'ഒളിച്ചോടുന്ന' റിവ്യു ബോംബിങ്; യാഥാർഥ്യ ബോധത്തിലേക്ക് 'സിനിമാക്കാർ' എന്നെത്തും?

'ഒളിച്ചോടുന്ന' റിവ്യു ബോംബിങ്; യാഥാർഥ്യ ബോധത്തിലേക്ക് 'സിനിമാക്കാർ' എന്നെത്തും?

ജനുവരിയിൽ അബ്രഹാം ഓസ്ലറും ഫെബ്രുവരിയിൽ പ്രേമലു, ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളും മികച്ച അഭിപ്രായങ്ങളും കളക്ഷനും നേടി പ്രദർശനം തുടരുകയാണ്

ഏതാനും മാസങ്ങൾക്ക് മുമ്പാണ് കേരളത്തിൽ റിവ്യു ബോംബിങ് എന്ന വാക്ക് കേട്ടുതുടങ്ങിയത്. മലയാളത്തിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ നിരൂപണം ചെയ്ത് നശിപ്പിക്കുന്നെന്നും ചിത്രങ്ങൾ പരാജയപ്പെടുന്നതിന്റെ കാരണം സോഷ്യൽ മീഡിയിയിൽ വരുന്ന നിരൂപണങ്ങളാണെന്നുമായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ റിവ്യു ചെയ്ത വ്യക്തികള്‍ക്കെതിരെ സിനിമകളുടെ അണിയറ പ്രവർത്തകർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാൽ, 2024 പിറന്നതോടെ ജനുവരിയിൽ അബ്രഹാം ഓസ്ലറും ഫെബ്രുവരിയിൽ പ്രേമലു, ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളും മികച്ച അഭിപ്രായങ്ങളും കളക്ഷനും നേടി പ്രദർശനം തുടരുകയാണ്. ഒരിടത്ത് പോലും റിവ്യു ബോംബിങ് എന്ന വാക്ക് പോലും കേൾക്കാനില്ല. റിവ്യു ബോംബിങ് എന്ന സംഭവം ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് തുടർച്ചയായി ചിത്രങ്ങൾ വിജയിക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഉത്തരം ഒന്നെയുള്ളു, സിനിമ നല്ലതാണെങ്കിൽ, ഭൂരിപക്ഷം പ്രേക്ഷകരുമായി കണക്ട് ആവുന്നുണ്ടെങ്കിൽ ചിത്രം വിജയിക്കും, അല്ലാത്തവ വിമർശനങ്ങൾ ഏറ്റുവാങ്ങി പുറംതള്ളപ്പെടും.

'ഒളിച്ചോടുന്ന' റിവ്യു ബോംബിങ്; യാഥാർഥ്യ ബോധത്തിലേക്ക് 'സിനിമാക്കാർ' എന്നെത്തും?
മൂന്ന് വർഷത്തിനുള്ളിൽ എന്റെ ഹോളിവുഡ് ചിത്രം എത്തും; ഉറപ്പു നൽകി ആറ്റ്‌ലി

റിവ്യു ബോംബിങ് ആരോപണവും കോടതി ഇടപെടലും

കഴിഞ്ഞ ഒക്ടോബർ മാസമാണ് മോശം റിവ്യു കാരണം തന്റെ സിനിമ പരാജയപ്പെട്ടെന്നും സിനിമയ്ക്ക് മോശം റിവ്യൂ നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് 'റാഹേൽ മകൻ കോര' എന്ന സിനിമയുടെ സംവിധായകൻ ഉബൈനി പരാതി നൽകിയത്. ഉബൈനി ആദ്യം പോലീസിൽ പരാതി നൽകുകയും പിന്നീട് കോടതിയെ സമീപിക്കുകയും ചെയ്തു.

പരാതിയിൽ പോലീസ് കേസെടുത്തു. റിവ്യൂ ബോംബിങ് ആരോപിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസായിരുന്നു ഇത്. സംവിധായകനെ പണം തട്ടണമെന്ന ഉദ്ദേശത്തോടെ ഭീഷണിപ്പെടുത്തിയെന്നും ഇതിനായി ഫേസ്ബുക്ക് യൂട്യൂബ് സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയെന്നുമാണ് പരാതി.

