'സ്വപ്നം പോലെ ഈ യാത്ര'; പൊന്നിയിൻ സെൽവൻ 2 വിലെ 'അകമലർ' പാടിയ ഗായിക ശക്തിശ്രീ ഗോപാലൻ

'സ്വപ്നം പോലെ ഈ യാത്ര'; പൊന്നിയിൻ സെൽവൻ 2 വിലെ 'അകമലർ' പാടിയ ഗായിക ശക്തിശ്രീ ഗോപാലൻ

ഞാൻ സംസാരിക്കുന്ന ശബ്ദം കേട്ടപ്പോള്‍, പാടിയാല്‍ എന്ത് ബോറായിരിക്കുമെന്ന് ചിന്തിച്ചു എന്ന് പറഞ്ഞവരുണ്ട്

പൊന്നിയിൻ സെൽവൻ ടുവിലെ അകനഗ എന്ന ഗാനം ഏഴു മില്ല്യണിലധികം വ്യൂസുമായി യൂട്യൂബിൽ ട്രെൻഡിങ്ങാണ് . ഈ ഗാനത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം പതിപ്പ് പാടിയിരിക്കുന്നതാകട്ടെ ഒരു മലയാളി ഗായികയും. ആർകിടെക്ട് കോഴ്സ് പഠിക്കാൻ ചെന്നൈയ്ക്ക് പോയ ശക്തിശ്രീ എ ആർ റഹ്മാന്റെ സ്റ്റുഡിയോ ഡിസൈനറായതും ഗായിക ആയതും യാദൃശ്ചികമായിരുന്നില്ല , ആ യാത്രയെ കുറിച്ച് ദ ഫോർത്തിനോട് സംസാരിക്കുകയാണ് ശക്തിശ്രീ. നേരത്തെ കടൽ എന്ന തമിഴ് ചിത്രത്തിൽ ശക്തിശ്രീ പാടിയ 'നെഞ്ചുക്കുള്ളേ' എന്ന ഗാനവും ഹിറ്റായിരുന്നു.

പൊന്നിയിന്‍ സെല്‍വന്‍ 2 പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രമാണ്. അതുപോലെ ഒരു സിനിമയില്‍ പുറത്തുവന്ന ആദ്യ പാട്ട് സ്വന്തം ശബ്ദത്തിൽ, അകമലരിനെ കുറിച്ച് ...

ഒരു ചലച്ചിത്ര ആസ്വാദക എന്ന നിലയിലും സംഗീത പ്രേമി എന്ന നിലയില്‍ പോലും പൊന്നിയിന്‍ സെല്‍വന്‌റെ പോസ്റ്ററും അപ്‌ഡേറ്റുമൊക്കെ പുറത്തുവരുമ്പോള്‍ ഏറെ ആകാംഷയോടെ ശ്രദ്ധിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളാണ്. അങ്ങനെയുള്ളപ്പോള്‍ എ ആര്‍ റഹ്‌മാന്‍ സാറിന്‌റെ മ്യൂസിക്കില്‍ ആ സിനിമയില്‍ ഞാന്‍ പാടിയ പാട്ട് ആദ്യം പുറത്തുവന്നതിന്‌റെ സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ സാധിക്കുന്നതല്ല . its magical എന്ന് മാത്രമേ പറയാനാകൂ . എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാടുണ്ട് റഹ്‌മാന്‍ സാറിനോട്. റഹ്‌മാന്‍ സാറിന്‌റെ കൂടെ ജോലി ചെയ്യാന്‍ സാധിച്ച എല്ലാ അവസരങ്ങളും അനുഗ്രഹമായിട്ടാണ് കരുതുന്നത്. I'm truly blessed. മാത്രമല്ല അകമലര്‍ പോലൊരു മാസ്റ്റര്‍ പീസ് സോങ്, പാടാനുള്ള അവസരം സത്യത്തില്‍ ഒരു dream come true ( സ്വപ്‌ന സാക്ഷാത്കാരം ) ആണ്

മൂന്ന് ഭാഷകളില്‍ അകമലര്‍ പാടി ... തമിഴ് , തെലുങ്ക് , മലയാളം ... എല്ലാവര്‍ക്കും കിട്ടുന്ന അവസരമല്ലല്ലോ...

