വിലയേറിയ വജ്രവും രത്നവും സ്വർണാഭരണങ്ങളും നഷ്ടമായി; പരാതിയുമായി ഐശ്വര്യ രജനീകാന്ത്

വിലയേറിയ വജ്രവും രത്നവും സ്വർണാഭരണങ്ങളും നഷ്ടമായി; പരാതിയുമായി ഐശ്വര്യ രജനീകാന്ത്

2019ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിനാണ് ഐശ്വര്യ ആഭരണങ്ങൾ അവസാനമായി ഉപയോഗിച്ചത്

ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിലയേറിയ വജ്രാഭരണങ്ങളും സ്വർണവും കാണാനില്ലെന്ന പരാതിയുമായി സംവിധായികയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്ത്. വജ്രാഭരണങ്ങള്‍, രത്‌നം പതിപ്പിച്ച ആഭരണങ്ങള്‍, നെക്ലസ്, സ്വര്‍ണ വളകള്‍ മുതലായവ വീട്ടിലെ ലോക്കറിൽ നിന്നും നഷ്ടമായെന്നും പരാതിയിൽ പറയുന്നു. വീട്ടിലെ മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പരാതിയിൽ പറയുന്നു. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ എവിടെയാണെന്ന് ജീവനക്കാര്‍ക്ക് അറിമായിരുന്നുവെന്നാണ് ഐശ്വര്യ ആരോപിക്കുന്നത്. ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫെബ്രുവരിയിലാണ് കളവ് നടന്നതായി ഐശ്വര്യയുടെ ശ്രദ്ധയിൽപ്പെട്ടത്. 2019ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിനാണ് ഐശ്വര്യ ആഭരണങ്ങൾ അവസാനമായി ഉപയോഗിച്ചത്.ശേഷം ആഭരണങ്ങൾ ലോക്കറിൽ തിരികെ വച്ചതായി ഐശ്വര്യ പരാതിയിൽ പറയുന്നു. 2021ൽ ലോക്കർ മൂന്നു സ്ഥലങ്ങളിലേക്ക് കൊണ്ടു പോയിരുന്നു. ആഗസ്റ്റ് മാസം 21 ന് മുൻ ഭർത്താവ് ധനുഷിന്റെ ഫ്ലാറ്റിലേക്കാണ് ആദ്യം കൊണ്ടുപോയത്. 2021 സെപ്തംബറിൽ ചെന്നൈയിലുള്ള അപ്പാർട്മെന്റിലേക്കും പിന്നീട് 2022 ഏപ്രിലിൽ ഗാർഡൻ റെസിഡൻസിലേക്കും. എന്നാൽ ലോക്കറിന്റെ താക്കോൽ അപ്പോഴും ചെന്നൈയിലെ തന്റെ അപാർട്ട്മെന്റിലായിരുന്നെന്നും ഐശ്വര്യ പറഞ്ഞു.

ഫെബ്രുവരി 10-ന് ലോക്കര്‍ തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം അറിയുന്നതെന്നും ഐശ്വര്യ വ്യക്തമാക്കി. മൂന്നര ലക്ഷം വിലവരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഡയമണ്ട് സെറ്റും നവരത്നവും കൂടാതെ ആന്റിക്ക് ഗോർഡ്, അൺകട്ട് ഡയമണ്ട് സെറ്റ് അടക്കം 60 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നും ഐശ്വര്യ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നും ആഭരണങ്ങൾ വീണ്ടെടുക്കണമെന്നും ഐശ്വര്യയുടെ പരാതിയിലുണ്ട്

logo
The Fourth
www.thefourthnews.in