Malayalam Movie Location Still
Malayalam Movie Location Still

സ്നേക്ക് പ്ലാന്റ് എന്ന സിനിമ പ്രമോഷൻ കമ്പനി ഉടമയും സിനിമ പിആർഒയുമായ ഹെയിൻസായിരുന്നു കേസിൽ ഒന്നാം പ്രതി. യൂട്യൂബർമാരായ അശ്വന്ത് കോക്ക്, അരുൺ തരംഗ, ട്രാവലിങ് സോൾ മേറ്റ്സ്. എൻ വി ഫോക്കസ്, ട്രെൻഡ് സെക്ടർ 24x7 എന്നിവർക്കെതിരെയും അനൂപ്അനു6165 എന്ന ഫേസ്ബുക്ക് പ്രൊഫൈലിനും യുട്യൂബ്, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകൾക്കെതിരെയുമായിരുന്നു ഉബൈനി പരാതി നൽകുകയും കേസ് എടുക്കുകയും ചെയ്തത്.

അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമാണ് ഇത്തരം കേസുകളെന്നും സിനിമ നിരൂപണം കാരണമല്ല, സിനിമകൾ മോശമായതാണ് ചിത്രങ്ങളുടെ പരാജയത്തിന് കാരണമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുയരുകയും ചെയ്തിരുന്നു.

ഉബൈനി നൽകിയ കേസിലെ ഒന്നാം പ്രതിയായ ഹെയ്ൻസ് ഭീഷണിപ്പെടുത്തിയെന്നും ചിത്രം റിലീസ് ആയ ശേഷം കേസിലെ മറ്റുപ്രതികൾ മോശം വാക്കുകൾ ഉപയോഗിക്കുകയും നെഗറ്റീവ് റിവ്യു ചെയ്‌തെന്നുമായിരുന്നു പരാതിയിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് റിവ്യു ബോംബിങ് എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്.

തുടർന്ന് കേസ് പരിഗണിച്ച കോടതി ബ്ലാക്മെയിലിങ്ങിനും ബോധപൂർവം സിനിമയെ നശിപ്പിക്കാനും റിവ്യൂ നടത്തുന്നവർക്കെതിരെ സംസ്ഥാന പോലീസ് മേധാവി നടപടി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇതേത്തുടർന്ന്, ഇത്തരം സംഭവങ്ങളിൽ കേസെടുക്കുന്നതിന് ഡി ജി പി തയാറാക്കിയ പ്രോട്ടോകോൾ തയ്യാറാക്കുകയും ചെയ്തിരുന്നു.

'ഒളിച്ചോടുന്ന' റിവ്യു ബോംബിങ്; യാഥാർഥ്യ ബോധത്തിലേക്ക് 'സിനിമാക്കാർ' എന്നെത്തും?
റിവ്യു നിർത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകർ അവർക്ക് ഇഷ്ടമുള്ള സിനിമ കാണുമെന്ന് മമ്മൂട്ടി

ബ്ലാക്ക് മെയിലിങ് അല്ലെങ്കിൽ ക്രിമിനൽ സ്വഭാവമുള്ള പരാതികളിൽ കേസെടുക്കുമെന്നാണ് പ്രോട്ടോക്കോളില്‍ പറഞ്ഞത്, അപകീർത്തിപരമായ റിവ്യൂ വന്നാൽ ബന്ധപ്പെട്ടവർക്ക് മാനനഷ്ടക്കേസ് നൽകാം. ഐ ടി നിയമത്തിന്റെ ലംഘനമുണ്ടായാൽ പോലീസ് കേസെടുക്കും. സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ വിലയിരുത്തുന്നതിന് പോലീസിന് പരിമിതിയുണ്ട്. കേസെടുക്കുമ്പോൾ തന്നെ വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്നും ഡി ജി പി നിർദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെ സിനിമ സംഘടനകൾ യോഗം ചേരുകയും നെഗറ്റീവ് റിവ്യുവിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ റിവ്യു ചെയ്യുന്നതിന് തങ്ങൾ എതിരല്ലെന്നും വ്യക്തി അധിക്ഷേപങ്ങൾക്ക് എതിരെയാണ് തങ്ങൾ നിലപാട് എടുക്കുന്നതെന്നും ഫെഫ്ക്ക ഉള്‍പ്പെടെയുള്ള സംഘടനകൾ വ്യക്തമാക്കുകയും ചെയ്തു.