അകനഗ തമിഴില്‍ ആദ്യം റെക്കോര്‍ഡ് ചെയ്യുന്നത് 2020 ലാണ്, പി എസ് വണ്ണിലെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ആയിട്ട്. ആ സമയത്ത് അഞ്ച് ഭാഷകളിലും ഞാന്‍ തന്നെയാണ് പാടിയത്. ഹിന്ദി , കന്നഡ, തമിഴ് , തെലുങ്ക് , മലയാളം... ഇപ്പോള്‍ പി എസ് ടുവിന് വേണ്ടി അത് പാട്ടായി റെക്കോര്‍ഡ് ചെയ്തപ്പോള്‍ തമിഴ് , തെലുങ്ക് , മലയാളം പാടാന്‍ സാധിച്ചു. മാത്രമല്ല വേറെ പാട്ടുകളും പാടാന്‍ ഇപ്പോള്‍ തെലുങ്കില്‍ അവസരം ലഭിക്കുന്നുണ്ട്.

പുതിയ ഭാഷ പഠിക്കാനുള്ള കൗതുകം എപ്പോഴുമുണ്ട്. ഒരുപക്ഷെ ആ കൗതുകം ഉള്ളതുകൊണ്ടാകാം ഭാഷ പഠിക്കാന്‍ ശ്രമിക്കുന്നതും എല്ലാ ഭാഷകളിലും പാടാന്‍ സാധിക്കുന്നതും. ഇതൊക്കെ അനുഗ്രഹം അല്ലെങ്കില്‍ ഭാഗ്യമായി കാണുന്നു

പ്ലേ ബാക്ക് ഉലകത്തിലേക്ക് എത്താൻ എവിടെ, എങ്ങനെ തുടങ്ങണം എന്ന് അറിയില്ലായിരുന്നു

തമിഴില്‍ എ ആര്‍ റഹ്‌മാന്‍ മുതല്‍ യുവനിരയിലുള്ള എല്ലാവര്‍ക്കൊപ്പം വരെ പാടാനുള്ള അവസരം ലഭിച്ചിട്ടുണ്ടല്ലോ

കൊച്ചി മട്ടാഞ്ചേരിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ച് വളര്‍ന്നത്. പ്ലസ് ടു വരെ കൊച്ചിയില്‍ പഠിച്ചു. ആര്‍കിടെക്ട് കോഴ്‌സ് പഠിക്കാനാണ് ചെന്നൈയിലേക്ക് വന്നത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്നതിനാല്‍ തന്നെ എന്‌റര്‍ടെയ്ന്‍മെന്‌റ് ഇന്‍ഡസ്ട്രി,കല, സിനിമ അങ്ങനെയുള്ള മേഖലകളൊന്നും സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല. ആ മേഖലയില്‍ കരിയര്‍ എന്ന് പോലും ചിന്തിച്ചിരുന്നില്ല. ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയയൊക്കെ വരുന്നതിന് മുന്‍പുള്ള 90 കിഡ് ആയതുകൊണ്ട് തന്നെ, ഇതിനെ കുറിച്ചൊക്കെയുള്ള അറിവും കുറവായിരുന്നു. അതുകൊണ്ട് മ്യൂസിക് കേട്ട് വളര്‍ന്നു എന്നതിന് അപ്പുറം അതൊരു കരിയര്‍ ആക്കുന്നതിനെ പറ്റിയൊന്നും ചിന്തിച്ചില്ല. ചെന്നൈയിലെ കോളേജില്‍ എത്തിയ ശേഷം ഫ്രഷേസ് ഡേയിൽ ഒരു പാട്ട് പാടി . അതു കേട്ടിട്ട് കോളേജിലെ പ്രൊഫസര്‍ ഇളങ്കോവന്‍ സാറാണ് ചോദിച്ചത് നല്ല വോയിസ് ആണല്ലോ പിന്നണി രംഗത്ത് ശ്രമിച്ചൂടെയെന്ന്. പക്ഷെ ഈ പ്ലേ ബാക്ക് ഉലകത്തിന്‌റെ വാതില്‍ എവിടെയാണെന്ന് അറിയില്ലായിരുന്നു.

