ഷാരൂഖ് ഖാൻ തിരുപ്പതി ക്ഷേത്രത്തിൽ; ഒപ്പം നയൻതാരയും
വിഘ്നേഷ് ശിവനും

ഷാരൂഖ് ഖാൻ തിരുപ്പതി ക്ഷേത്രത്തിൽ; ഒപ്പം നയൻതാരയും വിഘ്നേഷ് ശിവനും

സോഷ്യൽ മീഡിയയിൽ വൈറലായി താരങ്ങളുടെ വീഡിയോ

അറ്റ്ലി ചിത്രം ജവാൻ്റെ റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ മകൾക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഷാരൂഖ് ഖാൻ. മകൾ സുഹാനയ്ക്കൊപ്പമാണ് ഷാരൂഖ് എത്തിയത്. ജവാനിലെ നായിക കൂടിയായ നയൻതാരയും വിഘ്നേഷ് ശിവനും ഷാരൂഖിനൊപ്പം ദർശനത്തിന് എത്തി

ദർശനത്തിന് ശേഷം ഷാരൂഖ് ആരാധകരെ അഭിവാദ്യം ചെയ്തു . താരങ്ങളുടെ ക്ഷേത്ര ദര്‍ശനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങില്‍ വൈറലാണ്. ക്ഷേത്രത്തിലുണ്ടായിരുന്നവരാണ് താരങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയത്.

വെള്ള കുര്‍ത്തയും പൈജാമയും ഷാളുമാണ് ഷാരൂഖിന്റെ വേഷം. നയന്‍ താരയും ഷാരൂഖിന്റെ മകള്‍ സുഹാനയും വെള്ള ചുരിദാറാണ് ധരിച്ചത്. മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്നേഷിന്റെ വേഷം. ഷാരൂഖിന്റെ മാനേജറായ പൂജ ഡഡ്‌ലാനിയും താരങ്ങള്‍ക്കൊപ്പം ദര്‍ശനത്തിന് എത്തി.

ദിവസങ്ങള്‍ക്ക് മുന്‍പ് ഷാരൂഖ് ഖാന്‍ ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നതും ശ്രദ്ധേയമായിരുന്നു.

സംവിധായകൻ അറ്റ്ലിയുടെ ഹിന്ദി സിനിമ അരങ്ങേറ്റമാണ് ജവാൻ. ഷാരൂഖിൻ്റെ ഉടനസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സെപ്റ്റംബർ ഏഴിനാണ് ജവാൻ തീയേറ്ററുകളിലെത്തുന്നത്. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ. അതിഥി വേഷത്തിൽ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അനിരുദ്ധാണ് സംഗീതം.

logo
The Fourth
www.thefourthnews.in