'ഒളിച്ചോടുന്ന' റിവ്യു ബോംബിങ്; യാഥാർഥ്യ ബോധത്തിലേക്ക് 'സിനിമാക്കാർ' എന്നെത്തും?
ദിലീപിന്റെ ബാന്ദ്രയ്ക്ക് നെഗറ്റീവ് റിവ്യു; അശ്വന്ത് കോക്കും ഷസാമുമടക്കം 7 യൂട്യൂബർമാർക്കെതിരെ ഹർജി

ഇതിനിടെ ദിലീപ് നായകനായ ബാന്ദ്ര എന്ന സിനിമയെ വിമർശിച്ച് ഏഴ് യൂട്യൂബ് നിരൂപകർക്കെതിരെ നിർമാതാവ് കോടതിയെ സമീപിക്കുകയും ചെയ്തു. യൂട്യൂബർമാരായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്‌ളോഗ്‌സ്, ഹിജാസ്, സീക്രട്ട് ഏജന്റ് സായ് കൃഷ്ണൻ, ഷാസ് മുഹമ്മദ്, അർജുൻ എന്നീ ഏഴ് യൂട്യൂബർമാർക്ക് എതിരേയായിരുന്നു ഹർജി. സിനിമ റിലീസ് ചെയ്ത ഉടനെ തന്നെ നെഗറ്റീവ് റിവ്യു നൽകിയെന്നും ഇതുമൂലം കോടികളുടെ നഷ്ടം സംഭവിച്ചെന്നുമായിരുന്നു നിർമാതാവിന്റെ ആരോപണം.

റിവ്യു ബോംബിങ് ആണോ പ്രശ്നം ?

സിനിമകൾ പരാജയപ്പെടുന്നതിനോ വിജയിക്കുന്നതിനോ റിവ്യുകൾ ഒരു പങ്കും വഹിക്കുന്നില്ലെന്ന് നിരൂപകയും മാധ്യമപ്രവർത്തകയുമായ അനുചന്ദ്ര ദ ഫോർത്തിനോട് പറഞ്ഞു. നല്ല കണ്ടന്റുകൾ ഉള്ള നല്ല സിനിമകൾ എപ്പോഴും വിജയിക്കുകയും അല്ലാത്തവ പരാജയപ്പെടുകയും ചെയ്യുമെന്നും അനുചന്ദ്ര പറഞ്ഞു.

''മലയാളത്തിൽ രണ്ട് തരം സംവിധായകരാണ് ഉള്ളത്, ഒന്ന് സംവിധായകൻ എന്ന പേര് ലഭിക്കുന്നതിന് തട്ടികൂട്ട് സിനിമകൾ എടുക്കുന്നവർ, രണ്ട് തന്റെ കണ്ടന്റ് ഏറ്റവും നല്ലതാവണമെന്ന് കരുതുന്ന അതിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സംവിധായകർ. ഇതിൽ ആദ്യം പറഞ്ഞ സംവിധായകരുടെ സിനിമകളാണ് പലപ്പോഴും തീയേറ്ററിൽ പരാജയമാകുന്നത്, രണ്ടാമത്തെ കൂട്ടരുടെ മിക്ക സിനിമകളും തീയേറ്ററുകളിൽ വിജയിക്കുകയോ നല്ല അഭിപ്രായങ്ങൾ നേടുകയോ ചെയ്യാറുണ്ട്. അടിസ്ഥാനപരമായി തങ്ങളുടെ സിനിമ ഏത് പ്രേക്ഷകന് ഉള്ളതാണ്, ഏത് തരത്തിലുള്ളതാണ് എന്ന സംവിധായകർക്ക് ബോധ്യമുണ്ടാവുകയും അതിന് അനുസരിച്ച് തയ്യാറാക്കുകയുമാണ് വേണ്ടത്,'' എന്നും അനുചന്ദ്ര ദ ഫോർത്തിനോട് പറഞ്ഞു.

