എ ഐ ഉപയോഗം സംഗീതത്തിന്  ഭീഷണിയോ സാധ്യതയോ? പ്രതികരണവുമായി സംഗീതജ്ഞർ

എ ഐ ഉപയോഗം സംഗീതത്തിന് ഭീഷണിയോ സാധ്യതയോ? പ്രതികരണവുമായി സംഗീതജ്ഞർ

സംഗീതരംഗത്തെ എ ഐ ഉപയോഗത്തെ മലയാള സംഗീതമേഖല എങ്ങനെയാണ് കാണുന്നത്? എം ജയചന്ദ്രൻ, ഹിഷാം അബ്ദുൾ വഹാബ്, മൃദുല വാര്യർ, രാജലക്ഷ്മി എന്നിവര്‍ പ്രതികരിക്കുന്നു

അന്തരിച്ച ബംബ ബക്യ, ഷാഹുൽ ഹമീദ് എന്നീ ഗായകരുടെ ശബ്ദം നിർമിത ബുദ്ധി (എ ഐ) ഉപയോഗിച്ച് പുനഃസൃഷ്ടിച്ച് പുതിയ ഗാനം ഒരുക്കിയിരിക്കുകയാണ് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ. 'ലാൽ സലാം' എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയ ഈ ഗാനം തമിഴകത്ത് ഇതിനോടകം തന്നെ വിവാദമായിക്കഴിഞ്ഞു.

എ ഐയിൽ പാട്ട് പാടിക്കാം, പക്ഷേ വികാരം എങ്ങനെ പ്രതിഫലിപ്പിക്കും? ഈ ചോദ്യം പലയിടങ്ങളിൽനിന്നായി ഉയർന്നുകഴിഞ്ഞു.

'ശാസ്ത്രലോകത്തെ കണ്ടുപിടിത്തങ്ങൾ മനുഷ്യരാശിയുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ കലയിലും സംഗീതത്തിലും ഉപയോഗിക്കുന്നത് ഭീതിജനകമായ സാഹചര്യമാണ്,'' എന്നായിരുന്നു ഗായിക കവിത കൃഷ്ണമൂർത്തി പ്രതികരിച്ചത്.

പുതിയ പ്രവണതയെ മലയാള സംഗീതമേഖല എങ്ങനെയാണ് കാണുന്നത്? സംഗീതസംവിധായകനും ഗായകനുമായ എം ജയചന്ദ്രൻ, 'ഹായ് നാന' എന്ന തെലുങ്ക് ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിനായി എ ഐ നിർമിത ഗായികയെ കൊണ്ട് പാടിപ്പിച്ച സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൾ വഹാബ്, ഗായികമാരായ മൃദുല വാര്യർ, രാജലക്ഷ്മി എന്നിവർ സംസാരിക്കുന്നു.

അഭിനന്ദനാർഹം: എം ജയചന്ദ്രൻ

എ ഐ ഒരു സുനാമി പോലെ എല്ലാ മേഖലകളിലും വലിയ വ്യത്യാസമുണ്ടാക്കുമെന്നാണ് മനസിലാക്കുന്നത്. റഹ്‌മാൻ സാർ നടത്തിയ പരീക്ഷണം അഭിനന്ദനാർഹമാണ്. എല്ലാം കാലത്തിനനുസരിച്ചുള്ള കാൽവെപ്പാണ്. പക്ഷേ അപ്പോഴും എ ഐ യുടെ നെഗറ്റീവ് വശങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഒരുപാട് ആൾക്കാരുടെ ജീവിതം, അവരുടെ ക്രിയേറ്റിവിറ്റിയൊക്കെ വേണ്ടാതാകുന്ന ഒരു കാലത്തിലേക്ക് പോകുമോയെന്ന് ആലോചിക്കേണ്ടതുണ്ട്. നല്ലതിനുവേണ്ടി ഉപയോഗിച്ചാൽ എല്ലാ പരീക്ഷണങ്ങളും മാറ്റങ്ങളും നല്ലതാണ്, പ്രത്യേകിച്ച് കലയിൽ. പക്ഷേ അത് ആരുടേയും ജീവിതം വഴിമുട്ടിക്കുന്നതോ സർഗബോധത്തെ വേണ്ടെന്ന് വയ്ക്കുന്നതോ ആകാൻ പാടില്ല.