എവിടെ എങ്ങനെ തുടങ്ങണം എന്ന് അപ്പോഴും അറിയില്ലായിരുന്നു. പക്ഷെ പാട്ട് ഉണ്ടാക്കണം , പാടണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് അതിന് വേണ്ടി ശ്രമം തുടങ്ങി. പതുക്കെ പതുക്കെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പാട്ട് കംപോസ് ചെയ്ത് പാടി സി ഡി ആക്കി ഇറക്കി. യുട്യൂബില്‍ അപ് ലോഡ് ചെയ്തു. അങ്ങനെ കുറെ അവസരങ്ങള്‍ വന്ന് തുടങ്ങി. കടലാണ് കരിയർ ബ്രേക്ക് ആയത് . എ ആര്‍ റഹ്‌മാന്‍ സാറിനോടാണ് അതില്‍ നന്ദി പറയാനുള്ളത് .

ഓരോരുത്തരുടെ കൂടെയുള്ള അവസരവും സ്‌പെഷ്യല്‍ ആയിരുന്നു. ഇവരെയൊക്കെ കണ്ട് പഠിക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് വലിയ ഭാഗ്യം. പുതിയ പുതിയ പരീക്ഷണങ്ങള്‍ക്കുള്ള അവസരം, എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ വേറെ ഒരു തരത്തില്‍ എന്തെങ്കിലുമൊക്കെ പഠിക്കാനായി എന്നുള്ളതാണ്.

കന്നഡ ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യമായി പിന്നണി പാടിയത്

ശക്തിശ്രീ ഒരു ആര്‍കിടെക്ട് കൂടിയാണ്; ആര്‍കിടെക്ച്ചർ ആന്‌റ് മ്യൂസിക് ; കലയായത് കൊണ്ടാണോ രണ്ടും ഒരുമിച്ച് കൊണ്ട് പോകാന്‍ തീരുമാനിച്ചത് ? ഡിസൈനറായ സംഗീതജ്ഞ എന്ന ആശയത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

കര്‍ണാടിക് മ്യൂസിക് നേരത്തെ തൊട്ട് പഠിച്ചിരുന്നു. ആര്‍കിടെക്ട് പഠിക്കാന്‍ പോയപ്പോഴും പാട്ട് മനസിലുണ്ടായിരുന്നു. മൂന്നാം വര്‍ഷം എത്തിയപ്പോഴാണ് പാട്ട് എഴുതാനും പബ്ലിഷ് ചെയ്യാനുമൊക്കെ തുടങ്ങിയത്. ആ സമയത്ത് എസ് എസ് മ്യൂസിക്കിന്‌റെ ഒരു റിയാലിറ്റി ഷോയില്‍ വിജയിയായി. മ്യൂസിക്കിന്‌റെ വഴിയിലൂടെ നടക്കുന്നത് തിരിച്ചറിയുന്നൊരു