പി ഭാസ്‌കരന്‍: പൂനിലാവും പിന്നെ ഒരു വിഷാദഗാനവും

പി ഭാസ്‌കരന്‍: പൂനിലാവും പിന്നെ ഒരു വിഷാദഗാനവും

സിനിമാരംഗത്തെ സ്പന്ദനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന, പ്രതികരിക്കുന്ന സജീവത പി ഭാസ്‌കരന്‍ എന്നും നിലനിര്‍ത്തിയിട്ടുണ്ട്

മലയാള സിനിമാചരിത്രത്തില്‍ വലിയൊരധ്യായം സ്വന്തമാക്കിയ പി ഭാസ്‌കരന്‍ മാസ്റ്ററുടെ ജന്മശതാബ്ദി കേരളത്തിനകത്തും പുറത്തും ആഘോഷിക്കപ്പെടുന്നു. കവി, ഗാനരചയിതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ പി ഭാസ്‌കരന്‍ ആദ്യമായി സംവിധാനം ചെയ്തത് രാമു കാര്യാട്ടുമായി ചേര്‍ന്ന് 'നീലക്കുയില്‍' എന്ന പടമാണ്. മലയാള സിനിമാചരിത്രത്തില്‍ ഇടംപിടിച്ച 'നീലക്കുയില്‍' നാഷണല്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടി. പിന്നീട് സ്വതന്ത്ര സംവിധായകനായി അദ്ദേഹം അറുപതുകള്‍ മുതല്‍ എൺപതുകള്‍ വരെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. ആദ്യകാല ഹിറ്റ്മേക്കര്‍മാരില്‍ ഒരാളായിരുന്നു ഭാസ്‌കരന്‍ മാസ്റ്റര്‍. 'ഭാഗ്യജാതകം', 'ലക്ഷപ്രഭു' തുടങ്ങിയവ വന്‍ വിജയം നേടിയ പടങ്ങളാണ്.

പി ഭാസ്‌കരന്‍: പൂനിലാവും പിന്നെ ഒരു വിഷാദഗാനവും
'നഗരം നഗരം മഹാസാഗരം'; ജീവിതവീക്ഷണം പകര്‍ത്തിയെഴുതിയ ഭാസ്‌കരന്‍ മാഷ്

''കരയുന്നോ പുഴ ചിരിക്കുന്നോ'', ''കണ്ണീരുമൊലിപ്പിച്ച് കൈവഴികള്‍ പിരിയുമ്പോള്‍ കരയുന്നോ പുഴ ചിരിക്കുന്നോ'', ''താമസമെന്തേ വരുവാന്‍'' തുടങ്ങിയ നിത്യഹരിതഗാനങ്ങള്‍ പി ഭാസ്‌കരന്റേതായിട്ടുണ്ട്. ''നീ മധുപകരൂ മലര്‍ചൊരിയൂ അനുരാഗപൗര്‍ണമിയേ'', ''മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി മധുമാസചന്ദ്രിക വന്നു''' തുടങ്ങിയ ലാവണ്യത്തിന്റെ പൂനിലാവു പോലെയുള്ള ഗാനങ്ങളും അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് ജന്മംകൊണ്ടിരുന്നു.

പ്രകൃതിയെക്കുറിച്ച്, പ്രകൃതിവര്‍ണനകളായി ഏറെ ഗാനങ്ങള്‍ രചിച്ച ഗാനരചയിതാവാണ് പി ഭാസ്‌കരന്‍. കേരളത്തനിമയാണ് അദ്ദേഹത്തിന്റെ ഗാനങ്ങളുടെ സവിശേഷത. ''നാവൂരി പാലുകൊണ്ട് നാടാകെ കല്യാണം, നാലഞ്ചു തുമ്പകൊണ്ട് മാനത്തൊരു പൊന്നോണം,'' എന്ന ഗാനത്തില്‍ തുളുമ്പുന്നത് മലയാളത്തനിമ തന്നെ

പി ഭാസ്‌കരനെ ആദ്യം കാണുന്നത് അദ്ദേഹം സംവിധാനം ചെയ്ത 'ഉമ്മാച്ചു' എന്ന പടത്തിന്റെ ചിത്രീകരണം പൊന്നാനിയിലും പരിസരത്തുമായി നടന്നപ്പോഴായിരുന്നു. തവനൂരിലെ ഒരു വലിയ തറവാടായിരുന്നു ഒരു ലൊക്കേഷന്‍. ഒരുനാള്‍ സന്ധ്യക്കു മുന്‍പ് പാക്കപ്പിനുശേഷം അദ്ദേഹം ഭാരതപ്പുഴ നോക്കിനില്‍ക്കുന്ന അവസരത്തിലാണ് ഞങ്ങള്‍ അദ്ദേഹത്തെ സമീപിച്ചത്. കയ്യില്‍ പുസ്തകങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിദ്യാര്‍ത്ഥികളാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.

