'ചെയ്യാനിഷ്ടം നായകവേഷം, ആർഡിഎക്സിന് ശേഷം കൂടുതല്‍ ഓഫറുകൾ തമിഴിൽ നിന്ന്': ഷെയ്ൻ നി​ഗം

'ചെയ്യാനിഷ്ടം നായകവേഷം, ആർഡിഎക്സിന് ശേഷം കൂടുതല്‍ ഓഫറുകൾ തമിഴിൽ നിന്ന്': ഷെയ്ൻ നി​ഗം

പ്രതിനായകനോ സ്വഭാവനടനോ അവാൻ തയ്യാറല്ല, താത്പര്യം നായകവേഷത്തോടെന്ന് ദ ഫോർത്ത് അഭിമുഖത്തിൽ ഷെയ്ൻ നി​ഗം

ചെയ്യാനിഷ്ടം നായകവേഷം മാത്രമെന്ന് ഷെയ്ന‍ നി​ഗം. സിനിമയിലെത്തിയ തുടക്കകാലം മുതലുളള തന്റെ ആ​ഗ്രഹവും അതുതന്നെ ആയിരുന്നു എന്ന് ഷെയ്ൻ പറയുന്നു. ആർ ഡി എക്സ് സിനിമയുടെ റിലീസിന് ശേഷം റൊമാന്റിക് ഹീറോ എന്നും ആക്ഷൻ ഹീറോ എന്നും പ്രേക്ഷകരാൽ വിളിക്കപ്പെട്ട ഷെയ്ൻ ഇനി ഉള്ള സിനിമകളിൽ ഏതുതരം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിനായിരുന്നു ഷെയ്നിന്റെ മറുപടി. വരുന്ന കഥാപാത്രങ്ങൾ എന്റെ പ്രായത്തോട് ചേരുന്നതാവണം, കഥാപാത്ര തിരഞ്ഞെടുപ്പിൽ മാത്രമല്ല, ഏതുതരം സിനിമകൾ തിരഞ്ഞെടുക്കണം എന്ന തീരുമാനത്തിലും മാറ്റം സംഭവിച്ചിട്ടുളളതായി ഷെയ്ൻ ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആർ ഡി എക്സിന്റെ വൻ വിജയത്തിന് ശേഷം തമിഴ്, കന്നട സിനിമാ മേഖലകളിൽ നിന്നും നിരവധി പ്രമുഖരാണ് താരങ്ങൾക്കും സിനിമയുടെ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി എത്തിയത്. സിനിമ കേരളത്തിന് പുറത്തും ശ്രദ്ധ നേടിയതോടെ തമിഴിൽ നിന്നും അനേകം ഓഫറുകൾ വന്നതായും ഷെയ്ൻ പറയുന്നു.

'ചെയ്യാനിഷ്ടം നായകവേഷം, ആർഡിഎക്സിന് ശേഷം കൂടുതല്‍ ഓഫറുകൾ തമിഴിൽ നിന്ന്': ഷെയ്ൻ നി​ഗം
പലസ്തീനിലെ കുഞ്ഞുങ്ങളുടെ വീഡിയോ ബാധിച്ചു, ആ സമയത്താണ് ഈ സംഭവം; കളമശേരി സംഭവത്തിലെ പ്രതികരണത്തെ കുറിച്ച് ഷെയ്ൻ നിഗം