സമയമായിരുന്നു അത്. കുറേയേറെ നല്ല സംഗീതജ്ഞരെയൊക്കെ നേരിട്ട് കണ്ടു. പതുക്കെ പതുക്കെ പ്ലേ ബാക്കില്‍ (പിന്നണിഗാനരംഗം) അവസരങ്ങള്‍ വന്ന് തുടങ്ങി, സ്റ്റേജ് ഷോകളില്‍ കൂടുതല്‍ സജീവമായി. ആ സമയത്താണ് ഗുരുപ്രസാദ് സുബ്രഹ്‌മണ്യത്തിന്‌റെ സംഗീതത്തിൽ കന്നഡ ചിത്രത്തിന് വേണ്ടി പാടുന്നത്. അതായിരുന്നു പിന്നണി പാടിയ ആദ്യ ഗാനം. ആ സമയം മുതല്‍ സുഹൃത്തുക്കള്‍, പ്രൊഫസര്‍മാര്‍ എല്ലാവരും ചോദിക്കാന്‍ തുടങ്ങി, സംഗീതം ആണോ, ആര്‍കിടെക്ട് ആണോ, ഏതാണ് തിരഞ്ഞെടുക്കാന്‍ പോകുന്നതെന്ന്. പകുതി തമാശ പോലെ അപ്പോഴൊക്കെ പറയുമായിരുന്നു മ്യൂസിഷന്‍സിന് വേണ്ടി സ്റ്റുഡിയോ ഡിസൈന്‍ ചെയ്യുന്ന സംഗീതജ്ഞയാകുമെന്ന്. മുഴുവന്‍ തമാശ എന്ന് പറയാനാകില്ല. അങ്ങനെ ഒരു വിഷന്‍ പതിയെ ഉണ്ടായി വരികയായിരുന്നു. നാലാം വര്‍ഷത്തില്‍ ചെന്നൈയില്‍ ഒരു ജര്‍മ്മന്‍ ആര്‍കിടെക്ടിനൊപ്പമാണ് ഇന്‌റേണ്‍ഷിപ്പ് ചെയ്തത്. ഞാന്‍ സത്യത്തില്‍ അവിടെ മാത്രമായിരുന്നു അപേക്ഷിച്ചത്. കാരണം അവരുടെ നിര്‍മാണ രീതികളൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. മിനിമലിസ്റ്റിക്, ഫിലോസഫിക്കല്‍ രീതിയാണ് അവര്‍ ചെയ്തിരുന്നത്. അതു പഠിക്കണമെന്ന് തോന്നിയിട്ടാണ് അവിടെ പോയത്. അവിടെ ഇന്റര്‍വ്യൂവിന്‌റെ സമയത്ത് അദ്ദേഹം എന്നോട് ചോദിച്ചു, മറ്റേതിലെങ്കിലും താല്‍പര്യമുണ്ടോയെന്ന്, അപ്പോള്‍ പാട്ടിനോടുള്ള ഇഷ്ടം പറഞ്ഞു. ചെയ്ത ഒന്നു രണ്ട് പാട്ടുകള്‍ അദ്ദേഹത്തെ കാണിച്ചു. വളരെ നല്ല പ്രതികരണമാണ് അദ്ദേഹത്തിന്‌റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അദ്ദേഹവും ചോദിച്ചു ആര്‍കിടെക്ട് ഓര്‍ മ്യൂസിക് ? അപ്പോഴും ഞാന്‍ എന്‌റെ ഉത്തരം ആവര്‍ത്തിച്ചു.