''ഇന്നലെയും നിങ്ങളെ കണ്ടല്ലോ?

അതെ ഞങ്ങളുണ്ടായിരുന്നു.

ഇങ്ങനെ ക്ലാസ്സ് മുടക്കി നടക്കരുത്.

ഇത് ഞങ്ങള്‍ക്ക് കിട്ടിയ അപൂര്‍വ അവസരമാണ്. ഞങ്ങള്‍ ആദ്യമായാണ് ഒരു ഫിലിം ഷൂട്ട് കാണുന്നത്.

ഫിലിം ഷൂട്ടിങ്ങ് കാണുന്നത് വിരസമാണ്.

നടീനടന്മാരെ ആദ്യമായി നേരില്‍ കാണാന്‍ കഴിഞ്ഞു.

റെഗുലറായി സിനിമ കാണാറുണ്ടോ?

ഉണ്ട്.

ആരുടെ സിനിമയാണ് കാണാറ്?''

എം.ജി.ആര്‍. മുതല്‍ പ്രേംനസീര്‍വരെ പല പേരുകള്‍ പറഞ്ഞതുകേട്ട് അദ്ദേഹത്തിന്റെ ചുണ്ടില്‍ ഒരു മൃദുമന്ദഹാസം വിരിഞ്ഞു.

ഞങ്ങളിലാരോ ചോദിച്ചു: ''സാറിന്റെ സ്വന്തം സ്ഥലം?

കൊടുങ്ങല്ലൂര്‍

ക്ഷേത്രത്തിനടുത്താണോ?

ഏകദേശം.

ക്ഷേത്രത്തില്‍ വന്നിട്ടുണ്ട്.''

പി ഭാസ്‌കരന്‍ വീണ്ടും പുഴയിലേക്കു കണ്ണോടിച്ചുനിന്നു. വിശാലമായ ഭാരതപ്പുഴ ഒരു വളവുതിരിഞ്ഞാല്‍ പിന്നെ അറബിക്കടലില്‍ ചേരുകയായി. ദൂരെ നിളയിലെ കുഞ്ഞോളങ്ങള്‍ നോക്കിനില്‍ക്കുന്ന കവിമനസ്സില്‍ പുതിയ ഗാനമോ കവിതയോ ആകാം.

പി ഭാസ്‌കരന്‍: പൂനിലാവും പിന്നെ ഒരു വിഷാദഗാനവും
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അരനൂറ്റാണ്ടിന്റെ അലയൊലികള്‍

പ്രകൃതിയെക്കുറിച്ച്, പ്രകൃതിവര്‍ണനകളായി ഏറെ ഗാനങ്ങള്‍ രചിച്ച ഗാനരചയിതാവാണ് പി ഭാസ്‌കരന്‍. കേരളത്തനിമയാണ് അദ്ദേഹത്തിന്റെ ഗാനങ്ങളുടെ സവിശേഷത. ''നാവൂരി പാലുകൊണ്ട് നാടാകെ കല്യാണം, നാലഞ്ചു തുമ്പകൊണ്ട് മാനത്തൊരു പൊന്നോണം,'' എന്ന ഗാനത്തില്‍ തുളുമ്പുന്നത് മലയാളത്തനിമ തന്നെ. അങ്ങനെ എത്രയെത്ര ഗാനങ്ങള്‍. ഹിന്ദിയില്‍ നിന്നെത്തിയ ഉഷ ഖന്ന സംഗീതം പകര്‍ന്ന ''നീ മധുപകരൂ മലര്‍ചൊരിയൂ അനുരാഗപൗര്‍ണമിയേ നീ മായല്ലേ മറയല്ലേ നീലനിലാവൊളിയേ'' തുടങ്ങിയവ എക്കാലത്തെയും മികച്ച ഗാനങ്ങളില്‍ ഉള്‍പ്പെടുന്നു.

''എന്റെ സ്വപ്നത്തില്‍ താമരപ്പൊയ്കയില്‍ വന്നിറങ്ങിയ വനമോഹിനി'', ''വൃശ്ചികപ്പൂനിലാവേ പിച്ചകപ്പൂനിലാവേ മച്ചിന്റെ മോളിലിരുന്നൊളിച്ചുനോക്കാന്‍ ലജ്ജയില്ലേ നിനക്കു ലജ്ജയില്ലേ'', ''എന്റെ മാറത്തുമയങ്ങുമീ മഞ്ജുളാംഗിയേ അരുതേ അരുതേ നോക്കരുതേ''... പൂക്കളും പൂനിലാവും നിറഞ്ഞുനില്‍ക്കുന്നവയാണ് ഭാസ്‌കരന്റെ ഗാനങ്ങള്‍. ഒരു ഗാനം കേള്‍ക്കുമ്പോള്‍തന്നെ അതെഴുതിയത് ആരാണെന്ന് തിരിച്ചറിയാനാവുന്നവിധം അനന്യത ആ ഗാനങ്ങള്‍ക്കുണ്ട്.

