'ജയിലര്‍ ഹിറ്റായപ്പോള്‍ രജനിക്ക് ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞ് നിർമാതാവിനെ കാണാന്‍ ചെന്ന ടീം ആര്‍ഡിഎക്സ്

'ജയിലര്‍ ഹിറ്റായപ്പോള്‍ രജനിക്ക് ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞ് നിർമാതാവിനെ കാണാന്‍ ചെന്ന ടീം ആര്‍ഡിഎക്സ്

ആര്‍ഡിഎക്‌സ് നിര്‍മാതാവ് സോഫിയാ പോളിനൊപ്പം നീരജ് മാധവും ഷെയ്‌നുമുള്ള ചിത്രം പങ്കുവച്ചാണ് പോസ്റ്റ്

ആര്‍ഡിഎക്‌സിന്റെ വിജയാഘോഷങ്ങള്‍ക്കിടെ രസകരമായ പോസ്റ്റുമായി താരം ആന്റണി വര്‍ഗീസ്. ജയിലര്‍ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നിര്‍മാതാക്കള്‍ രജനികാന്തിന് ബിഎംഡബ്യുവും സംവിധായകന്‍ നെല്‍സണ് പോര്‍ഷെയും നല്‍കിയതും ബന്ധപ്പെടുത്തിയാണ് ആന്റണിയുടെ പോസ്റ്റ്. ആര്‍ഡിഎക്‌സ് നിര്‍മാതാവ് സോഫിയാ പോളിനൊപ്പം നീരജ് മാധവും ഷെയ്‌നുമുള്ള ചിത്രത്തിനൊപ്പമാണ് രസകരമായ കുറിപ്പും പങ്കുവച്ചിരിക്കുന്നത്

'ജയിലർ സിനിമ ഹിറ്റ് ആയപ്പോള്‍ രജനി സാറിന് ബിഎംഡബ്യു കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാന്‍ ചെന്ന റോബര്‍ട്ടും ഡോണിയും സേവിയുമെന്നാണ് ആന്റണിയുടെ പോസ്റ്റ്. കാറിനെ പറ്റി മിണ്ടാന്‍ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും ഇന്നലെ പറയാന്‍ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാന്‍ വീട്ടിലെ മതില്‍ പൊളിച്ചു ഗേറ്റ് വലുതാക്കാന്‍ തുടങ്ങാണട്ടോ പിന്നെ നഹാസ് പോര്‍ഷ ഓടിക്കാന്‍ പഠിച്ചു തുടങ്ങിയെന്ന കേള്‍ക്കുന്നെ.' എന്നാണ് ആന്റണി വര്‍ഗീസിന്‍റെ പോസ്റ്റ്.

ഓ​ഗസ്റ്റ് 25നാണ് ആർഡിഎക്സ് തീയേറ്ററിലെത്തിയത്. ഒന്‍പത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചുകഴിഞ്ഞു ആര്‍ഡിഎക്സ്. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ 'തകര്‍ത്തടിച്ച' ചിത്രം മികച്ച പ്രേക്ഷക പ്രശംസയോടെ പ്രദർശനം തുടരുകയാണ്. ഏറ്റവും വേ​ഗത്തിൽ ബോക്സ് ഓഫീസിൽ 50 കോടി നേടുന്ന ചിത്രങ്ങളുടെ പട്ടികയിലും ആർഡിഎക്സ് ഇടംപിടിച്ചു കഴിഞ്ഞു.

കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ചമൻ ചാക്കോയാണ് എഡിറ്റർ. മനു മൻജിതിന്റെ വരികൾക്ക് സാം സി എസ് ആണ് സംഗീത സംവിധാനം.

logo
The Fourth
www.thefourthnews.in