ബോക്സ് ഓഫീസിൽ ദസറയ്ക്ക് ചരിത്രനേട്ടം; രണ്ടാം ദിനം നിറംമങ്ങി അജയ് ദേവ്ഗണിന്റെ ഭോല

ബോക്സ് ഓഫീസിൽ ദസറയ്ക്ക് ചരിത്രനേട്ടം; രണ്ടാം ദിനം നിറംമങ്ങി അജയ് ദേവ്ഗണിന്റെ ഭോല

2019ൽ തിയേറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ച ലോകേഷ് കനഗരാജിന്റെ കൈതിയു‌ടെ ഹിന്ദി പതിപ്പാണ് ഭോല

അജയ് ദേവ്​ഗണിന്റെ പുതിയ ചിത്രം ഭോലയെ പിന്നിലാക്കി നാനിയുടെ ദസറ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഇരുചിത്രങ്ങളും മാർച്ച് 30നാണ് തിയേറ്ററുകളിൽ എത്തിയത്. നാച്വറൽ സ്റ്റാർ നാനിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ദസറ ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ചിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് 53 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

എന്നാൽ, അജയ് ദേവ്ഗണും തബുവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഭോലയ്ക്ക് ആദ്യം ദിവസം കിട്ടിയ കളക്ഷൻ രണ്ടാം ദിനത്തിൽ നേടാൻ കഴിഞ്ഞിരുന്നില്ല. ആദ്യ ദിനം 11.20 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനം 7.40 കോടി രൂപയും. 2 ദിവസങ്ങളിലായി 18.60 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 35 ശതമാനം കുറവാണ് ചിത്രം നേരിട്ടിരിക്കുന്നത്.

പാൻ ഇന്ത്യ റിലീസിലെത്തിയ നാനിയുടെ ​ദസറയുമായി കടുത്ത മത്സരമാണ് ഭോല നേരിട്ടത്. 65 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രത്തിൽ കീർത്തി സുരേഷും ഷൈൻ ടോം ചാക്കോയും നാനിക്കൊപ്പം പ്രധാനവേഷത്തിൽ എത്തിയിരുന്നു. സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദസറ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നവീൻ നൂലിയാണ്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദൃശ്യം 2ന്റെ ഹിന്ദി പതിപ്പിൽ അജയ് ദേവ്​ഗണും തബുവും ഒരുമിച്ചെത്തിയിരുന്നു. ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം 200 കോടി രൂപയിൽ കൂടുതൽ നേടിയിരുന്നു. അതേസമയം, ഐപിഎൽ സീസൺ ആരംഭിച്ചതിനാൽ വാരാന്ത്യത്തിൽ ഭോല കൂടുതൽ കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 100 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

2019ൽ തിയേറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ച ലോകേഷ് കനകരാജിന്റെ കൈതിയു‌ടെ ഹിന്ദി പതിപ്പാണ് ഭോല. ഗജരാജ് റാവു, സഞ്ജയ് മിശ്ര, ദീപക് ഡോബ്രിയാൽ, വിനീത് കുമാർ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ലോകേഷിന് ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമാണ് കാർത്തി കേന്ദ്ര കഥാപാത്രമായെത്തിയ കൈതി. സിനിമാറ്റിക് യൂണിവേഴ്സ് എന്ന നിലയിലേക്ക് ലോകേഷിനെ ഉയർത്തിയതും കൈതിയായിരുന്നു.

logo
The Fourth
www.thefourthnews.in