ഉദ്ദേശ്യം നല്ലതാണെങ്കിൽ എല്ലാം നല്ലതാണ്: ഹിഷാം അബ്ദുൾ വഹാബ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഇനി നമുക്ക് മാറ്റിനിർത്താനാകില്ല. മാറ്റത്തെ വളരെ പോസിറ്റീവായി കാണുന്ന ഒരാളാണ് ഞാൻ. കാലം മാറുന്നതിന് അനുസരിച്ച് നമ്മളും മാറണം. ഹിഷാം അബ്ദുൾ വഹാബ് എന്ന സംഗീത സംവിധായകൻ നാളെ മരിച്ച് പോയാലും എ ഐ യിലൂടെ ജീവിക്കാൻ സാധിക്കുമെങ്കിൽ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. 'ഹേ നാന'യിലെ എ ഐ ഉപയോഗിച്ച് ആ പശ്ചാത്തല സംഗീതം ഞാൻ ചിട്ടപ്പെടുത്തിയെടുക്കുമ്പോൾ തന്നെ പുലർച്ചെ മൂന്ന് മൂന്നരയായി. രാവിലെ ഏഴിന് സംവിധായകനും നിർമാതാവും വരും. ഞാൻ പാടിയെങ്കിലും എന്റെ ശബ്ദത്തിൽ ആ വരികൾ അവരെ കേൾപ്പിക്കാൻ ഞാൻ ഒട്ടും കോൺഫിഡന്റ് ആയിരുന്നില്ല. അങ്ങനെയാണ് ആ സമയത്ത് എ ഐ പരീക്ഷിച്ചത്. നമുക്ക് മുന്നിൽ ഒരു സാധ്യതയുണ്ടെങ്കിൽ അത് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്?

മറ്റൊരു അനുഭവം പറഞ്ഞാൽ ഇപ്പോൾ ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം ഒരു ഗായകൻ പാടിയാൽ കൊള്ളാമായിരിക്കും എന്നൊരു ആലോചന വന്നു, (ഗായകന്‍റെ പേര് പറയുന്നില്ല) അദ്ദേഹത്തിലേക്ക് എത്താൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. അപ്പോൾ സംവിധായകൻ ഒരു നിർദേശം വച്ചു, നമുക്ക് ആദ്യം ഈ ഗാനം അദ്ദേഹത്തിന്റെ ശബ്ദം എ ഐ ചെയ്ത് ഒന്നും പാടിപ്പിച്ച് കേട്ട് നോക്കാം. ഇഷ്ടപ്പെട്ടാൽ അദ്ദേഹത്തെ ബന്ധപ്പെട്ട് പാടിച്ചാൽ മതിയല്ലോ? ആ നിർദേശം എനിക്കും നല്ലതായി തോന്നി. അതുവരെ അങ്ങനെയൊരു സാധ്യതയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.

എ ഐ വരുന്നത് കൊണ്ട് ആരുടെയും അവസരം നഷ്ടപ്പെടുമെന്ന് കരുതുന്നില്ല. കാരണം ഹൃദയത്തിലെ എല്ലാ പാട്ടിന്റെയും ട്രാക്ക് ഞാനാണ് പാടിയത്. പക്ഷേ സിനിമയ്ക്കുവേണ്ടി പാടിയത് ദർശന എന്ന ഗാനം മാത്രവും. അതും വിനീതേട്ടൻ (വിനീത് ശ്രീനിവാസൻ) ആവശ്യപ്പെട്ടിട്ട്. ബാക്കി എല്ലാ ഗാനങ്ങളും ആ ഗാനങ്ങൾ ആവശ്യപ്പെടുന്ന തരത്തിലുള്ള ശബ്ദത്തിലുള്ളവരെ കൊണ്ടാണ് പാടിച്ചത്. നേരത്തെ പറഞ്ഞപോലെ എ ഐ ഉപയോഗിക്കേണ്ട ഒരു ആവശ്യം വന്നാൽ മാത്രമേ ഞാൻ അതുപയോഗിക്കൂ. മരിച്ചുപോയ ഗായകരുടെ ശബ്ദം എ ഐ യിൽ റിക്രീയേറ്റ് ചെയ്യുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ മുഹമ്മദ് റാഫി, മൈക്കിൽ ജാക്സൺ അങ്ങനെയുളളവരുടെയൊക്കെ ശബ്ദം എ ഐ യിലൂടെ വീണ്ടും കേട്ടാൽ കൊള്ളാമെന്നുണ്ട്. വികാരങ്ങൾ എ ഐ യിൽ പ്രതിഫലിക്കാനാകുമോയെന്ന് ചോദിച്ചാൽ അതൊക്കെ ഇനി സംഭവിക്കേണ്ടതാണ്. അങ്ങനെയൊരു കാലം വരില്ലെന്നൊന്നും കരുതാനാകില്ല. ഏറ്റവും പ്രധാനം നമ്മുടെ ഉദ്ദേശ്യം നല്ലതാണോയെന്ന് മാത്രമാണ്.

