കേന്ദ്ര സര്‍ക്കാരിനെതിരെ പരാമര്‍ശം; 'ഫ്ലഷ്' 
 സിനിമാ റിലീസിൽ നിന്ന് പിൻമാറി നിർമാതാവ്; ബിജെപി ബന്ധമെന്ന് ഐഷ സുൽത്താന

കേന്ദ്ര സര്‍ക്കാരിനെതിരെ പരാമര്‍ശം; 'ഫ്ലഷ്' സിനിമാ റിലീസിൽ നിന്ന് പിൻമാറി നിർമാതാവ്; ബിജെപി ബന്ധമെന്ന് ഐഷ സുൽത്താന

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ ഷൂ നക്കികൾക്ക് സാധിക്കില്ലെന്ന് ഐഷ സുല്‍ത്താന

ലക്ഷദ്വീപിന്റെ കഥ പറയുന്ന ആദ്യ ചിത്രമായ ഫ്ലഷ് റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ലന്ന ആരോപണവുമായി സംവിധായക ഐഷ സുല്‍ത്താന. കേന്ദ്ര സര്‍ക്കാരിനെതിരെ പരാമര്‍ശമുള്ളതിനാല്‍ നിര്‍മാതാവ് സിനിമ റിലീസ് ചെയ്യാൻ അനുവദിക്കുന്നില്ലന്നാണ് ആരോപണം. ബിജെപി ലക്ഷദ്വീപ് ഘടകം നേതാവായ കാസിമിന്റെ ഭാര്യ ബീന കാസിമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയാറടുത്തിരിക്കെയാണ് നിര്‍മാതാവ് നിസഹകരണം പ്രഖ്യാപിച്ചതെന്ന് ഐഷ സുൽത്താന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പുതിയ ടീംമിനെ കൊണ്ടുവന്നപ്പോള്‍ സിനിമ അവര്‍ക്ക് കാണിച്ച് കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായി''

പ്രൊഡ്യൂസര്‍ കേന്ദ്രസര്‍ക്കാരിന്റെ അടിമ പണി എടുക്കുന്ന കാര്യം ഇപ്പോഴാണ് അറിയുന്നതെന്നും ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.

'' ലക്ഷദ്വീപിനെ കുറിച്ച് പറയുന്ന സിനിമയെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഒറ്റുകൊടുക്കുകയായിരുന്നെന്നും ഐഷ സുൽത്താന ആരോപിക്കുന്നു. സെന്‍സര്‍ കിട്ടിയിട്ട് ഒന്നരവര്‍ഷമായി. പാട്ടും ട്രെയിലറും റിലീസ് ചെയ്തിട്ടും നിർമാതാവ് സിനിമ പെട്ടിയില്‍ വച്ചിരിക്കുകയാണ്. എന്നും റിലീസിന്റെ കാര്യം വിളിച്ച് സംസാരിക്കുമ്പോള്‍ പൈസയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു.

ഒന്നര വര്‍ഷത്തിനിടെ ഒന്നര കോടി പോയി എന്ന് പറഞ്ഞ് മാനസികമായി ബുദ്ധിമുട്ടിച്ചു. റിലീസിനായി പുതിയ ടീമിനെ ശരിയാക്കി കൊടുത്തപ്പോഴും ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറി. ഒരു പുതിയ ടീമിനെ കൊണ്ടുവന്നപ്പോള്‍ സിനിമ അവര്‍ക്ക് കാണിച്ച് കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായി''. ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.

പ്രൊഡ്യൂസറുടെ ഭര്‍ത്താവ് ബിജെപി ജനറല്‍ സെക്രട്ടറിയാണെന്നും ഇതൊക്കെ സ്വഭാവികമാണെന്നും ഐഷ സുല്‍ത്താന പറയുന്നു. ലക്ഷദ്വീപില്‍ നിന്നും രോഗികളെ കേരളത്തിലേക്ക് മാറ്റേണ്ടി വരുന്നതിനെപ്പറ്റിയെല്ലാം സിനിമയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും ലക്ഷദ്വീപില്‍ നടക്കുന്നില്ലെന്നാണ് ഇപ്പോള്‍ പ്രൊഡ്യൂസറുടെ വാദം. കോഴിക്കോടില്‍ സുഖമായി ജീവിക്കുന്ന പ്രൊഡ്യൂസര്‍ക്ക് ഇക്കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകില്ല. എല്ലാവരും ചേര്‍ന്ന് ലക്ഷദ്വീപിനെ ഇഞ്ചിഞ്ചായി കൊല്ലുവാണെന്ന് ഓര്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നുവെന്നും ഐഷ ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങള്‍ സിനിമ റിലീസ് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കില്‍ എന്റേതായ മാര്‍ഗ്ഗത്തില്‍ യൂട്യൂബിലെങ്കിലും റിലീസ് ചെയ്യും

''എന്റെ ആദ്യ സിനിമയാണ് ഫ്ലഷ്. ഞാനടക്കമുള്ള ഒട്ടനവധി പേരുടെ പ്രതീക്ഷയും സ്വപ്‌നവുമാണ് ഈ സിനിമ. ഒരുപാട് പരിമിതികള്‍ക്കിടയില്‍ കോവിഡ് കാലത്ത് ഞങ്ങളുടെ അധ്വാനത്തെയാണ് നിങ്ങള്‍ ഒറ്റുകൊടുക്കുന്നത്. എന്റെ തൊഴിലിനെ നിങ്ങള്‍ക്കും നിങ്ങളുടെ കേന്ദ്ര സര്‍ക്കാരിനും ഭയമാണ്. കേരളത്തില്‍ വട്ടപൂജ്യമായതുപോലെ ഇന്ത്യയില്‍ നിന്നും ബിജെപിയെ ഫ്ലഷ് അടിച്ചു കളയും. നിങ്ങള്‍ സിനിമ റിലീസ് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കില്‍ എന്റേതായ മാര്‍ഗ്ഗത്തില്‍ യൂട്യൂബിലെങ്കിലും റിലീസ് ചെയ്യും''.

ലക്ഷദ്വീപ് സ്റ്റോറിയെന്തെന്ന് എല്ലാവരും അറിയണമെന്നും ഐഷ സുല്‍ത്താന പറയുന്നു. എന്നാല്‍ യൂട്യൂബില്‍ റിലീസ് ചെയ്താല്‍ കേസ് കൊടുക്കുമെന്നാണ് പ്രൊഡ്യൂസര്‍ അറിയിച്ചിട്ടുള്ളത്. രാജ്യദ്രോഹക്കുറ്റത്തേക്കാളും വലിയ കേസ് നേരിടാനില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ ഒരൊറ്റ ഷൂ നക്കികളെക്കൊണ്ടും സാധിക്കില്ലെന്നും ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.

ടെലിവിഷന്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഐഷ സുല്‍ത്താനയ്‌ക്കെതിരെ ലക്ഷദ്വീപ് പോലീസ് കേസെടുക്കുകയും രാജ്യദ്രോഹക്കുറ്റം വരെ ചുമത്തുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in