'സ്വപ്നത്തിൽ കൂടെ യോസിച്ചതില്ല സാർ'; ജയിലറിലെ വർമ്മൻ ഹിറ്റായതിൽ പ്രതികരിച്ച് വിനായകൻ

'സ്വപ്നത്തിൽ കൂടെ യോസിച്ചതില്ല സാർ'; ജയിലറിലെ വർമ്മൻ ഹിറ്റായതിൽ പ്രതികരിച്ച് വിനായകൻ

രജനീകാന്തിനും നെൽസണും സൺപിക്ച്ചേഴ്സിനും നന്ദി പറഞ്ഞ് വിനായകൻ

നെൽസൺ ദിലീപ് കുമാറിന്റെ രജനീകാന്ത് ചിത്രം ജയിലറിന്റെ വിജയത്തിൽ ആദ്യമായി പ്രതികരിച്ച് നടൻ വിനായകൻ. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത വിധം വർമ്മനെ പ്രേക്ഷകർ ഏറ്റെടുത്തതിന് പ്രധാന കാരണം രജനീകാന്തിന്റെ പിന്തുണയാണെന്നാണ് വിനായകന്റെ പ്രതികരണം.

വിനായകന്റെ വാക്കുകൾ

നെൽസൺ ദിലീപ് കുമാറിന്റെ ഓഫീസിൽ നിന്ന് വിളിച്ചപ്പോൾ ഫോണിന് റേഞ്ചൊന്നും ഇല്ലാത്ത ഒരു കാട്ടിൽ ആയിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം തിരികെ വിളിച്ചപ്പോഴാണ് കഥാപാത്രത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. രജനീകാന്ത് നായകനായ ചിത്രം , നെൽസൺ സംവിധാനം ചെയ്യുന്ന സിനിമ, അതിലെ പ്രധാന വില്ലനെന്നാണ് ആദ്യം ലഭിച്ച ബ്രീഫ്. അതുമാത്രം മതിയായിരുന്നു ചിത്രം ചെയ്യാൻ... നിർമാതാക്കളായ സൺപിക്ച്ചേഴ്സ് തന്നെയാണ് വിനായകന്റെ പ്രതികരണം പുറത്തുവിട്ടത്

രജനീകാന്തിനെ പോലെ വ്യക്തിപ്രഭാവമുള്ള ഒരു താരം തന്നെ പോലെയൊരാളെ ചേർത്ത് നിർത്തിയതും അദ്ദേഹം തന്ന ഊർജ്ജവുമാണ് വർമ്മൻ ഹിറ്റായതിന് പ്രധാന കാരണമെന്നും വിനായകൻ പറഞ്ഞു. വീട്ടിൽ നിന്ന് പുറത്തിറങ്ങാനാകാത്ത വിധം ഹിറ്റായ ഒരു കഥാപാത്രം തന്നതിന് നെൽസണ് നന്ദി. ഈ അവസരത്തിന് കാരണമായ രജനീ സാറിനെ ഒരിക്കലും മറക്കില്ലെന്നും വിനായകൻ വീഡിയോയിൽ പറയുന്നു. ചിത്രത്തിലെ ഓരോ സീനും ആസ്വദിച്ചാണ് ചെയ്തതെന്നും വിനായകൻ വ്യക്തമാക്കി

എന്നാൽ വിനായകന് കാറും ചെക്കുമില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. നെൽസണും രജനീകാന്തിനും അനിരുദ്ധിനും ആഡംബര കാറും ലാഭവിഹിതത്തിന്റെ ചെക്കും സൺപിക്ച്ചേഴ്സ് കൈമാറിയിരുന്നു.

logo
The Fourth
www.thefourthnews.in