മാർക്ക് ആന്റണിയുടെ സെൻസർ സർട്ടിഫിക്കറ്റിന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി; തെളിവ് പുറത്തുവിട്ട് നടൻ വിശാൽ

മാർക്ക് ആന്റണിയുടെ സെൻസർ സർട്ടിഫിക്കറ്റിന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി; തെളിവ് പുറത്തുവിട്ട് നടൻ വിശാൽ

വിശാലിന്റെ വെളിപ്പെടുത്തൽ ട്വിറ്റർ പോസ്റ്റിൽ

100 കോടി ക്ലബിൽ ഇടം നേടിയ മാർക്ക് ആന്റണി എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി നൽകേണ്ടിവന്നെന്ന് തുറന്നുപറഞ്ഞ് നടൻ വിശാൽ. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നൽകിയത് ആറര ലക്ഷം രൂപയാണെന്നും താരം വെളിപ്പെടുത്തുന്നു. പണം കൈമാറിയതിന്റെ തെളിവുകളും വിശാൽ ട്വിറ്ററിൽ പങ്കുവച്ചു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാനും യു എ സർട്ടിഫിക്കറ്റ് ലഭിക്കാനുമാണ് ഉദ്യോഗസ്ഥർ പണം വാങ്ങിയതെന്നും വിശാൽ പറയുന്നു

ഹിന്ദി പതിപ്പിന്റെ സർട്ടിഫിക്കറ്റിനായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിനെ സമീപിച്ചപ്പോഴാണ് ദുരനുഭവമുണ്ടായത്. രണ്ടു തവണയായാണ് പണം കൈമാറിയത്. മൂന്നു ലക്ഷം രൂപ രാജന്‍ എന്ന ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന അക്കൗണ്ടിലേക്കുമാണ് കൈമാറിയത്. ഇവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും വിശാല്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണമെന്നും താരം ആവശ്യപ്പെട്ടു. ഇത് തനിക്ക് വേണ്ടിയല്ല മറ്റ് നിര്‍മാതാക്കള്‍ക്ക് കൂടി വേണ്ടിയാണെന്നും വിശാല്‍ പറയുന്നു. തന്റെ സിനിമാ ജീവിതത്തിൽ മുൻപ് ഒരിക്കലും ഇത്തരമൊരു അനുഭവം നേരിട്ടേണ്ടി വന്നിട്ടില്ല. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം അഴിമതിക്കായി പോകുന്നത് സഹിക്കാനാകുന്നില്ല. സത്യം ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും വിശാൽ പറഞ്ഞു

logo
The Fourth
www.thefourthnews.in