ഷെയ്ൻ നി​ഗത്തിന്റെ വാക്കുകൾ

''പ്രതിനായകനോ സ്വഭാവനടനോ അവാൻ തയ്യാറല്ല, താത്പര്യം നായകവേഷത്തോട്. ആദ്യം മുതൽ അതുതന്നെ ആ​ഗ്രഹവും. തുടക്കസമയത്ത് എനിക്ക് കിട്ടിയതെല്ലാം സീരിയസ് പൊളിറ്റിക്സ് സംസാരിക്കുന്ന സിനിമകളായിരുന്നു. എന്റെ തിരഞ്ഞെടുപ്പും അങ്ങനെ ആയിരുന്നു. പക്ഷെ പിന്നീടെനിക്ക് മനസിലായി രാഷ്ട്രീയം സംസാരിക്കുക എന്നതിലുപരി പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിപ്പിക്കുന്നതുകൂടിയാവണം സിനിമയെന്ന്. അപ്പോഴാണ് ആർ ഡി എക്സ് സംഭവിക്കുന്നതും. ആർ ഡി എക്സ് എന്നെ കൂടുതൽ ജനകീയമാക്കി. അത്തരം കണ്ടന്റുളള കൊമേഴ്ഷ്യൽ സിനിമകളിൽ നായകനാവാനാണ് ആ​ഗ്രഹം. കൊമേഴ്ഷ്യൽ ആകാൻ വേണ്ടി ആവശ്യമില്ലാതെ പാട്ടും ഫൈറ്റും തിരുകിക്കയറ്റുന്ന സിനിമകളെ അല്ല ഉദ്ദേശിക്കുന്നത്. കഥയ്ക്ക് ചേരുന്ന പോലെ പ്രേക്ഷകർക്ക് രസിക്കാനാവും വിധത്തിൽ എല്ലാം ചെറിയ അളവിൽ ചേർക്കുന്ന സിനിമകളാണ് മനസിലുളളത്. നവംബർ 10ന് റിലീസിനൊരുങ്ങുന്ന വേലയും അത്തരമൊരു സിനിമ ആയിരിക്കും. ഇനിയുളള തിരഞ്ഞെടുപ്പുകളും അങ്ങനെ തന്നെയാവും.''

ഞാൻ ഇതുവരെ ചെയ്തിട്ടുളള കഥാപാത്രങ്ങളെല്ലാം ഏകദേശം എന്റെ പ്രായത്തിന് ഇണങ്ങുന്നവരാണ്. അതെന്റെ ബോധപൂർവ്വമായ തിരഞ്ഞെടുപ്പ് തന്നെയാണ്. കല്യാണം കഴിഞ്ഞ് കുട്ടിയുളള ഒരാളുടെ വേഷം ചെയ്യാൻ പറഞ്ഞാൽ എന്നെക്കൊണ്ടാവില്ല. എനിക്ക് തീരെ പരിചയമില്ലാത്ത ഒരു കഥാപാത്രത്തെ, അയാളുടെ ജീവിത സാഹചര്യങ്ങളെ എന്നെക്കൊണ്ട് ചെയ്തു ഫലിപ്പിക്കാനാവില്ല. ഇഴച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന അവസ്ഥയായിരിക്കും. കഥാപാത്രവുമായി ഉള്ളിൽ നിന്നൊരു കണക്ഷൻ കിട്ടിയില്ലെങ്കിൽ ഭം​ഗിയാവില്ലല്ലോ.‌

ആർ ഡി എക്സിന്റെ വിജയത്തിന് ശേഷം മറ്റ് നാടുകളിൽ നിന്നും ഒരുപാട് പേർ ഇൻസ്റ്റ​ഗ്രാമിലും മറ്റുമായി പാട്ടുകൾ ഇഷ്ടപ്പെട്ടു, സിനിമ ഇഷ്ടപ്പെട്ടു എന്നൊക്കെയുളള മെസേജുകൾ അയക്കാറുണ്ട്. ഇപ്പോൾ മലയാളത്തിൽ നിന്ന് വരുന്നതിനേക്കാൾ കൂടുതൽ സിനിമാ ഓഫറുകൾ വരുന്നതും തമിഴിൽ നിന്നാണ്. കഥകൾ കേൾക്കുന്നുണ്ട്. ഉടനെ ഒരു തമിഴ് സിനിമ വരും എന്നല്ല അതിനർത്ഥം, ഇഷ്ടപ്പെട്ടാൽ, നല്ലതെന്ന് തോന്നിയാൽ ചെയ്യണമെന്നുതന്നെയാണ് കരുതുന്നത്. അവരൊക്കെ നമ്മുടെ മലയാളം സിനിമയെ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നതാണ് ഏറ്റവും വലിയ സന്തോഷം.

logo
The Fourth
www.thefourthnews.in