‘നമുക്കിത് സീരിയസായി എടുത്താലോ?'; ഭരതൻ-ലളിത ദമ്പതികളുടെ ത്രില്ലർ പ്രണയകഥ

‘നമുക്കിത് സീരിയസായി എടുത്താലോ?'; ഭരതൻ-ലളിത ദമ്പതികളുടെ ത്രില്ലർ പ്രണയകഥ

ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലെത്തിയ ലളിതയെ തേടി ഭരതൻ എത്തി. അന്നാണ് ലളിതയോട് ചോദിക്കുന്നത്, ‘നമുക്കിത് സീരിയസായി എടുത്താലോ?'. ഭരതന്റെ പിറന്നാൾ ദിനത്തിൽ ഓർത്തെടുക്കാൻ മികച്ചൊരു റൊമാന്റിക് ത്രില്ലർ കഥ.

‘നമുക്കിത് സീരിയസായി എടുക്കാം’ ഭരതൻ ലളിതയോടുപറഞ്ഞ പ്രൊപോസൽ വാചകം ഇതായിരുന്നു. സിനിമാക്കഥകളെ വെല്ലുന്ന സംഭവബഹുലമായൊരു താരവിവാഹമായിരുന്നു സംവിധായകൻ ഭരതന്റേയും കെ പി എ സി ലളിതയുടേയും. രണ്ടുതവണ താലികെട്ടും രണ്ടുതവണ കല്യാണവും. 1978 മേയ് 21നു കല്യാണനിശ്ചയവും, 22ന് ആദ്യത്തെ താലികെട്ടും നടന്നു, 23ന് റജിസ്ട്രേഷൻ, 26ന് പിന്നെയും പെണ്ണുകാണൽ, ജൂൺ 2ന് പിന്നെയും താലികെട്ടും കല്യാണവും. ഒരുപാട് എതിർപ്പുകളും ഒളിച്ചോട്ടവും രജിസ്റ്റർ മാര്യേജും എല്ലാം ചേർന്ന സസ്പൻസ് നിറഞ്ഞൊരു റൊമാന്റിക് പ്രണയകഥയ്ക്ക് പോന്ന വകുപ്പുണ്ടായിരുന്നു ഇവരുടെ കല്യാണത്തിന്. ഭരതന്റെ പിറന്നാൾ ദിനത്തിൽ ഓർത്തെടുക്കാൻ മികച്ചൊരു റൊമാന്റിക് ത്രില്ലർ കഥ.

ഭരതന്റെ മറ്റൊരു പ്രണയത്തിന്റെ മീഡിയേറ്ററായിരുന്നു ആദ്യ നാളുകളിൽ ലളിത. നടി ശ്രീവിദ്യയായിരുന്നു ഭരതന്റെ പ്രണയിനി. ശ്രീവിദ്യയെ ഫോൺ ചെയ്യാൻ വേണ്ടി ചെന്നൈയിൽ താമസിക്കുന്ന ഭരതൻ, ലളിത താമസിക്കുന്ന സ്വാമിയാർ മഠത്തിലെ വീട്ടിൽ ചെല്ലുമായിരുന്നു. ശ്രീവിദ്യ താമസിച്ചിരുന്നിടത്ത് പെണ്ണുങ്ങൾ വിളിച്ചാലേ ഫോൺ കൊടുക്കൂ. ലളിതയെ കൊണ്ട് വിളിപ്പിച്ച് ശ്രീവിദ്യയോട് സംസാരിക്കുമായിരുന്നു ഭരതൻ.

