'അവരുടെ ഡാൻസിൽ കാണിച്ച അത്ര വൃത്തികേട് ഞാൻ കാണിച്ചിട്ടില്ലല്ലോ'; തമന്നയുടെ കാവാല പാട്ടിനെതിരെ മൻസൂർ അലിഖാൻ

'അവരുടെ ഡാൻസിൽ കാണിച്ച അത്ര വൃത്തികേട് ഞാൻ കാണിച്ചിട്ടില്ലല്ലോ'; തമന്നയുടെ കാവാല പാട്ടിനെതിരെ മൻസൂർ അലിഖാൻ

തമന്നയുടെ പുതിയ ചിത്രമായ ജയിലറിലെ 'കാവാല' എന്ന ഗാനത്തിനെതിരെയാണ് മൻസൂർ അലിഖാൻ രംഗത്ത് എത്തിയത്

എന്നും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് മൻസൂർ അലിഖാൻ. സിനിമയിലും സിനിമയ്ക്ക് പുറത്തും മൻസൂർ അലിഖാന്റെ പരമാർശങ്ങൾ പലപ്പോഴും വൻവിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇപ്പോൾ നടി തമന്നയെ അധിക്ഷേപിച്ച് മൻസൂർ അലിഖാൻ നടത്തിയ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയാണ്.

തമന്നയുടെ പുതിയ ചിത്രമായ ജയിലറിലെ 'കാവാല' എന്ന ഗാനത്തിനെതിരെയാണ് മൻസൂർ അലിഖാൻ രംഗത്ത് എത്തിയത്. മൻസൂർ അലിഖാൻ അഭിനയിച്ച സരകു എന്ന സിനിമയിലെ ഗാനരംഗത്തിന് സെൻസർ ബോർഡ് കത്തിവെച്ചിരുന്നു. ഇതിനെതിരെ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് നടൻ തമന്നയുടെ നൃത്തരംഗത്തിനെതിരെ രംഗത്ത് എത്തിയത്.

കാവാല ഗാനരംഗത്തിൽ കാണിച്ചിടത്തോളം സെക്‌സിയായും മോശമായും താൻ തന്റെ ഗാനരംഗത്ത് കാണിച്ചിട്ടില്ലെന്നും പിന്നെ എന്തിനാണ് സെൻസർ കട്ട് ചെയ്തതെന്നുമാണ് മൻസൂർ അലിഖാൻ ചോദിച്ചത്. ചില അധിക്ഷേപ പരാമർശങ്ങളും നടൻ നടത്തി. വാർത്താസമ്മേളനത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപകവിമർശനമാണ് നടനെതിരെ ഉയരുന്നത്.

നടൻ മാപ്പ് പറയണമെന്നും സെൻസർ ബോർഡിനെ വിമർശിക്കാൻ മറ്റൊരാളെയോ കലാസൃഷ്ടിയെയോ അധിക്ഷേപിക്കുകയോ അല്ല ചെയ്യേണ്ടതെന്നും സോഷ്യൽ മീഡിയിയിൽ ഉയരുന്ന കമന്റുകൾ. അതേസമയം മൻസൂർ അലിഖാൻ വിവിധ സിനിമകളിലും സ്റ്റേജുകളിലും കളിച്ച നൃത്തരംഗങ്ങൾ പങ്കുവെച്ചുകൊണ്ടും നടനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

സൂപ്പർ സ്റ്റാർ രജിനികാന്ത് നായകനായി എത്തിയ ജയിലർ സിനിമയിലെ ഗാനമായിരുന്നു കാവാല. തമന്ന അഭിനയിച്ച ഈ ഗാനം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ദളപതി വിജയ് നായകനായ ലിയോ ആണ് മൻസൂർ അലിഖാന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം.

logo
The Fourth
www.thefourthnews.in