എ ആര്‍ റഹ്‌മാന്‍ സാറിന്‌റെ കെ എം കോളേജ് ഓഫ് മ്യൂസിക് ആന്‌റ് ടെക്കും റെക്കോർഡിങ് സ്റ്റുഡിയോയും ഡിസൈൻ ചെയ്തു

ആര്‍കിടെക്ട് കോഴ്‌സിന്‌റെ അവസാനം നമ്മുടെ ഒരു ഡിസൈന്‍ തീസിസായി സമര്‍പ്പിക്കണം. ഒരു മ്യൂസിക് സ്‌കൂള്‍ ആണ് ഞാന്‍ ഡിസൈന്‍ ചെയ്തത്. എന്‌റെ വിഷനിലുള്ള ഒരു മ്യൂസിക് സ്‌കൂള്‍. അതിനായി ഒത്തിരി റിസര്‍ച്ചൊക്കെ നടത്തി. വെറും ഒരു സ്‌കൂള്‍ ആയിരുന്നില്ല ഞാന്‍ ഡിസൈന്‍ ചെയ്തത് , എന്‌റെ സ്വപ്‌ന പദ്ധതിയാണ് ഞാന്‍ തീസിസായി സമര്‍പ്പിച്ചത്.

സ്‌പെയ്സിനും (സ്ഥലം) മ്യൂസിക്കിനും നമ്മുടെ ഇമോഷന്‍സില്‍ വളരെ പ്രാധാന്യമുണ്ടെന്ന് എപ്പോഴും തോന്നാറുണ്ട് . ചില സ്ഥലങ്ങള്‍ നമ്മളെ കംഫര്‍ട്ട് ആക്കും, അതുപോലെയാണ് സംഗീതവും. നല്ല ഒരു സ്ഥലത്ത് ചെന്നിരിക്കുമ്പോൾ നമ്മുക്ക് സന്തോഷം തോന്നാറില്ലേ ? അതുപോലെ അല്ലേ പാട്ടും, നമ്മുടെ സന്തോഷം, സങ്കടം , അങ്ങനെ എല്ലാ വികാരങ്ങളെയും ഇവ രണ്ടും സ്വാധീനിക്കും. മനുഷ്യന്‌റെ വികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ നമ്മളിരിക്കുന്ന ചുറ്റുപാടിനും സംഗീതത്തിനും സാധിക്കും. അപ്പോള്‍ അങ്ങനെ കുറെ സാമ്യത രണ്ടിലും തോന്നിയിട്ടുണ്ട്. മാത്രമല്ല സ്‌പെയ്സിന് അനുസരിച്ച് ശബ്ദത്തിന്‌റെ സ്വാഭാവത്തിനും പ്രതിഫലത്തിനുമൊക്കെ മാറ്റം വരുമെന്നും മനസിലായി. നമ്മുടെ മാനസീക അവസ്ഥയെ സ്വാധീനിക്കാനും സ്‌പെയ്സിനും ശബ്ദത്തിനും സാധിക്കും

ഞാൻ സംസാരിക്കുന്ന ശബ്ധം കേട്ടപ്പോള്‍ പാടിയാല്‍ എന്ത് ബോറായിരിക്കുമെന്ന് ചിന്തിച്ചു എന്ന് പറഞ്ഞവരുണ്ട്

അങ്ങനെ കോളേജ് കഴിഞ്ഞ ഉടനെ എനിക്കൊരു വലിയ അവസരം വന്നു. സ്വപ്‌നം പോലെ എന്ന് തോന്നിയ ഒരു അവസരം. എ ആര്‍ റഹ്‌മാന്‍ സാറിന്‌റെ മ്യൂസിക് സ്‌കൂള്‍ ആയ കെ എം കോളേജ് ഓഫ് മ്യൂസിക് ആന്‌റ് ടെക് ,ഡിസൈന്‍ ചെയ്യാന്‍ . നല്ല മ്യുസിഷന്‍സിനെ വാര്‍ത്തെടുക്കാനുള്ള അദ്ദേഹത്തിന്‌റെ ഉദ്യമത്തില്‍ ചെറിയൊരു ഭാഗമാകാന്‍ സാധിച്ചുവെന്നത് വിലമതിക്കാനാകാത്ത അവസരമായിരുന്നു. ഒരു സംഗീത വിദ്യാര്‍ത്ഥി എന്ന നിലയില്‍ കൂടിയാണ് ആ സ്‌കൂള്‍ ഡിസൈന്‍ ചെയ്തത്. ഇപ്പോള്‍ അവിടെയുള്ള പല വിദ്യാര്‍ത്ഥികളും സ്‌കൂളിലെ ഇഷ്ടപ്പെട്ട ഇടങ്ങളെ കുറിച്ച് പറയുമ്പോള്‍ സന്തോഷം തോന്നും . അതിന് ശേഷം എ ആര്‍ റഹ്‌മാന്‍ സാറിന്‌റെ സ്റ്റുഡിയോയിലെ ലൈവ് റെക്കോര്‍ഡിങ് റൂം റീ ഡിസൈന്‍ ചെയ്തു. ഒരു മ്യുസീഷന്‍ ഡിസൈനറാകുമ്പോള്‍, ആ സ്‌പെയ്‌സ് എങ്ങനെ ശബ്ദത്തെ പ്രതിഫലിപ്പിക്കും, ഏതെങ്കിലും തരത്തില്‍ സൗണ്ട് ക്വാളിറ്റിയെ ബാധിക്കുമോ അങ്ങനെയുള്ള പലഘടകങ്ങള്‍ മനസിലാക്കാന്‍ പറ്റും. അപ്പോള്‍ അതൊക്കെ നോക്കിയാണ് സ്റ്റുഡിയോ ഡിസൈന്‍ ചെയ്തത് . അതുകൊണ്ട് തന്നെ ഈ രണ്ട് മേഖലകളും വളരെ ഇഷ്ടമാണ്.സ്‌പെയ്സും മ്യൂസിക്കും എന്നെ ഇങ്ങനെ ഫാസിനേറ്റ് ചെയ്‌തോണ്ടിരിക്കുന്നതിനാല്‍ തന്നെ എനിക്ക് ഇത് രണ്ടും ഒരുമിച്ച് കൊണ്ടുപോകാനാകുന്നുണ്ട്.