അന്ന് ഭരതൻ മലയാളസിനിമയിൽ പല ഏരിയയിലായി തിരക്കിലാണ്. ‘പ്രയാണം’ സംവിധാനം ചെയ്തശേഷം ചെറിയൊരു ബ്രേക്ക് കഴിഞ്ഞ് ഭരതൻ കലാസംവിധായകനായി തിരിച്ചുവന്ന സമയമായിരുന്നു. അന്ന് ലളിതയ്ക്ക് ഭരതനോട് പ്രണയമോ, ശ്രീവിദ്യയോട് അസൂയയോ ഒന്നും തന്നെയില്ലായിരുന്നു, മറിച്ചൊരു കൗതുകമുണ്ടായിരുന്നു. ആ കൗതുകത്തിന്റെ പുറത്ത് ഇടയ്ക്കൊക്കെ ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിലെ പുതിയ പുതിയ വിശേഷങ്ങൾ ലളിതയും ജയഭാരതിയും ചേർന്ന് അറിയാൻ ശ്രമിക്കുമായിരുന്നു.

ഇവരുടെ പ്രണയം പക്ഷെ അധികകാലം മുന്നോട്ട് പോയില്ല. ‘രാജഹംസ’ത്തിന്റെ ഷൂട്ടിങ്ങിനിടയിൽ എന്തോ കാര്യം പറഞ്ഞ് ഭരതനും ശ്രീവിദ്യയും തമ്മിൽ പിണങ്ങി. അതിന് ശേഷമാണ് ലളിതയും ഭരതനും തമ്മിലുളള അടുപ്പം പതിയെ പ്രണയമാവുന്നത്.

‘രതിനിർവേദ’ത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലെത്തിയ ലളിതയെ തേടി ഭരതൻ എത്തി. അന്നാണ് ഭരതൻ ലളിതയോട് ചോദിക്കുന്നത്, ‘നമുക്കിത് സീരിയസായി എടുത്താലോ എന്ന്’. ലളിതയ്ക്കു സമ്മതമാണെങ്കിലും ഗുരുസ്ഥാനത്തുള്ള തോപ്പിൽഭാസിയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യില്ലെന്നായിരുന്നു ലളിതയുടെ മറുപടി.

തോപ്പിൽഭാസിക്ക് എതിർപ്പൊന്നുമുണ്ടായില്ല, പക്ഷേ, കാര്യമറിഞ്ഞപ്പോൾ ഭരതന്റെ മാതാപിതാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. അവർ വടക്കാഞ്ചേരിയിൽനിന്നു നേരേ മകനെ തേടി ചെന്നൈയിലേക്ക് ചെന്നു. ഭരതൻ എത്ര പറഞ്ഞിട്ടും അവർ ലളിതയുമായുളള വിവാഹത്തോട് എതിർത്തുതന്നെ നിന്നു. മാതാപിതാക്കളെ എതിർക്കാനുളള ധൈര്യം അന്ന് ഭരതനുമുണ്ടായില്ല. വിവാഹം എന്തായാലും നടക്കില്ല, ഞാൻ വേറെ കല്യാണം കഴിക്കില്ല. നമുക്കിങ്ങനെ കഴിയാമെന്നായി ഭരതൻ.

ആത്മഹത്യ ചെയ്താലോ എന്ന് വരെ ലളിതയ്ക്ക് തോന്നിയ സമയമായിരുന്നു അത്. സമാധാനിപ്പിക്കാനായി ഭരതൻ ലളിതയുടെ നെറ്റിയിലൊരു വലിയ വട്ടപ്പൊട്ടു തൊട്ടുകൊടുത്തു. എടുത്തുചാടി ഒന്നും ചെയ്യരുത്, കുറേക്കാലം നല്ല സുഹൃത്തുക്കളായി കഴിയാം, അപ്പോഴേക്കും എല്ലാം ശരിയാകും, ഇങ്ങനെ സമാധാനിപ്പിച്ച് ഭരതൻ ലളിതയെ അന്ന് പറഞ്ഞയച്ചു.

