തീയേറ്ററിൽ തിരിച്ചടി; ആദിപുരുഷിന്റെ ടിക്കറ്റ് നിരക്ക് കുറച്ചു

തീയേറ്ററിൽ തിരിച്ചടി; ആദിപുരുഷിന്റെ ടിക്കറ്റ് നിരക്ക് കുറച്ചു

വിമർശനങ്ങളെ തുടർന്ന് ചിത്രത്തിലെ ചില ഡയലോഗുകൾ മാറ്റി

വലിയ പ്രതീക്ഷകളുമായി തീയേറ്ററിലെത്തിയ പ്രഭാസ് ചിത്രം ആദിപുരുഷിന് ബോക്സ് ഓഫീസിൽ കനത്ത തിരിച്ചടി. റിലീസ് ചെയ്ത് ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ തീയേറ്റർ കളക്ഷനിൽ വൻ ഇടിവാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചും വിവാദ ഡയലോഗുകൾ തിരുത്തിയും കളക്ഷൻ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നിർമാതാക്കൾ. തീയേറ്ററുകളിൽ ഇന്നും നാളെയും 150 രൂപ നിരക്കില്‍ ചിത്രം കാണാമെന്നാണ് നിർമാതാക്കളുടെ പ്രഖ്യാപനം .

എന്നാൽ ആന്ധ്രാപ്രദേശ്, തെലങ്കാന, കേരള, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിരക്ക് ഇളവ് ബാധകമല്ല. ത്രീ– ‍ഡിയിൽ ചിത്രം കാണാനും ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കില്ല . വിവാദ ഡയലോഗുകൾ തിരുത്തിയെന്നും കുടുംബങ്ങളെ തീയേറ്ററിലേക്ക് ക്ഷണിക്കുന്നുവെന്നും പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ പുതിയ പോസ്റ്ററും പുറത്തുവിട്ടു

റിലീസിന്‍റെ ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട കളക്ഷനോടെ ബോക്സോഫീസില്‍ മുന്നേറിയിരുന്ന ആദിപുരുഷിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നതോടെ വലിയ തിരിച്ചടി നേരിടുകയായിരുന്നു. സിനിമയിൽ ഡയലോഗുകൾക്കെതിരെ ഉയർന്ന വിമർശനങ്ങളും ചിത്രത്തെ പ്രതികൂലമായി ബാധിച്ചു.

വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമിടയിലും നാലു ദിവസം കൊണ്ട് തന്നെ ആഗോള ബോക്സ് ഓഫീസിൽ ചിത്രം 375 കോടിയിലധികം രൂപ നേടിയെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട ഔദ്യോഗിക കളക്ഷൻ റിപ്പോർട്ടിൽ പറയുന്നത്. നാലാംദിവസത്തിലേക്ക് എത്തിയപ്പോൾ ബോക്സ് ഓഫീസ് കളക്ഷൻ കുത്തനെ കുറയുകയും ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കളക്ഷന്‍ 16 കോടിയായി ചുരുങ്ങുകയും ചെയ്തു . അഞ്ചാം ദിവസം വീണ്ടും കുറഞ്ഞ് 10.7 കോടിയായി. ഇതോടെ ചിത്രത്തിന് ഇന്ത്യയിൽ നിന്ന് മാത്രം ഇതുവരെ ലഭിച്ച കളക്ഷന്‍ 247.8 കോടി രൂപയാണ്. 500 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്

logo
The Fourth
www.thefourthnews.in