എ ഐ ഉപയോഗം സംഗീതത്തിന്  ഭീഷണിയോ സാധ്യതയോ? പ്രതികരണവുമായി സംഗീതജ്ഞർ
'അങ്ങനെയൊരു ആലോചനയില്ല', എ ഐ ഉപയോഗിച്ച് മമ്മൂട്ടിയുടെ പ്രായം കുറച്ചുള്ള സിനിമയില്ലെന്ന് ബി ഉണ്ണികൃഷ്ണൻ

പാടിയാൽ മതിയോ ആത്മാവ് വേണ്ടേ? മൃദുല വാര്യർ

എ ഐ ഉപയോഗിക്കുന്നതിൽ പോസിറ്റീവും നെഗറ്റീവും ഉണ്ട്. പോസിറ്റീവ് എന്താണെന്ന് ചോദിച്ചാൽ നമ്മുക്ക് ഒരുപാട് ഇഷ്ടമുള്ള, എന്നാൽ നഷ്ടപ്പെട്ടുപ്പോയ ചില ഗായകരില്ലേ ലതാജിയെ പോലെയൊക്കെ... അവരൊക്കെ ചില പുതിയ പാട്ടുകളൊക്കെ പാടിയാൽ എങ്ങനെയുണ്ടാകുമെന്നൊക്കെ ഞാൻ ചിന്തിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ നമുക്ക് എ ഐ ഉപയോഗിച്ചൊക്കെ കേട്ടുനോക്കാം. പിന്നെ ഹിഷാം പറഞ്ഞ ഒരു കാര്യത്തോടും എനിക്ക് പൂർണമായി യോജിപ്പാണ്, ഒരു പാട്ട് പാടിക്കാനായി ഒരു ഗായകനെയോ ഗായികയെയോ വിളിക്കും മുൻപ് അവരുടെ എ ഐ വച്ച് ട്രാക്ക് കേട്ട് നോക്കുന്നത് സംഗീത സംവിധായകന് ഏകദേശ ധാരണ ലഭിക്കാൻ സഹായിക്കും. കാരണം സീനിയർ ഗായകർ ഉൾപ്പെടെ പലരും പാടിയ പാട്ടുകൾ പിന്നീട് മറ്റു ചിലരെ കൊണ്ട് പാടിക്കുന്ന അനുഭവം ഉണ്ടാകാറുണ്ട്. പാടുന്നവർക്ക് പ്രതിഫലമൊക്കെ നൽകും. പക്ഷേ അതുമാത്രമല്ലല്ലോ പ്രശ്നം അതൊരു വേദനിപ്പിക്കുന്ന അനുഭവം തന്നെയാണ്. അതുകൊണ്ട് അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ എ ഐ ട്രാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. കാലത്തിന് അനുസരിച്ച് നമ്മളും മാറണം.

നെഗറ്റീവ് വശത്തേക്ക് വന്നാൽ ഒരു പാട്ട് വെറുതെയങ്ങ് പാടുകയല്ലല്ലോ, നമ്മൾ നമ്മുടെ ആത്മാവും കൂടി കൊടുത്താണല്ലോ പാടുന്നത്. അപ്പോൾ മാത്രമല്ലേ അതിന് ഒരു പൂർണത വരൂ. ആർട്ടിഫിഷ്യലായിട്ടുള്ള ഒരു മെഷീന് അത് സാധിക്കില്ലല്ലോ. ഉദാഹരണത്തിന് 'ലാലി ലാലിലോ' എന്ന പാട്ട് കേൾക്കുമ്പോൾ നമ്മുക്ക് ഒരു താരാട്ടാണെന്നും അമ്മയുടെ സ്നേഹവുമൊക്കെ അതിൽനിന്ന് കിട്ടേണ്ടേ? എ ഐയ്ക്ക് അതിന് സാധിക്കുമോ?

