ത്രില്ലടിപ്പിക്കുന്ന ആക്ഷൻ; 'മിഷൻ ചാപ്പ്റ്റർ 1' ടീസർ

ത്രില്ലടിപ്പിക്കുന്ന ആക്ഷൻ; 'മിഷൻ ചാപ്പ്റ്റർ 1' ടീസർ

എമി ജാക്സണും നിമിഷ സജയനും പ്രധാന വേഷത്തിൽ

അരുൺ വിജയ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന തമിഴ് ചിത്രം 'മിഷൻ ചാപ്റ്റർ 1'ന്റെ ടീസർ പുറത്തിറങ്ങി. എഎൽ വിജയ് സംവിധാനം നിർവഹിക്കുന്ന ചിത്രം ഒരുങ്ങുന്നത് പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത്.

മദിരാസിപട്ടണം, ഐ തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധനേടിയ ബ്രിട്ടീഷ് താരം എമി ജാക്സൺ ഒരു ഇടവേളയ്ക്ക് ശേഷം തമിഴിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'മിഷൻ ചാപ്റ്റർ 1.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായിട്ടാണ് ചിത്രം തിയേറ്ററിൽ എത്തുക. ഇന്ത്യൻ 2, പൊന്നിയൻ സെൽവൻ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ശേഷം ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് മിഷൻ ചാപ്റ്റർ 1.

മലയാളി താരം നിമിഷ സജയൻ, ബി ഹാസൻ, ഭരത് ബൊപ്പണ്ണ, ബേബി ഇയാൽ, വിരാജ് എസ്, ജേസൺ ഷാ എന്നിവർ ഉൾപ്പടെ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചെന്നൈയിലെയും ലണ്ടനിലെയും ലൊക്കേഷനുകളിലായി 70 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജി വി പ്രകാശാണ് സിനിമക്ക് സംഗീതം ഒരുക്കുന്നത്. ഒരു ജയിൽ ഗാർഡ് വേഷത്തിലായിരിക്കും എമി എത്തുന്നത്.

സിനിമയ്ക്കായി ചെലവേറിയ ഒരു ജയിൽ സെറ്റ് ചെന്നൈയിലായി നിർമിച്ചിരുന്നു. ലണ്ടൻ ജയിലിനെ ഓർമിപ്പിക്കുന്ന തരത്തിൽ നിർമിച്ചിരുന്ന ഈ സെറ്റിൽ വമ്പൻ ആക്ഷൻ രംഗങ്ങളാണ് സ്റ്റണ്ട് മാസ്റ്റർ സിൽവ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അരുൺ വിജയ്‌ എന്ന താരത്തിന്റെ മറ്റൊരു ഗംഭീര വേഷം തന്നെയാവും 'മിഷൻ ചാപ്റ്റർ 1' ൽ കാണാൻ സാധിക്കുകയെന്നാണ് സൂചന. എം രാജശേഖർ , എസ് സ്വാതി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ, ഓഡിയോ, തിയേറ്റർ റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്ത്‌വിടും. കങ്കണ റണാവത്ത് നായികയായെത്തിയ തലൈവി ആണ് എഎൽ വിജയ് സംവിധാനം ചെയ്ത അവസാന ചിത്രം. ബോർഡർ ആണ് അരുൺ വിജയിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

logo
The Fourth
www.thefourthnews.in