പ്രഭാസിന്റെ ആദിപുരുഷിനെ വരവേൽക്കാൻ ആരാധകർ; ആദ്യ ഷോകളുടെ ടിക്കറ്റുകൾ വിറ്റുപോയി

പ്രഭാസിന്റെ ആദിപുരുഷിനെ വരവേൽക്കാൻ ആരാധകർ; ആദ്യ ഷോകളുടെ ടിക്കറ്റുകൾ വിറ്റുപോയി

ആദിപുരുഷ് മറ്റന്നാൾ തീയേറ്ററുകളിലെത്തും

പ്രഭാസിന്റെ ആദിപുരുഷ് തീയേറ്ററുകളിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ആദ്യ ഷോയുടെ ടിക്കറ്റുകളെല്ലാം വിറ്റുപോയെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രധാന നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളിലെല്ലാം ആദ്യഷോകളുടെ ബുക്കിങ് പൂർത്തിയായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . ഡൽഹിയിൽ ടിക്കറ്റ് നിരക്ക് 2000 വരെ ഉയര്‍ത്തിയിട്ടും ആദ്യ ഷോയ്ക്കുള്ള ബുക്കിങ് പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ പതിനായിരം ടിക്കറ്റുകൾ ബുക്ക് ചെയ്യുമെന്ന് നേരത്തെ ദ കശ്മീർ ഫയൽസിന്റെ നിർമാതാവ് വ്യക്തമാക്കിയിരുന്നു. തെലങ്കാനയിലെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായി ടിക്കറ്റുകൾ വിതരണം ചെയ്യുമെന്നും അഭിഷേക് അഗര്‍വാള്‍ അറിയിച്ചിരുന്നു. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും നിർധനരായ കുട്ടികൾക്ക് ചിത്രം കാണുന്നതിനായി പതിനായിരം ടിക്കറ്റുകൾ എടുത്തു നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

രാമായണത്തെ അടിസ്ഥാനമാക്കി വിഎഫ്എക്സിന് പ്രാധാന്യം നൽകി കൊണ്ട് ഓം റൌട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനുമാണ് വേഷമിടുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് ആദിപുരുഷ്. കൃതി സനോൻ ആണ് ചിത്രത്തിൽ സീതയായി വേഷമിടുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്

പ്രഖ്യാപനം മുതൽ തന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ആദിപുരുഷ് 500 കോടിയിലേറെ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ റിലീസിന് റിലീസിന് മുന്‍പ് തന്നെ നിർമ്മാണ ചെലവിന്റെ 85 ശതമാനവും തിരിച്ചുപിടിച്ചതായാണ് കണക്കുകള്‍. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് സംസ്ഥാനങ്ങളിലെ വിതരണാവകാശം, ഓവർസീസ് വിതരണാവകാശം എന്നിവ ഉൾപ്പെടെ 432 കോടി രൂപയുടെ പ്രീറിലീസ് ബിസിനസ് നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണമുണ്ടായാൽ ആദ്യ ദിനങ്ങളിൽ തന്നെ ചിത്രം നൂറുകോടി ക്ലബിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ

logo
The Fourth
www.thefourthnews.in