നല്ല ഇന്റൻസ് ആയിട്ടുള്ള ശബ്ദമാണ് ശക്തിശ്രീയുടെ പ്രത്യേകത, പക്ഷെ സംസാരിക്കുന്ന ശബ്ദവും പാടുന്ന ശബ്ദവും തമ്മില്‍ വളരെ വ്യത്യാസം തോന്നാറുണ്ട്, അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?

ഒത്തിരി പേര്‍ ഇങ്ങനെ പറയാറുണ്ട് . സംസാരിക്കുന്നത് കേട്ടാല്‍ പാടുന്ന ആളാണെന്ന് തോന്നുകയേയില്ല എന്നൊക്കെ. ഒരിക്കല്‍ എന്‌റെ ഒരു സുഹൃത്തിന്‌റെ കൂട്ടുകാരന്‍ പറഞ്ഞു, സംസാരിക്കുന്നത് കേട്ടപ്പോള്‍ ഇയാള്‍ പാടിയാല്‍ എന്ത് ബോറായിരിക്കുമെന്ന് ചിന്തിക്കുകയായിരുന്നു എന്ന്. പിന്നെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഏതോ ഒരു ചെക്കന്‍ വിളിക്കുകയാണെന്ന് തോന്നി എന്ന് പറഞ്ഞിട്ടുണ്ട്. ഫോണ്‍ വിളിച്ച് എന്തെങ്കിലും ബുക്ക് ചെയ്തിട്ട് നേരിട്ട് വരുമ്പോള്‍ നിങ്ങള്‍ തന്നെയാണോ സംസാരിച്ചത് വേറെ ആരോ സംസാരിച്ച പോലെ തോന്നി എന്ന് പറയാറുണ്ട്. അങ്ങനെയുള്ള കോമഡിയൊക്കെ ഇപ്പോഴും സംഭവിക്കാറുണ്ട്. സംസാരിക്കുന്നതും പാടുന്നതും ഒരേ ശബ്ദത്തില്‍ തന്നെയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പിന്നെ ശ്രുതി വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് മാറ്റം തോന്നുന്നതാകാം . ഞാന്‍ ലോവര്‍ ശ്രുതിയിലാണ് സാധാരണ സംസാരിക്കുന്നത്. എന്‌റെ അമ്മൂമ്മയുടെ ശബ്ദമാണ് എനിക്ക് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

ശക്തിശ്രീയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് കടലിലെ 'നെഞ്ചുക്കുള്ളേ' എന്ന പാട്ടിലൂടെയാണ്... ശക്തിശ്രീക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതാണ് ?

കുറച്ച് ബുദ്ധിമുട്ടുള്ള ചോദ്യമാണ് അത്. ഏത് കുട്ടിയാണ് ഇഷ്ടം എന്ന് ചോദിക്കുന്ന പോലെയാണ് . എല്ലാ പാട്ടും ഇഷ്ടമാണ് . പക്ഷെ തീര്‍ച്ചയായും 'നെഞ്ചുക്കുള്ളേ' വളരെ സ്‌പെഷ്യല്‍ ആണ് . കാരണം റഹ്‌മാന്‍ സാറിനൊപ്പമുള്ള ആദ്യ പാട്ടായിരുന്നു. ഇന്നലെ നടന്ന പോലെ എല്ലാം ഓര്‍മ്മയുണ്ട്, റെക്കോര്‍ഡിങ് എല്ലാം . അതുകൊണ്ട് അത് എപ്പോഴും സ്‌പെഷ്യലാണ്

ഇൻഡിപെൻഡന്റ് മ്യൂസിക്കിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ശക്തിശ്രീ നിലവിൽ interactive audio installation ന്റെ ഭാഗമായി ന്യൂയോർക്കിൽ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുകയാണ്. സ്വീഡനില്‍ നിന്നുള്ള കലാകാരൻമാരുമായി സഹകരിച്ച് ശക്തിശ്രീ ബാംഗ്ലൂരില്‍ അവതരിപ്പിച്ച ഇന്‌ററാക്ടീവ് ഓഡിയോ ഇന്‍സ്റ്റലേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

logo
The Fourth
www.thefourthnews.in