പി ഭാസ്‌കരന്‍: പൂനിലാവും പിന്നെ ഒരു വിഷാദഗാനവും
പൂവച്ചല്‍ ഖാദറിന്റെ 'കുഞ്ചിരാമന്‍' മുതല്‍ റഫീഖ് അഹമ്മദിന്റെ 'നേതാവ്' വരെ; രാഷ്ട്രീയക്കാരെ കുത്തിനോവിച്ച മലയാള ഗാനങ്ങള്‍

മദ്രാസിലെ സിനിമാജീവിതം അവസാനിപ്പിച്ച് അദ്ദേഹം കേരളത്തിലെത്തിയശേഷം കേരള ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചിരുന്നു. യാദൃശ്ചികമായി ഒരിക്കല്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍വെച്ച് കണ്ടപ്പോള്‍ നടത്തിയ കുശലപ്രശ്നത്തിനിടയില്‍ ചോദിച്ചു: ''പുതിയ സിനിമയൊന്നും ചെയ്യുന്നില്ലേ?''

''ഇല്ല, ഇനി സംവിധാനം ഒന്നുമില്ല, ഗാനങ്ങള്‍ മാത്രം. അതും അപൂര്‍വം!''

സിനിമാചിത്രീകരണം മദ്രാസില്‍നിന്ന് കേരളത്തിലെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:''ശുഭോതര്‍ക്കം തന്നെ. നമ്മുടെ സിനിമയുടെ ചിത്രീകരണവും മറ്റു പ്രവര്‍ത്തനങ്ങളും ഇവിടെതന്നെയാണ് നടക്കേണ്ടത്.''

സിനിമാരംഗത്തെ സ്പന്ദനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന, പ്രതികരിക്കുന്ന സജീവത പി ഭാസ്‌കരന്‍ എന്നും നിലനിര്‍ത്തിയിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത 'വിലയ്ക്കുവാങ്ങിയ വീണ'യില്‍ ഉയരങ്ങള്‍ കീഴടക്കിയ ഗായകന്റെ പതനമാണ് പകര്‍ത്തുന്നത്. ''സാക്ഷാല്‍ നാദബ്രഹ്‌മത്തിന്‍ സാഗരം നീന്തിവരും'' എന്ന ചിന്തോദീപകമായ ഗാനം ഇതിലേതാണ്.

പി ഭാസ്‌കരന്‍: പൂനിലാവും പിന്നെ ഒരു വിഷാദഗാനവും
അരുണയും അപർണയും

പിന്നീട് കൊടുങ്ങല്ലൂരിലേക്കു മടങ്ങിയ അദ്ദേഹം ഏകാന്തജീവിതം നയിക്കുയായിരുന്നു. അസുഖവുമായി ഒതുങ്ങിക്കഴിയുന്ന അദ്ദേഹത്തെ സന്ദര്‍ശിച്ച അനുഭവം ഗാനനിരൂപകനും പാട്ടെഴുത്തുകാരനുമായ രവി മേനോന്‍ പറഞ്ഞതോര്‍ക്കുന്നു. അല്‍ഷിമേഴ്സിന്റെ പിടിയിലായ ആ മഹാപ്രതിഭ അദ്ദേഹം തന്നെ

എഴുതിയ ഗാനം കേട്ടശേഷം പറഞ്ഞു:''നല്ല പാട്ട്. ഇതാര് എഴുതിയതാണ്?''

രവിമേനോന് സ്തബ്ധനായി ഇരിക്കാനേ കഴിഞ്ഞുള്ളൂ. മുറപ്പെണ്ണില്‍ ''മറവിതന്‍ മാറിടത്തില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓര്‍മകള്‍ ഓടിയെത്തി ഉണര്‍ത്തിടുന്നു,'' എന്നെഴുതിയ കവി സ്വയം അന്യനായി മാറിയ അവസ്ഥ. അത് വിധിയുടെ തിരക്കഥയിലുള്ളതായിരിക്കാം. അങ്ങനെ ഒരു വിഷാദഗാനമായി അദ്ദേഹവും തിരോധാനം ചെയ്തു.

logo
The Fourth
www.thefourthnews.in