കുറച്ചുനാളുകൾ കഴിഞ്ഞ് പുളിമൂട്ടിലെ നികുഞ്ജം ഹോട്ടലിൽ ഭരതനും, പത്മരാജനും ചില സുഹൃത്തുക്കളും ഒത്തുകൂടി. ഇനി ഈ വിവാഹം വച്ചുനീട്ടേണ്ടതില്ലെന്ന് അവരവിടെ വെച്ചങ്ങ് തീരുമാനിച്ചു. മാതാപിതാക്കൾക്ക് എതിർപ്പാണെങ്കിലും കാര്യത്തിൽ ഒരു തീരുമാനമായതോടെ, 1978 മേയ് 21ന് മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ ലളിതയെ ഭരതൻ ആളെ വിട്ടു വിളിപ്പിച്ചു.

ലളിതയോട് കാര്യം പറഞ്ഞു. പിറ്റേന്നു തന്നെ കല്യാണം നടത്താനായിരുന്നു ഇവരുടെ തീരുമാനം. രഹസ്യം ചോരാതിരിക്കാൻ തക്കലയ്ക്കടുത്തുളള കുമരൻകോവിലായിരുന്നു കല്യാണത്തിനായി തിരഞ്ഞെടുത്തത്. നികുഞ്ജം കൃഷ്ണൻനായരുടെ കാറിലായിരുന്നു യാത്ര. മുൻകൂട്ടി അപേക്ഷ നൽകാഞ്ഞതിനാൽ അമ്പലത്തിനു പുറത്തുവച്ചായിരുന്നു കല്യാണം. പിറ്റേന്നുതന്നെ വിവാഹം രജിസ്റ്റർ ചെയ്യണം. രഹസ്യമായി രജിസ്ട്രാറെ വീട്ടിൽവരുത്താൻ തീരുമാനിച്ചു. ഈ സമയം ലളിത ഒരു സിനിമാഷൂട്ടിങ്ങിലാണ്, സംവിധായകന്റെ അനുമതിയില്ലാതെ സെറ്റിൽനിന്നു പോകാൻ പറ്റില്ല. ഒടുവിൽ കാര്യങ്ങളെല്ലാം സംവിധായകൻ ശശികുമാറിനോടു ലളിത തുറന്നുപറഞ്ഞു. അദ്ദേഹത്തിന് സന്തോഷം, മടങ്ങിവരുമ്പോൾ ഭരതനെ കൂടെ കൂട്ടണമെന്നും പറഞ്ഞ് ലളിതയെ അനുഗ്രഹിച്ചുവിട്ടു.

ചടങ്ങൊക്കെ കഴിഞ്ഞ് രാത്രി എത്തിയപ്പോഴേക്കും ഷൂട്ടിങ് നിർത്തിവച്ച് സെറ്റ് മുഴുവൻ ഭരതൻ ലളിത ദമ്പതികളുടെ കല്യാണം വലിയ ആഘോഷമാക്കുകയായിരുന്നു. പിറ്റേന്നു നിലമ്പൂരിലേക്കു ഷൂട്ടിങ്ങിനു പുറപ്പെടുമ്പോൾ ട്രെയിനിൽ ഭരതനും കയറി. വീട്ടിൽ വിവരം അറിയിക്കാനായി അദ്ദേഹം ഷൊർണൂരിൽ ഇറങ്ങി. പക്ഷെ ഭരതൻ പറയേണ്ടിവന്നില്ല, അന്നത്തെ പത്രങ്ങളിലെ വാർത്തയും ഫോട്ടോകളും കണ്ട് വിട്ടിലെല്ലാവരും കലിതുള്ളിയിരിക്കുകയായിരുന്നു. പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ, കഴിഞ്ഞത് കഴിഞ്ഞു. നാടുമൊത്തം അറിയുകയും ചെയ്തു. ഒരുവിധത്തിൽ ഭരതൻ, അച്ഛനെ പറഞ്ഞ് സമാധാനിപ്പിച്ചു. അങ്ങനെ വീണ്ടുമൊരു ഔദ്യോ​ഗിക പെണ്ണുകാണലും ആളുകൂടിയൊരു വിവാഹാഘോഷവും, ജൂൺ 2ന് ഗുരുവായൂരിൽവച്ച് പിന്നെയുമൊരു താലികെട്ടും.

logo
The Fourth
www.thefourthnews.in