സംഗീത സംവിധാനത്തിന് അനിരുദ്ധ് വാങ്ങുന്നത് 10 കോടി; പാട്ടു പാടുന്നതിനോ?

സംഗീത സംവിധാനത്തിന് അനിരുദ്ധ് വാങ്ങുന്നത് 10 കോടി; പാട്ടു പാടുന്നതിനോ?

ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് അനിരുദ്ധ് ഇക്കാര്യം വെളിപ്പെടുത്തിയത്

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സ്റ്റാർ മ്യൂസിക് ഡയറക്ടർ ആണ് അനിരുദ്ധ്. ജവാനിലെ ഗാനം ചിട്ടപ്പെടുത്തിയതിന് പത്തു കോടി രൂപയായിരുന്നു പ്രതിഫലം . മ്യൂസിക് ഡയറക്ടർ മാത്രമല്ല തിരക്കുള്ള പാട്ടുകാരൻ കൂടിയാണ് ഈ റോക്ക് സ്റ്റാർ. സംഗീത സംവിധാനത്തിന് റെക്കോർഡ് പ്രതിഫലം വാങ്ങുന്നുണ്ടെങ്കിലും പാട്ട് പാടുന്നതിന് ഒരു രൂപ പോലും വാങ്ങാറില്ലെന്ന് തുറന്ന് പറയുന്നു അനിരുദ്ധ്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് അനിരുദ്ധ് ഇക്കാര്യം തുറന്ന് പറഞ്ഞത്. അതിനുള്ള കാരണവും അനിരുദ്ധ് പറയുന്നുണ്ട്.

അനിരുദ്ധിന്റെ വാക്കുകൾ

സംഗീതമാണ് ജീവിതമെങ്കിലും പാട്ട് പാടാൻ ആത്മവിശ്വാസമുള്ള ആളായിരുന്നില്ല താൻ. ട്രാക്ക് പാടിയ ഒരു ഗാനം മറ്റൊരാളെ കൊണ്ട് പാടിക്കാൻ സംവിധായകൻ തയാറാകാതിരുന്നത് കൊണ്ട് മാത്രം ഗായകനായി മാറിയതാണ്. ആ പാട്ടിന് മികച്ച അഭിപ്രായം ലഭിച്ചതോടെ പതുക്കെ പതുക്കെ ആത്മവിശ്വാസം വന്ന് തുടങ്ങി. എന്റെ ശബ്ദം കൊള്ളാമെന്ന് തോന്നി തുടങ്ങി. അതിന് ശേഷമാണ് ഞാൻ ചിട്ടപ്പെടുത്തുന്ന ഗാനങ്ങളും പാടി തുടങ്ങിയത്.

പാടുന്ന ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടെ മറ്റ് സംഗീത സംവിധായകർക്കായി പാടുന്നത് ഉപേക്ഷിക്കണമെന്നും സ്വന്തം ഗാനങ്ങൾ മാത്രം പാടുന്നതാകും നല്ലതെന്നും പലരും ഉപദേശിച്ചു. എന്നാൽ എനിക്ക് മറ്റുള്ളവർക്ക് വേണ്ടി പാടാൻ ഇഷ്ടമാണ്. അങ്ങനെ മാത്രമേ എനിക്ക് മറ്റൊരു സംഗീത സംവിധായകൻ ഒരു ഗാനത്തെ എങ്ങനെ സമീപിക്കുന്നു എന്ന് എനിക്ക് മനസിലാക്കാൻ സാധിക്കൂ . മറ്റുള്ളവർക്കായി പാടുന്നതിനെ ഒരു ലേണിങ് പ്രൊസസ് ആയിട്ട് കൂടിയാണ് കാണുന്നത്. അതിനാൽ തന്നെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാറില്ല. സംഗീത സംവിധാനം മാത്രമാണ് എന്റെ ജോലി. അതിനുള്ള പ്രതിഫലം ഞാൻ വാങ്ങുന്നുണ്ട്. പാടുന്നത് എന്റെ ജോലിയല്ല, പക്ഷേ അത് ഞാൻ ആസ്വദിക്കുന്നുണ്ട്, പഠിപ്പിക്കുന്നുണ്ട്, ഞാൻ ചിട്ടപ്പെടുത്തുന്ന ഗാനങ്ങളിൽ അത്തരം പരിചയസമ്പത്തും എനിക്ക് ഗുണകരമാകുന്നുണ്ട് . അതിനാൽ തന്നെ പണം വാങ്ങി പാടാൻ ആഗ്രഹിക്കുന്നില്ല.

ഒരു വർഷം മൂന്നോ നാലോ ചിത്രങ്ങൾ മാത്രമേ ഇനി മുതൽ ചെയ്യൂവെന്നും അനിരുദ്ധ് പറയുന്നു. കമൽഹാസന്റെ ഇന്ത്യൻ 2, വിജയ് ചിത്രം ലിയോ, തലൈവർ170, തലൈവർ 171 എന്നിവയാണ് അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ

Related Stories

No stories found.
logo
The Fourth
www.thefourthnews.in