അനുചന്ദ്ര
അനുചന്ദ്ര

സിനിമകൾ പരാജയപ്പെടുമ്പോൾ അത് എന്തുകൊണ്ടാണെന്ന് വിലയിരുത്തുന്നതിന് പകരം ഏറ്റവും എളുപ്പത്തിൽ സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നവരുടെ തലയിലേക്ക് ഇടാനാണ് പലപ്പോഴും പല സിനിമാക്കാരും ശ്രമിക്കുന്നതെന്ന് മാധ്യമപ്രവർത്തകയും സിനിമ നിരൂപകയുമായ അന്ന കീർത്തി ജോർജ് പറഞ്ഞു. ''സിനിമകൾ നിരൂപണം കാരണം പരാജയമാവുകയാണെങ്കിൽ നിലവിൽ ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ പരാജയമാകണം. രണ്ട് മാസങ്ങൾക്ക് മുമ്പ് സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ നിരൂപകർ എങ്ങനെയാണോ പറഞ്ഞത് അതേപോലെ തന്നെയാണ് ഇപ്പോഴും പറയുന്നത്. അവർക്ക് കണക്ട് ആയതും കണക്ട് ആവാത്തതുമായ സിനിമകൾ ഉണ്ട്. അത് എന്തുകൊണ്ടാണെന്നും പറയുന്നുണ്ട്,'' എന്നും അന്ന കീർത്തി ജോർജ് പറഞ്ഞു.

എന്തുകൊണ്ടാണ് ഇപ്പോൾ ചിത്രങ്ങൾ വിജയിക്കുന്നത് ?

കോവിഡ് കാരണവും ഒടിടി റിലീസുകൾ വ്യാപിച്ചതും തീയേറ്ററുകളിൽ നിന്ന് പ്രേക്ഷകർ മാറി നിൽക്കുന്നതിന് കാരണമായി എന്നായിരുന്നു പൊതുവെ പറയപ്പെട്ടിരുന്നത്. 2023ൽ പല ചിത്രങ്ങളുടെയും പരാജയകാരണമായി പറഞ്ഞതും ഇക്കാര്യങ്ങളായിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് മലയാളത്തിൽ തുടർച്ചയായി ഉണ്ടാവുന്ന ഹിറ്റുകൾ.

2024ന്റെ ആദ്യ രണ്ട് മാസങ്ങൾ പിന്നിടുമ്പോൾ 5 സിനിമകൾ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. അബ്രഹാം ഓസ്‌ലർ, അന്വേഷിപ്പിൻ കണ്ടെത്തും, ഭ്രമയുഗം, പ്രേമലു, ഏറ്റവുമൊടുവിൽ മഞ്ഞുമ്മൽ ബോയ്‌സ്. കോവിഡും ഒടിടിയുമല്ല തീയേറ്ററുകളിൽ നിന്ന് പ്രേക്ഷകനെ അകറ്റിയതെന്ന് ഈ വിജയങ്ങൾ തെളിയിക്കുന്നുണ്ട്.

തീയേറ്ററുകളിലെ ഈ വിജയങ്ങൾക്ക് മറ്റൊരു കാരണം കൂടിയുണ്ടെന്ന് അന്ന കീർത്തി ജോർജ് അഭിപ്രായപ്പെട്ടു. ''അജുവർഗീസ്, ബേസിൽ ജോസഫ് പോലുള്ള താരങ്ങൾ മുമ്പെ തന്നെ പറഞ്ഞ ഒരു കാര്യമാണിത്. കോവിഡിന് പിന്നാലെ ഒടിടി സിനിമകളുടെ ഒരു സാധ്യത മനസിലാക്കി വ്യാപകമായി അത്തരം സിനിമകൾ നിർമിക്കപ്പെട്ടു. ഇതിനുപുറമെ കോവിഡ് കാരണം റിലീസും നിർമാണവും പാതി വഴിയിലാവുകയും ചെയ്ത നിരവധി സിനിമകളും ഉണ്ടായിരുന്നു. ഈ ചിത്രങ്ങളിൽ ഭൂരിപക്ഷത്തിനും ഒടിടി ഡീൽ നടക്കാതെ ആയതോടെ തീയേറ്ററുകളിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്തിരുന്നു. വ്യാപകമായി ഇത്തരം സിനിമകൾ റിലീസ് ചെയ്തതോടെയാണ് തീയേറ്ററുകളിൽ നിന്ന് പ്രേക്ഷകർ മാറി നിന്നത്, ഇപ്പോൾ അത്തരം സിനിമകളുടെ സ്റ്റോക്കുകൾ തീരുകയും പുതിയ സിനിമകൾ അതും തീയേറ്റർ വാച്ച് ഡിമാന്റ് ചെയ്യുന്ന ചിത്രങ്ങൾ ഉണ്ടാവുകയും ചെയ്തു,'' അന്ന കീർത്തി കൂട്ടിച്ചേർത്തു.

