മാമച്ചന് ശേഷം  തീപ്പൊരി ബെന്നിയുടെ കഥ പറയാന്‍ ജോജി തോമസ്; അർജുൻ അശോകനും ഫെമിന ജോർജ്ജും പ്രധാന വേഷത്തില്‍

മാമച്ചന് ശേഷം തീപ്പൊരി ബെന്നിയുടെ കഥ പറയാന്‍ ജോജി തോമസ്; അർജുൻ അശോകനും ഫെമിന ജോർജ്ജും പ്രധാന വേഷത്തില്‍

ഈ വർഷം പുറത്തിറങ്ങിയ രോമാഞ്ചം, പ്രണയവിലാസം, തുറമുഖം എന്നീ ചിത്രങ്ങളിലൂടെ അർജുൻ അശോകൻ

പ്രേക്ഷകരെ ചിരിപ്പിച്ചും മനസുകളിൽ പ്രണയം നിറച്ചും വിപ്ലവത്തിന്റെ കനൽ വിതറിയും വെളളിത്തിരയില്‍ വിജയ യാത്ര തുടരുകയാണ് അർജുൻ അശോകൻ. അർജുന്റെ പുതിയ ചിത്രമായ തീപ്പൊരി ബെന്നിയുടെ ചിത്രീകരണം കഴി‌ഞ്ഞ ദിവസം ആരംഭിച്ചു.വെള്ളിമൂങ്ങയെന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ ജോജി തോമസിന്റെ ആദ്യ സംവിധാന സംരംഭമാണ് തീപ്പൊരി ബെന്നി. ജോജിയും രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫെമിന ജോർജാണ് നായിക. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയമായ താരമാണ് ഫെമിന.

മിന്നൽ മുരളിയിൽ ഫെമിനയും ടൊവീനോയും
മിന്നൽ മുരളിയിൽ ഫെമിനയും ടൊവീനോയും

വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ജോജി തോമസ്. ബിജു മേനോൻ്റെ കരിയറിലെ തന്നെ വലിയ ഹിറ്റും ടേണിംഗ് പോയിൻ്റുമായിരുന്നു വെള്ളിമൂങ്ങയിലെ മാമച്ചൻ എന്ന കഥാപാത്രം. മലയാളികളുടെ ഹൃദയങ്ങളെ കീഴടക്കിയ രാഷ്ട്രീയക്കാരനായി ഇരിക്കൂറിലെ മാമച്ചൻ ചിത്രത്തിൽ തിളങ്ങി. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിൽ തന്ത്രശാലിയായ രാഷ്ട്രീയക്കാരൻ മാമച്ചൻ്റെ രാഷ്ട്രീയക്കളികളായിരുന്നു പ്രേക്ഷകർ കണ്ടത്. നാട്ടിൻ പുറത്തുകാരനായ മാമച്ചനെ സൃഷ്ടിച്ച ജോജി തോമസും സംഘവും മറ്റൊരു രാഷ്ട്രീയക്കാരൻ്റെ കഥ പറയുകയാണ് തീപ്പൊരി ബെന്നിയിലൂടെ.

രാജേഷ് മോഹനും ജോജി തോമസും
രാജേഷ് മോഹനും ജോജി തോമസും

ഇരുവരുടെയും ആദ്യ സംവിധാന സംരംഭമാണ് തീപ്പൊരി ബെന്നി. ഇരുവരും ചേർന്ന് ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോൾ മറ്റൊരു രാഷ്ട്രീയ കഥാപാത്രത്തെയാണ് വെള്ളിത്തിരയിൽ ഒരുക്കുന്നത്. വെള്ളിമൂങ്ങയുടെ ലൊക്കേഷനായ തൊടുപുഴയാണ് ഈ ചിത്രത്തിനും പശ്ചാത്തലമാകുന്നത്. വട്ടക്കുട്ടയിൽ ചേട്ടായി എന്ന തീപ്പൊരി രാഷ്ടീയ നേതാവിന്റേയും നിരവധി സ്വപ്നങ്ങളുമായി നടക്കുന്ന മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി ഒരുക്കുന്ന കുടുംബചിത്രമാണ് തീപ്പൊരി ബെന്നി. ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് സംവിധാനം ചെയ്ത മെമ്പർ രമേശൻ 9-ാം വാർഡിലാണ് ഇതിന് മുൻപ് അർജുൻ രാഷ്ട്രീയക്കാരന്റെ വേഷത്തിൽ എത്തിയിരുന്നത്.

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറാണ് ചിത്രം നിർമിക്കുന്നത്. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചാർളി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാണ പങ്കാളിയായിരുന്നു ഷെബിൻ ബക്കർ പ്രൊഡക്ഷൻസ്. ശ്രീരാഗ് സജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അജയ് ഫ്രാൻസിസ് ജോർജ് ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന് സൂരജ് ഇ എസ് ആണ് എഡിറ്റിംഗ് ചെയ്യുന്നത്.

പ്രണയ വിലാസത്തിൽ അർജുനും മമിതയും
പ്രണയ വിലാസത്തിൽ അർജുനും മമിതയും

ഈ വർഷം പുറത്തിറങ്ങിയ രോമാഞ്ചം, പ്രണയവിലാസം, തുറമുഖം എന്നീ ചിത്രങ്ങളിലൂടെ അർജുൻ അശോകൻ പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയിരുന്നു. മൂന്ന് ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. ജിത്തു മാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രോമാഞ്ചത്തിൽ സൈക്കോ കഥാപാത്രമായാണ് അർജുൻ എത്തിയത്. പുതുമുഖ സംവിധായകൻ നിഖിൽ മുരളിയുടെ പ്രണയ വിലാസം കുടുംബ ബന്ധത്തിന്റെയും വ്യത്യസ്ത കാലങ്ങളിലെ പ്രണയത്തിന്റെയും കഥയാണ് പറഞ്ഞത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തിയും അർജുൻ പ്രേക്ഷകരുടെ മനം കവർന്നിരുന്നു.

രോമാഞ്ചത്തിൽ അർജുൻ അശോകൻ
രോമാഞ്ചത്തിൽ അർജുൻ അശോകൻ

അർജുൻ അശോകൻ പ്രധാന കഥാപാത്രമായി അവസാനമെത്തിയത് രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തുറമുഖത്തിലാണ്. നിവിൻ പോളി കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ നിവിനോളം പ്രാധാന്യമുളള വേഷമാണ് അർജുൻ ചെയ്തിരുന്നത്. ചിത്രത്തിൽ നിവിൻ അവതരിപ്പിച്ച മൊയ്ദുവിന്റെ സഹോദരനായെത്തുന്ന ഹംസയായാണ് അർജുൻ എത്തിയത്. ഏറെരാഷ്ട്രീയ പ്രാധാന്യമുളള ചിത്രം നിരവധി നിരൂപക പ്രശംസ പിടിച്ച് പറ്റി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

logo
The Fourth
www.thefourthnews.in