റ് സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജു പിള്ളയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരനും പരാജയപ്പെട്ടതോടെ സംവരണം നടപ്പിലാക്കാന്‍ ഒരു വനിതയെ നാമനിര്‍ദേശം ചെയ്യേണ്ടി വരുമെന്ന നിലയിലെത്തി. ഇതാണ് മൊത്തം ആശയക്കുഴപ്പത്തിലേക്ക് നയിച്ചത്.

വോട്ട് ലഭിച്ചിട്ടും തോറ്റ് പോയതെങ്ങനെയെന്ന രമേഷ് പിഷാരടിയുടെ ചോദ്യത്തില്‍ കഴമ്പുണ്ട് . അത് അടുത്ത ജനറല്‍ ബോഡിയില്‍ ഇത് പരിഹരിക്കും. 4 സീറ്റ് വനിതാ സംവരണത്തിന് വേണ്ടി മാത്രമായി മാറ്റിവയ്ക്കാനുള്ള തീരുമാനമുണ്ടാകും.

'പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചത് അമ്മ അംഗങ്ങള്‍; ചിലർ ജോലിക്കാരനോടെന്ന പോലെ പെരുമാറി'; തുറന്നുപറഞ്ഞ് ഇടവേള ബാബു
'ചിലർ നുള്ളിനോവിച്ചു'; വിടവാങ്ങലിനിടെ പരിഭവം പറഞ്ഞ് ഇടവേള ബാബു, അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കില്ലെന്ന് സിദ്ധിഖ്

മത്സരിക്കാന്‍ സ്ത്രീകള്‍ കുറവാകുന്നതിന് കാരണം

മത്സരിക്കാനും ജയിക്കാനും എളുപ്പമാണ്. പക്ഷേ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഷ്ടപ്പാടുണ്ട്. അതിനാല്‍ സ്ത്രീകളില്‍ ഭൂരിഭാഗവും മത്സരിക്കാന്‍ തയാറാകുന്നില്ല.

കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് യുട്യൂബ് ചാനല്‍ ദൃശ്യങ്ങള്‍ മുഴുവന്‍ സംപ്രേക്ഷണം ചെയ്തു

വാര്‍ത്തസമ്മേളനം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു

ജനറല്‍ ബോഡിക്ക് ശേഷം വാര്‍ത്താ സമ്മേളനം വേണ്ടെന്ന് തലേ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തില്‍ തീരുമാനമായിരുന്നു. വാര്‍ത്താക്കുറിപ്പ് ഇറക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ ജനറല്‍ ബോഡി കഴിഞ്ഞപ്പോള്‍ അധികാരമേറ്റ പുതിയ ഭാരവാഹികള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചു. അവരുടെ പരിചയക്കുറവ് കൊണ്ട് സംഭവിച്ച് പോയതാണ്.

കരാര്‍ ലംഘിച്ച യൂട്യൂബ് ചാനലിന് നോട്ടീസ് നല്‍കി

അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു സ്വകാര്യ യുട്യൂബ് ചാനലിന് ആദ്യമായി കരാര്‍ നല്‍കിയത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ്. നേരത്തെ അമ്മയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ലൈവ് സ്ട്രീമിങ് . അത് നിര്‍ത്തിയ സാഹചര്യത്തിലാണ് യുട്യൂബ് ചാനലിന് കരാര്‍ നല്‍കിയത്. സാമ്പത്തികമായി അമ്മയ്ക്ക് നേട്ടമുണ്ടാകുമെന്നതിനാല്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കരാര്‍ വീണ്ടും പുതുക്കി. എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ആ ചാനല്‍ ദൃശ്യങ്ങള്‍ മുഴുവന്‍ സംപ്രേക്ഷണം ചെയ്തത്. ചര്‍ച്ചയോ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനമോ പകര്‍ത്താന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചത് ചാനലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് അവര്‍ ആ ദൃശ്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ പുതിയ ഭരണസമിതി തീരുമാനിക്കും

സിനിമയിലും ഷോകളിലും സജീവമാകും

നിവിന്‍ പോളിയുടെ ഡിയര്‍ സ്റ്റുഡന്‍ഡ്, ഫഹദിന്‌റെ ഓടും കുതിര ചാടും കുതിര എന്നിവയാണ് ഇപ്പോള്‍ ചെയ്യുന്നത്. കൂടുതല്‍ ഷോകള്‍ ചെയ്യുന്നതും പരിഗണനയിലുണ്ട്.

logo
The Fourth
www.thefourthnews.in