തീയേറ്ററുകളിൽ ഇപ്പോൾ വിജയിക്കുന്ന ചിത്രങ്ങൾ നോക്കിയാൽ നാല് ചിത്രങ്ങളും നാല് ഴോണറുകളാണ്. ഏതെങ്കിലും പ്രത്യേക ഴോണറിൽ എടുത്താൽ മാത്രമേ ചിത്രങ്ങൾ വിജയിക്കുകയുള്ളുവെന്നുള്ള വാദത്തിനെയും ഈ വിജയങ്ങൾ പൊളിക്കുന്നുണ്ട്.

'ഒളിച്ചോടുന്ന' റിവ്യു ബോംബിങ്; യാഥാർഥ്യ ബോധത്തിലേക്ക് 'സിനിമാക്കാർ' എന്നെത്തും?
തുടര്‍ഹിറ്റുകള്‍ക്കിടയില്‍ രസംകൊല്ലിയായി സമരം; നാളെ മുതൽ 'സഹകരിക്കാത്ത' സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തീയേറ്റർ ഉടമകൾ

ചിത്രങ്ങൾ വിജയം, രസംകൊല്ലിയായി തീയേറ്റർ സമരം

മുമ്പ് നെഗറ്റീവ് റിവ്യുകൾ സിനിമയെ കൊല്ലുന്നുവെന്നും മലയാള സിനിമ നശിക്കുന്നെന്നും പല സിനിമ സംഘടനകളും ആരോപിച്ചിരുന്നു. തന്റെ സിനിമ റിവ്യു ചെയ്യുന്നതിനെതിരെ ഒരു സംവിധായകൻ കോടതിയിൽ സമീപിക്കുകയും ചെയ്തിരുന്നു. അന്ന് ആ സിനിമ റിവ്യു ചെയ്യുന്നതിന് താൽക്കാലിക വിലക്ക് കോടതി ഏർപ്പെടുത്തിയപ്പോൾ സിനിമ റിവ്യുവിന് തന്നെ കോടതി വിലക്ക് ഏർപ്പെടുത്തി എന്ന തരത്തിലായിരുന്നു സിനിമ പ്രവർത്തകരിൽ പലരും പ്രചരിപ്പിച്ചത്.

ഇപ്പോൾ സിനിമകൾ തീയേറ്ററുകളിൽ വിജയം നേടുമ്പോൾ മുമ്പ് മലയാള സിനിമ നശിക്കുന്നുവെന്ന് വിലപിച്ചവർ തന്നെ സമരവുമായി എത്തുകയാണ് എന്നതാണ് വിരോധാഭാസം. ഫെബ്രുവരി 23 മുതൽ തീയേറ്ററുകളിൽ പുതിയ മലയാള സിനിമ റിലീസ് ചെയ്യില്ലെന്ന തീരുമാനത്തിലാണ് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. എന്നാൽ ഫിയോക്കിന്റെ തീരുമാനത്തിനെതിരെ സിനിമയിലെ മറ്റു സംഘടനകൾ ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്.

തുടർന്ന് ആദ്യം മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഫിയോക്ക് സംഘടനയുമായി സഹകരിക്കാത്ത മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മലയാള സിനിമകൾക്കായി പ്രേക്ഷകർ തീയേറ്ററുകളിലേക്ക് ഒഴുകി എത്തുമ്പോൾ തന്നെ ഇത്തരത്തിൽ ഒരു സമരം വേണ്ടിയിരുന്നോ എന്നാണ് സിനിമ രംഗത്ത് ഉള്ളവർ തന്നെ ചോദിക്കുന്നത്.

logo
The Fourth
www.thefourthnews.in