ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ അമല പോൾ; അജയ് ദേവ്ഗണ്‍ ചിത്രത്തിലൂടെ അരങ്ങേറ്റം

ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ അമല പോൾ; അജയ് ദേവ്ഗണ്‍ ചിത്രത്തിലൂടെ അരങ്ങേറ്റം

കാർത്തി നായകനായ തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കാണ് ചിത്രം

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന 'ഭോല' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി അമല പോള്‍. കാർത്തി നായകനായ തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കാണ് ചിത്രം. അജയ് ദേവ്ഗണും തബുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അതിഥി താരമായാണ് അമല എത്തുന്നത്. മുംബൈയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ അടുത്ത ഷെഡ്യൂളില്‍ അമല ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.

അജയ് ദേവ്ഗൺ ഫിലിംസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അമല പോളിന്റെ സിനിമാ പ്രവശനത്തെ കുറിച്ച് പ്രഖ്യാപിച്ചത്. അജയ് ദേവ്ഗൺ ഫിലിംസ്, ടി-സീരീസ് ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയർ പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഈ വര്‍ഷം റിലീസ് ചെയ്ത തമിഴ് ചിത്രം കഡാവര്‍ ആണ് അമല പോളിന്‍റെ അവസാനം പുറത്തിറങ്ങിയ സിനിമ. മലയാളത്തില്‍ ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതമാണ് അമലയുടെ ഇറങ്ങാനിരിക്കുന്ന മലയാള ചിത്രം. ആടുജീവിതത്തില്‍ പൃഥ്വിരാജിന്‍റെ നായികയായാണ് അമല വേഷമിടുന്നത്. ഈ വര്‍ഷം ഡിസംബര്‍ 29ന് സിനിമ തിയേറ്ററുകളിലെത്തും. നീലത്താമര, മൈന, ദൈവ തിരുമകൾ, വേട്ടൈ, പിട്ട കാതലു തുടങ്ങിയ തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ അഭിനയത്തിലൂടെയാണ് അമല പോൾ ശ്രദ്ധിക്കപ്പെട്ടത്.

'യു, മി ഔർ ഹം', 'ശിവായ്', 'റൺവാവ് 34' എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'ഭോല'. അഭിഷേക് പതക്കിന്റെ ദൃശ്യം 2 ആണ് അജയ് നായകനായ അടുത്ത ചിത്രം. 2023 മാർച്ച് 30ന് ഭോല തിയേറ്ററുകളിലെത്തും.

logo
The Fourth
www.thefourthnews.in