'ഫാത്തിമയെ കണ്ടു, അച്ഛൻ എന്റെ ഫാനായി'; കല്യാണി പ്രിയദർശൻ

'ഫാത്തിമയെ കണ്ടു, അച്ഛൻ എന്റെ ഫാനായി'; കല്യാണി പ്രിയദർശൻ

'ശേഷം മൈക്കിൽ ഫാത്തിമ' നവംബർ 17 ന് തിയേറ്ററുകളിൽ എത്തും

'ശേഷം മൈക്കിൽ ഫാത്തിമ'യിലെ പ്രകടനം കണ്ടതുമുതൽ അച്ഛൻ തന്റെ ഫാനായി മാറിയെന്ന് കല്യാണി പ്രിയദർശൻ. ഏറ്റവും വലിയ വിമർശകൻ അച്ഛൻ തന്നെയാണെങ്കിലും ഫാത്തിമ മലയാളം സംസാരിക്കുന്നത് കേട്ട് അച്ഛൻ അത്ഭുതപ്പെട്ടുപോയെന്ന് കല്യാണി ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

കല്യാണി പ്രിയദർശന്റെ വാക്കുകൾ

'തല്ലുമാലക്ക് ശേഷം വന്ന ഇന്റർവ്യൂകളും ട്രോളുകളും കണ്ട് പലരും ചോദിച്ചു, ഫാത്തിമയാവാൻ കല്യാണി തന്നെ വേണോ? കല്യാണിക്ക് അത് കഴിയുമോ എന്ന്. ആ ചോദ്യം ഞാൻ ഒരു വെല്ലുവിളി ആയി എടുത്തു. സ്വന്തമായി ഡബ്ബ് ചെയ്യുമെന്നത് വാശി ആയിരുന്നു. അച്ഛൻ തന്നെയാണ് ഏറ്റവും കൂടുതൽ വിമർശിക്കാറ്. പക്ഷെ ഇത്തവണ ഫാത്തിമയെ കണ്ട് അച്ഛൻ എന്റെ ഫാനായി. നീ തന്നെയാണോ ഇത്ര ഭം​ഗിയായി മലബാർ ഭാഷ പറയുന്നതെന്നും അച്ഛൻ ചോദിച്ചു. ആളുകളുടെ റെസ്പോൺസ് എന്തായിരിക്കുമെന്ന് അറിയാൻ അച്ഛനും കാത്തിരിക്കുകയാണ്. നിനക്ക് മലയാളം അറിയില്ലെന്ന് ഇനി ആരും പറയില്ലെന്നാണ് അച്ഛൻ സിനിമ കണ്ട് പറഞ്ഞത്.'

സേഫ് സോണിൽ നിന്ന് പുറത്തുചാടി പരിമിതികളെ മറികടക്കണമെന്നതാണ് ആ​ഗ്രഹം
കല്യാണി പ്രിയദർശൻ

'എന്ത് പ്രശ്നവും സംസാരിച്ച് തീർക്കാമെന്ന് വിശ്വസിക്കുന്ന പെൺകുട്ടിയാണ് ഫാത്തിമ. അതുകൊണ്ടുതന്നെ അവൾക്ക് വർത്തമാനം പ്രിയപ്പെട്ടതാണ്. ശേഷം മൈക്കിൽ ഫാത്തിമയിൽ ഭാഷയും ഒരു കഥാപാത്രമാണ്. മറ്റൊരാൾ എനിക്കുവേണ്ടി ഡബ്ബ് ചെയ്യുക എന്നത് അസാധ്യമായിരുന്നു. സുരഭി ലക്ഷി ചേച്ചിയാണ് ഡബ്ബിങ്ങിൽ ഒപ്പമിരുന്ന് എന്നെ സഹായിച്ചത്. തല്ലുമാലയ്ക്ക് മുമ്പേ തിരക്കഥ കേട്ട സിനിമയാണ് ശേഷം മൈക്കിൽ ഫാത്തിമ. തല്ലുമാലയിലും ഫാത്തിമ എന്ന പേര് തന്നെ കഥാപാത്രത്തിന് വന്നപ്പോൾ ഇതിൽ ഫാത്തിമക്ക് പകരം മറ്റൊരു പേര് ഞങ്ങൾ ആലോചിച്ചിരുന്നു. പക്ഷെ ഫാത്തിമ എന്ന പേര് വല്ലാതെ മനസിൽ കയറിപ്പോയി. മറ്റൊരു പേരും ചേരാത്തതുപോലെയും തോന്നി'.

'ഫാത്തിമയെ കണ്ടു, അച്ഛൻ എന്റെ ഫാനായി'; കല്യാണി പ്രിയദർശൻ
മമ്മൂട്ടിയുടെയും ജ്യോതികയുടെയും പ്രണയാർദ്ര ജീവിതകഥ, 'എന്നും എൻ കാവൽ'; കാതൽ ദി കോർ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ചെയ്യേണ്ടി വരുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും തന്റെ പരിമിതികളെ മറികടക്കാൻ ശ്രമിക്കാറുണ്ടെന്നും കല്യാണി പറയുന്നു. സ്വന്തം സ്വഭാവ-പെരുമാറ്റ രീതികളെ വെല്ലുവിളിച്ച കഥാപാത്രമായിരുന്നു തല്ലുമാലയിലേത്. ഭാഷ കൊണ്ട് വെല്ലുവിളിയായ ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. രൂപത്തിൽ തന്നെ ഏറെ വെല്ലുവിളി നേരിടേണ്ടി വന്ന വേഷമാണ് വരാനിരിക്കുന്ന ആന്റണി എന്ന ചിത്രത്തിലേത്. ഈ രീതിയിൽ സേഫ് സോണിൽ നിന്ന് പുറത്തുചാടി പരിമിതികളെ മറികടക്കണമെന്നതാണ് തുടർന്നും ആ​ഗ്രഹമെന്ന് കല്യാണി പറയുന്നു. നവാ​ഗതനായ മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 17 ന് തിയേറ്ററുകളിൽ എത്തും.

logo
The Fourth
www.thefourthnews.in