എ ഐ ഉപയോഗം സംഗീതത്തിന്  ഭീഷണിയോ സാധ്യതയോ? പ്രതികരണവുമായി സംഗീതജ്ഞർ
സിനിമ സ്വപ്നമായിരുന്നില്ല, വാലിബനിൽ എത്തിയത് അപ്രതീക്ഷിതമായി:സഞ്ജന ചന്ദ്രന്‍ - അഭിമുഖം

അവസരങ്ങൾ കുറയ്ക്കുമോ എന്ന് ചോദിച്ചാൽ സിനിമയിൽ പൊതുവിൽ ഇപ്പോൾ തന്നെ അവസരങ്ങൾ വളരെ കുറവാണ്. കാരണം സിനിമയിൽ പാട്ട് ഒരു അവശ്യഘടകമല്ലാതായി മാറുന്നുവെന്നതാണ്. പിന്നെ നമ്മുടെ ശബ്ദം ആവശ്യമെന്ന് തോന്നുന്നവർ നമ്മളെ തേടിയെത്തും.

പക്ഷേ അപ്പോഴും സിനിമ മാത്രമല്ല നമ്മുടെ മേഖലയെന്ന് തിരിച്ചറിഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ. ഇൻഡിപെൻഡന്റ് മ്യൂസിക്കിനൊക്കെ വലിയ സാധ്യതകളുണ്ട്. ലോകം മൊത്തം ഇപ്പോൾ ഇൻഡിപെൻഡന്റ് മ്യൂസിക്കിന്റെ സാധ്യതകളിലേക്ക് സഞ്ചരിക്കുകയാണ്. എ ഐയൊന്നും അവിടെയൊരു ഭീഷണിയല്ല.

ഗായകർക്ക് ഭീഷണിയല്ല: രാജലക്ഷ്മി

സംഗീതത്തിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നയാളാണ് എ ആർ റഹ്‌മാൻ. മ്യൂസിക്കിൽ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹത്തോളം അറിയുന്നവർ കുറവാണ്. അതിനൊപ്പം തന്നെ ഏറ്റവും കൂടുതൽ ഗായകരെ സിനിമയിലൂടെ പരിചയപ്പെടുത്തിയിട്ടുള്ളതും അദ്ദേഹമാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ പരീക്ഷണങ്ങളെ വളരെ പോസിറ്റീവായി മാത്രമേ കാണുന്നുള്ളൂ. പ്രശ്നം അവിടെയല്ല, അദ്ദേഹത്തെ റോൽമോഡലായി കാണുന്ന കുറച്ച് സംഗീതസംവിധായകരുണ്ട്, റഹ്‌മാൻ സാർ എന്തുചെയ്താലും അങ്ങനെ തന്നെ അനുകരിക്കുന്നവർ. അവരും ഇത് തുടരുമോ എന്ന ആശങ്കയുണ്ട്.

മെഷീൻ യഥാർത്ഥ കലാകാരൻമാർക്ക് ഭീഷണിയാകുമെന്ന് കരുതുന്നില്ല. എത്ര വളർന്നാലും ഒരു ഗായകനോ ഗായികയോ പാടുന്ന പോലെ ഒരു മെഷീന് പാടാൻ പറ്റുമോ എന്ന കാര്യത്തിലും സംശയമുണ്ട്. മാത്രമല്ല സംഗീതലോകം എന്നത് സിനിമ മാത്രമല്ലെന്ന് ഇന്ന് എല്ലാവർക്കും നല്ല ബോധ്യമുണ്ട്. കഴിവുണ്ടെങ്കിൽ അവസരം നമ്മളെ തേടിവരും... അതിനുള്ള സാധ്യതകൾ എല്ലാകാലത്തും ഉണ്ട്.

logo
The Fourth
www.thefourthnews.in